ആദ്യ ഗോൾ കണ്ടത്തി എറിക്സൻ, വീണ്ടും തിളങ്ങി ലുക്കാക്കു, ഇന്ററിന് ജയം

- Advertisement -

യൂറോപ്പ ലീഗ് ആദ്യപാദ മത്സരത്തിൽ ലുദോഗോരെറ്റ്‌സ് റാസ്‌ഗ്രാഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു ഇന്റർ മിലാൻ. എതിരാളിയുടെ മൈതാനത്തിൽ രണ്ടാം പകുതിയിൽ വളരെ വൈകി നേടിയ ഗോളുകൾ ആണ് ഇന്റർ മിലാനു ജയം സമ്മാനിച്ചത്. 71 മിനിറ്റിൽ തന്റെ ആദ്യ ഇന്റർ ഗോൾ നേടിയ ക്രിസ്ത്യൻ എറിക്സൻ ആണ് ആതിഥേയരുടെ ചെറുത്ത് നിൽപ്പ് അവസാനിപ്പിച്ചത്. മത്സരത്തിൽ അത് വരെ ഇന്റർ നടത്തിയ മുന്നേറ്റങ്ങൾ തടഞ്ഞ ബൾഗേറിയൻ ടീമിന് പക്ഷെ വലത് കാലൻ അടി തടയാൻ ആയില്ല. പകരക്കാരനായി ഇറങ്ങിയ റോമലു ലുക്കാക്കുവിന്റെ പാസിൽ നിന്നായിരുന്നു ഡാനിഷ് താരത്തിന്റെ ഗോൾ.

മത്സരത്തിലെ അവസാന നിമിഷം വാറിലൂടെ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലുക്കാക്കു തന്റെ മിന്നും ഗോളടി മികവ് യൂറോപ്പ ലീഗിലും തുടർന്നു. സാൻ സിറോയിൽ അടുത്ത ആഴ്ച നടക്കുന്ന രണ്ടാം പാദത്തിൽ ഈ ജയം കോന്റെയുടെ ടീമിന് വലിയ ആത്മവിശ്വാസം ആവും പകരുക. സ്പാനിഷ് ക്ലബ് സെവിയ്യയെ സി.എഫ്.ആർ ക്ലജ് സമനിലയിൽ തളച്ചു. സിപിരിയാൻ ടീക്കിന്റെ 59 മിനിറ്റിലെ ഗോളിൽ പിന്നിലായ സെവിയ്യക്ക് 82 മിനിറ്റിൽ യൂസുഫ് എൻ നെസറി സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ നേടിയ ഈ അവേ ഗോൾ സെവിയ്യക്ക് വലിയ മുൻതൂക്കം ആവും രണ്ടാം പാദത്തിൽ നൽകുക.

Advertisement