അർജന്റീനയും ഉറുഗ്വായും ലോകകപ്പിന് ആയി ഖത്തറിൽ എത്തിയത് 900 കിലോ വീതം ബീഫുമായി!

ലോകകപ്പിന് ആയി ഖത്തറിൽ എത്തിയ അർജന്റീന, ഉറുഗ്വായ് ടീമുകൾ ഒപ്പം കൊണ്ടു വന്നത് 2000 പൗണ്ട് അഥവ 900 കിലോഗ്രാം ബീഫ്‌. ഇരു ടീമുകളും 900 കിലോഗ്രാം ബീഫ് ആണ് ഖത്തറിലേക്ക് കൊണ്ടു വന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ബീഫ് തീറ്റക്കാർ ആണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. ലോകത്ത് ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ബീഫ് കഴിക്കുന്ന രാജ്യം അർജന്റീനയും അത് കഴിഞ്ഞാൽ ഉറുഗ്വായും ആണ് എന്നാണ് കണക്കുകൾ പറയുന്നത്. അത്ര പ്രിയപ്പെട്ട ഭക്ഷണം ആണ് അവർക്ക് ബീഫ്. തങ്ങളുടെ രാജ്യത്ത് നിന്നുള്ള ഇറച്ചി താരങ്ങൾക്ക് ലോകകപ്പ് സമയത്തും കഴിക്കാം എന്നത് ആണ് ഇത് കൊണ്ടു ഇരു ടീമുകളും ഉദ്ദേശിക്കുന്നത്.

ഉറുഗ്വായുടെ നാഷണൽ ഇനിസ്റ്റിസ്റ്റ്യൂട്ട് ഓഫ് മീറ്റ് നേരിട്ട് ആണ് ഉറുഗ്വായ് ദേശീയ ടീമിനുള്ള ബീഫ് എത്തിച്ചു നൽകുന്നത്. പ്രാദേശികമായി ഉത്പാദനം നടത്തിയ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം ടീമിന് നൽകുക പ്രധാനമാണ് എന്നു പറഞ്ഞ ഉറുഗ്വായ് ദേശീയ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഉറുഗ്വായുടെ ദേശീയ ഫുട്‌ബോൾ ടീമിനു ഒപ്പം അവിടെ ഉത്പാദനം നടത്തുന്ന ബീഫും തങ്ങളുടെ ഏറ്റവും വലിയ അഭിമാനം ആണെന്നും കൂട്ടിച്ചേർത്തു. ചായയും ബീഫും തങ്ങളുടെ സംസ്കാരത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത വസ്തുതകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഫ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണെന്ന് ആണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പ്രതികരിച്ചത്.

അർജന്റീന

അർജന്റീനയുടെ സംസ്കാരത്തിലും സ്വഭാവ സവിശേഷതയിലും പ്രധാനപ്പെട്ട പങ്ക് ആണ് ബീഫ് വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ച് ബീഫ് കഴിക്കുന്നതും ഒരുമിച്ച് ഇരിക്കുന്നതും തങ്ങൾക്ക് ഇടയിൽ ഒരുമ ഉണ്ടാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനക്കാർക്ക് ബീഫ് അത്രമാത്രം പ്രിയപ്പെട്ടത് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വലിയ ബീഫ് പ്രിയക്കാരായ മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീൽ ഇത്തവണ ലോകകപ്പിൽ ബീഫ് കൊണ്ടു വരില്ല. എന്നാൽ വളരെ പ്രസിദ്ധമായ ബ്രസീൽ കാപ്പിയും ആയാണ് അവരുടെ വരവ്. ഏകദേശം 30 കിലോഗ്രാം ബ്രസീലിയൻ കാപ്പിയും ആയാണ് ബ്രസീൽ ടീം ഖത്തറിൽ എത്തിയത്.