മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പയിൽ ഇറങ്ങും, റൊണാൾഡോ ആദ്യ ഇലവനിൽ എത്തും

ഇന്ന് യൂറോപ്പാ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവരുടെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിനെ നേരിടും. ഈ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ സോസിഡാഡും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്‌. അവസാന നാലു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്ക്വാഡിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും.

Img 20220831 174053

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടാകും. അവസാന നാലു മത്സരങ്ങളിൽ യുണൈറ്റഡ് ബെഞ്ചിൽ ആയിരുന്നു റൊണാൾഡോയുടെ സ്ഥാനം. റൊണാൾഡോ മാത്രമല്ല കസെമിറോ, മഗ്വയർ എന്നിവർ എല്ലാം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടെൻ ഹാഗ് തന്റെ സ്ക്വാഡിന്റെ ഡെപ്ത് അറിയാൻ ആകും ഈ മത്സരം ഉപയോഗിക്കുക. റയൽ സോസിഡാഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര എളുപ്പമാകില്ല. അവസാന രണ്ട് മത്സരങ്ങളിൽ ഫോമിലേക്ക് ഉയർന്ന സോസിഡാഡ് മാഞ്ചസ്റ്ററിൽ വന്ന് പോയിന്റ് നേടാൻ ആകും ശ്രമിക്കുക. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും സോണി ടെനിലും കാണാൻ ആകും