യോട്ടയുടെ ഹാട്രിക്, നെവസിന്റെ മിന്നും ഗോൾ, 4 ഗോൾ ജയവും ആയി വോൾവ്സ്

- Advertisement -

യൂറോപ്പ ലീഗിൽ ആദ്യ പാദത്തിൽ ആധികാരിക ജയവുമായി ഇംഗ്ലീഷ് ക്ലബ് വോളർഹാപ്തൻ വാൻഡേഴ്സ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ആയിരുന്നു സ്പാനിഷ് ക്ലബ് ആയ എസ്പിയാനോളെ അവർ തകർത്തത്. യൂറോപ്പ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് കണ്ടത്തിയ പോർച്ചുഗീസ് താരം ഡീഗോ യോട്ട, മിന്നും ഗോളുമായി കളം നിറഞ്ഞ മറ്റൊരു പോർച്ചുഗീസ് താരം റൂബൻ നെവസ് എന്നിവർ ആണ് വോൾവ്സിന് വമ്പൻ ജയം സമ്മാനിച്ചത്. ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ 12 ഷോട്ടുകൾ ഉതിർത്ത വോൾവ്സ് 5 തവണ പോസ്റ്റ് ലക്ഷ്യം വച്ചതിൽ 4 എണ്ണവും ഗോളിൽ കലാശിച്ചു. 15 മിനിറ്റിൽ ഹിമനസിന്റെ പാസിൽ നിന്ന് വലത് കാലൻ അടിയിലൂടെ യോട്ട ആണ് ആദ്യ ഗോൾ നേടിയത്.

ശക്തമായ ടീമിനെ അണിനിരത്തിയ വോൾവ്സ് രണ്ടാം പകുതിയിൽ 52 മിനിറ്റിൽ നെവസിന്റെ ഒരു അതുഗ്രൻ ഗോളിൽ ലീഡ് 2 ആയി ഉയർത്തി. ബോക്സിനു വെളിയിൽ നിന്ന് നെവസിന്റെ മിന്നും ഷോട്ട് ആണ് ഗോളിൽ കലാശിച്ചത്. 67 മിനിറ്റിൽ ഡോഹർട്ടിയുടെ ത്രോ ബോളിൽ നിന്ന് വീണ്ടുമൊരു വലത് കാലൻ അടിയിലൂടെ യോട്ട മത്സരത്തിലെ മൂന്നാം ഗോൾ കണ്ടത്തി. 81 മിനിറ്റിൽ മൗട്ടീന്യോ നൽകിയ പന്ത് ബോക്സിനു വെളിയിൽ വച്ച് ലക്ഷ്യം കണ്ട യോട്ട തന്റെ ഹാട്രിക്കും വോൾവ്സിന്റെ ജയവും പൂർണമാക്കി. അടുത്ത ആഴ്ച നടക്കുന്ന രണ്ടാം പാദത്തിൽ അത്ഭുതം ഒന്നും നടന്നില്ല എങ്കിൽ വോൾവ്സ് അടുത്ത റൗണ്ടിൽ കടക്കും. അതേസമയം എഫ്.സി കോപ്പൻഹേഗൻ കെൽറ്റിക് മത്സരം 1-1 നു സമനിലയിൽ പിരിഞ്ഞു. എഡോർഡ് കെൽറ്റിക്കിന്റെ ഗോൾ നേടിയപ്പോൾ എൻഡോയ ആണ് ഡാനിഷ് ക്ലബിന് സമനില ഗോൾ സമ്മാനിച്ചത്.

Advertisement