പെനാൽട്ടി പാഴാക്കി വാർഡി, യൂറോപ്പ ലീഗിൽ സമനില വഴങ്ങി ലെസ്റ്റർ സിറ്റി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യുഫേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സിയിൽ സ്പാർട്ടക്ക് മോസ്‌കോയോട് സമനില വഴങ്ങി ലെസ്റ്റർ സിറ്റി. കിംഗ്‌ പവറിൽ നടന്ന നിർണായക മത്സരത്തിൽ 1-1 നു ആണ് ഇംഗ്ലീഷ് ടീം സമനില വഴങ്ങിയത്. ജയം നേടാനുള്ള സുവർണ അവസരം ജെയ്മി വാർഡി പാഴാക്കുന്നതും മത്സരത്തിൽ കണ്ടു. 77 ശതമാനം സമയം മത്സരത്തിൽ പന്ത് കൈവശം വച്ച ലെസ്റ്ററിന് പക്ഷെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 മത്തെ മിനിറ്റിൽ മിഖായേലിന്റെ ക്രോസിൽ നിന്നു നൈജീരിയൻ താരം വിക്ടർ മോസസ് ഹെഡറിലൂടെ റഷ്യൻ ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു.

ഗോൾ വഴങ്ങിയ ശേഷം ലെസ്റ്റർ കൂടുതൽ ഉണർന്നു കളിച്ചു. തുടർന്ന് 58 മത്തെ മിനിറ്റിൽ അയോസെ പെരസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ അമാർട്ടി ഇംഗ്ലീഷ് ടീമിന് സമനില സമ്മാനിച്ചു. 75 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ ലുക്മാനെ വീഴ്ത്തിയ മോസസ് പെനാൽട്ടി വഴങ്ങിയതോടെ ലെസ്റ്ററിന് വിജയഗോൾ നേടാൻ അവസരം ലഭിച്ചു. എന്നാൽ പെനാൽട്ടി എടുത്ത പകരക്കാരൻ ആയി ഇറങ്ങിയ വാർഡിയുടെ പെനാൽട്ടി മോസ്‌കോ ഗോൾ കീപ്പർ സെലികോവ് രക്ഷിച്ചു. തുടർന്ന് ഇഗ്നാച്ചോയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് അടക്കം നിരവധി ശ്രമങ്ങൾ വിജയഗോൾ നേടാൻ ലെസ്റ്റർ നടത്തിയെങ്കിലും അവർക്ക് വിജയഗോൾ മാത്രം നേടാൻ ആയില്ല. നിലവിൽ ഗ്രൂപ്പ് സിയിൽ മൂന്നാമത് ആണ് ലെസ്റ്റർ സിറ്റി.