ഫ്രാങ്ക് ലമ്പാർഡ് വീണ്ടും പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്തു

ഇംഗ്ലീഷ്, ചെൽസി ഇതിഹാസ താരം ഫ്രാങ്ക് ലമ്പാർഡ് വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി. നേരത്തെ ചെൽസി, എവർട്ടൺ, ഡെർബി കൗണ്ടി ടീമുകളെ പരിശീലിപ്പിച്ച ഇംഗ്ലീഷ് താരം നിലവിൽ ചാമ്പ്യൻഷിപ്പ് ക്ലബ് ആയ കൊവൻഡ്രി സിറ്റി പരിശീലകൻ ആയാണ് സ്ഥാനം ഏറ്റെടുത്തത്.

7 വർഷം പരിശീലകൻ ആയ മാർക് റോബിൻസിന് പകരക്കാരനായി ആണ് ലമ്പാർഡ് പരിശീലക ചുമതലയിൽ എത്തുന്നത്. 2027 വരെ രണ്ടര വർഷത്തെ കരാർ ആണ് നിലവിൽ ലമ്പാർഡിന് ഉള്ളത്. പരിശീലകൻ ആയി ഡെർബിയിൽ കാണിച്ച മികവ് നിലവിൽ ചാമ്പ്യൻഷിപ്പിൽ 17 സ്ഥാനത്തുള്ള കൊവൻഡ്രിയിൽ കാണിച്ചു ക്ലബിനു പ്രീമിയർ ലീഗ് സ്ഥാനക്കയറ്റം നേടി നൽകുക ആവും ലമ്പാർഡിന്റെ ലക്ഷ്യം.

ജാക്ക് വിൽഷെയർ നോർവിച് സിറ്റി പരിശീലകൻ ആവും

മുൻ ആഴ്‌സണൽ താരം ജാക്ക് വിൽഷെയർ ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ടീം ആയ നോർവിച് സിറ്റി പരിശീലകൻ ആവും. നിലവിൽ ആഴ്‌സണൽ അണ്ടർ 18 ടീം പരിശീലകൻ ആയ 32 കാരനായ താരം നാളത്തെ മത്സരം കഴിഞ്ഞ ശേഷം ആഴ്‌സണലിനോട് വിട പറയും. മുൻ പരിശീലകനെ പുറത്താക്കിയ ശേഷമാണ് നോർവിച് വിൽഷെയറിനെ പരിശീലകൻ ആയി എത്തിക്കുന്നത്.

പരിക്കുകൾ നിരന്തരം അലട്ടിയ ദൗർഭാഗ്യകരമായ ഫുട്‌ബോൾ കരിയറിന് 2 വർഷം മുമ്പാണ് മുൻ ഇംഗ്ലീഷ് താരം വിരാമം ഇട്ടത്. അതിനു ശേഷം പരിശീലക ജോലിയിലേക്ക് തിരിഞ്ഞ വിൽഷെയർ ആഴ്‌സണൽ അക്കാദമി ടീമിനെ ആണ് പരിശീലിപ്പിച്ചു കരിയർ തുടങ്ങിയത്. നിലവിൽ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനത്തുള്ള നോർവിച്ചിനെ ഉടൻ തന്നെ പ്രീമിയർ ലീഗിൽ എത്തിക്കുക ആവും വിൽഷെയറിന്റെ ലക്ഷ്യം.

പ്രീമിയർ ലീഗിൽ തിരികെയെത്താൻ പരിശീലകനായി റസൽ മാർട്ടിനെ നിയമിച്ചു സൗതാപ്റ്റൺ

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റൺ തങ്ങളുടെ പുതിയ പരിശീലകൻ ആയി റസൽ മാർട്ടിനെ നിയമിച്ചു. മൂന്നു വർഷത്തേക്ക് ആണ് വെൽഷ് ക്ലബ് സ്വാൻസി സിറ്റി പരിശീലകൻ ആയ അദ്ദേഹത്തെ അവർ പരിശീലകൻ ആയി കൊണ്ടു വന്നത്. 37 കാരനായ റസൽ മാർട്ടിൻ മുൻ എം.കെ ഡോൺസ് പരിശീലകൻ കൂടിയാണ്.

നീണ്ട 11 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആണ് ഈ സീസണിൽ സെയിന്റ്സ് തരം താഴ്ത്തൽ നേരിട്ടത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് പ്രീമിയർ ലീഗിൽ തിരിച്ചു എത്താൻ ആണ് അവരുടെ ശ്രമം. ഇത്രയും ചരിത്രമുള്ള ക്ലബിന്റെ പരിശീലകൻ ആയതിൽ അഭിമാനം ഉണ്ടെന്നു പറഞ്ഞ റസൽ മാർട്ടിൻ ക്ലബിനെ അത് അർഹിക്കുന്ന പ്രീമിയർ ലീഗിൽ തിരികെ എത്തിക്കുന്നത് ആണ് തന്റെ ലക്ഷ്യം എന്നും പ്രഖ്യാപിച്ചു.

ലീഡ്സ് യുണൈറ്റഡിന്റെ പ്രധാന ഉടമകൾ ആയി അമേരിക്കൻ എൻ.എഫ്.എൽ ഗ്രൂപ്പ് മാറും

ലീഡ്സ് യുണൈറ്റഡിന്റെ ഭൂരിഭാഗം ഷെയറുകളും അമേരിക്കൻ ഗ്രൂപ്പും അമേരിക്കൻ എൻ.എഫ്.എൽ ടീം സാൻ ഫ്രാൻസിസ്കോ 49ers ഉടമകളും ആയ 49ers എന്റർപ്രെസിന് വിൽക്കാൻ തയ്യാറായി ലീഡ്സ് ചെയർമാൻ ആന്ദ്രയ റാഡ്രിസാനി. 2018 മുതൽ ലീഡ്സിന്റെ 10 ശതമാനം ഷെയർ ഹോൾഡേഴ്‌സ് ആയ അമേരിക്കൻ ഗ്രൂപ്പ് 2021 ൽ 44 ശതമാനം ഷെയറുകൾ സ്വന്തമാക്കിയിരുന്നു. 2024 നു മുമ്പ് മറ്റ് ഷെയറുകൾ മേടിക്കാനുള്ള കരാർ ഉണ്ടായിരുന്ന അമേരിക്കൻ ഗ്രൂപ്പ് ഈ വർഷത്തെ പ്രീമിയർ ലീഗ് തരം താഴ്ത്തലിന് ശേഷം ഏകദേശം 170 മില്യൺ പൗണ്ടിനു ആണ് ബാക്കിയുള്ള ഷെയറുകൾ സ്വന്തമാക്കാൻ ധാരണയിൽ എത്തിയത്.

2017 ൽ മറ്റൊരു ഇറ്റാലിയൻ ഉടമയായ മാസിനോ സെല്ലിനോയിൽ നിന്നു ക്ലബ് വാങ്ങിയ റാഡ്രിസാനി ആദ്യം ലീഡ്സ് ആരാധകരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു. വിഖ്യാതമായ തങ്ങളുടെ എലന്റ് റോഡ് സ്റ്റേഡിയം തിരിച്ചു മേടിച്ചതും ഇതിഹാസ പരിശീലകൻ മാർസെലോ ബിയെൽസയെ പരിശീലകൻ ആയി കൊണ്ടു വന്നതും തുടർന്ന് 16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചു എത്തിയതും ഒക്കെ ഇറ്റാലിയൻ ഉടമക്ക് ലീഡ്സ് ആരാധകർക്ക് ഇടയിൽ വലിയ സ്ഥാനം നേടി നൽകി. എന്നാൽ ബിയെൽസയെ പുറത്താക്കിയ റാഡ്രിസാനിയുടെ തീരുമാനം ആരാധകരും അദ്ദേഹവും തമ്മിലുള്ള ബന്ധങ്ങൾ ഉലച്ചു. തുടർന്ന് ഈ വർഷത്തെ അവസാന മത്സരത്തിൽ തരം താഴ്ത്തൽ നേരിട്ടപ്പോൾ കളി കാണാൻ അദ്ദേഹം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല.

പകരം തന്റെ ഇറ്റാലിയൻ ക്ലബ് സന്ദോറിയയെ പൂർണമായും സ്വന്തമാക്കുന്ന തിരക്കിൽ ആയിരുന്നു അദ്ദേഹം. പിന്നീട് തരം താഴ്ത്തലിന് ശേഷം ആരാധകരോട് അദ്ദേഹം ക്ഷമ പറഞ്ഞു എങ്കിലും സന്ദോറിയയെ വാങ്ങാൻ തന്റെ മറ്റ് കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള ലീഡ്സിന്റെ എലന്റ് റോഡ് സ്റ്റേഡിയം പണയം വച്ചു 26 മില്യൺ പൗണ്ട് വായ്പ എടുത്തു എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ അദ്ദേഹവും ആരാധകരും ബന്ധം കൂടുതൽ മോശമാവുക ആണ് ഉണ്ടായത്. നിലവിൽ എത്രയും പെട്ടെന്ന് പ്രീമിയർ ലീഗിലേക്ക് തിരിച്ചു എത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു അമേരിക്കൻ ഉടമകൾ ക്ലബ് ഏറ്റെടുത്ത ശേഷം പ്രഖ്യാപിച്ചു.

ഇംഗ്ലീഷ് ഫുട്‌ബോളിലെ ആദ്യ ആഫ്രിക്കൻ പരിശീലകൻ ആയി കൊലോ ടൂറെ നിയമിതനായി

ഐവറി കോസ്റ്റിന്റെ മുൻ ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, സെൽറ്റിക് പ്രതിരോധതാരം കൊലോ ടൂറെ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ് വിഗാൻ അത്ലറ്റിക്കിന്റെ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്തു. ഈ മാസം തുടക്കത്തിൽ പുറത്താക്കപ്പെട്ട ലീം റിച്ചാർഡ്സണിനു പകരക്കാരനായി ആണ് ടൂറെ അവരുടെ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്തത്. മൂന്നര വർഷത്തേക്ക് ആണ് ടൂറെ കരാറിൽ ഒപ്പിട്ടത്.

ആഴ്‌സണൽ ‘ഇൻവിൻസിബിൾ’ ടീമിന്റെ ഭാഗം ആയിരുന്ന ടൂറെ വിരമിച്ച ശേഷം ബ്രണ്ടൻ റോജേഴ്സിന് കീഴിൽ സെൽറ്റിക്, ലെസ്റ്റർ സിറ്റി സഹപരിശീലകൻ ആയും പ്രവർത്തിച്ചിരുന്നു. നിലവിൽ ചാമ്പ്യൻഷിപ്പിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വിഗാൻ 22 മത്തെ സ്ഥാനത്ത് ആണ്. ഡിസംബർ 10 നു മിൽവാലിന് എതിരായ മത്സരം ആണ് 41 കാരനായ ടൂറെയുടെ ആദ്യ ലീഗ് മത്സരം. ഇംഗ്ലീഷ് ഫുട്‌ബോളിലെ ആദ്യ ആഫ്രിക്കൻ പരിശീലകൻ ആണ് ടൂറെ!

ഒരു വർഷത്തിനിടെ അഞ്ചാമൻ!!! വാട്ഫോർഡിൽ ഇത്തവണ ഊഴം സ്ലാവൻ ബിലിച്ചിന്

വസ്ത്രം മാറുന്ന ലാഘവത്തോടെ മാനേജർമാരെ മാറ്റുന്ന വാട്ഫോർഡ് ഇത്തവണയും കാര്യങ്ങൾ പഴയ പടിതന്നെ എന്ന് തെളിയിച്ചു. ചാമ്പ്യൻഷിപ്പിലെ പത്ത് മത്സരങ്ങൾക്ക് ശേഷം കോച്ച് റോബ് എഡ്വാർഡ്സിനെ ക്ലബ്ബ് പുറത്താക്കിയിരുന്നു. വെസ്റ്റ്ഹാം, വെസ്റ്റ്ബ്രോം ആൽബിയോൺ എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള സ്ലാവൻ ബിലിച്ച് ആണ് പുതുതായി ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാൻ എത്തുന്നത്. പതിനെട്ട് മാസത്തെ കരാർ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.

ചാമ്പ്യൻഷിപ്പ് ഡിവിഷനിൽ ആദ്യ പത്ത് മത്സരങ്ങൾ തീരുമ്പോൾ പത്താം സ്ഥാനത്ത് മാത്രമാണ് വാട്ഫോർഡ് നിലവിൽ. മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാൻ ആയത്. മുൻപ് വെസ്റ്റ്ബ്രോമിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുള്ള ബിലിച്ചിന് ഇവിടെയും അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കുമെന്നാവും ക്ലബ്ബ് കണക്ക് കൂട്ടുന്നത്. എന്തായാലും പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ഡിസംബറിലോ  ജനുവരിയിലോ ബിലിച്ചിനെയും പുറത്താക്കാൻ വാട്ഫോർഡ് മടിക്കില്ല എന്ന് അറിഞ്ഞു തന്നെയാവും അദ്ദേഹവും കരുക്കൾ നീക്കുന്നത്.

പ്രിമിയർ ലീഗ് വിട്ട ബ്രസീലിയൻ താരം യുഎഇയിലേക്ക്

[vc_row][vc_column][vc_column_text]ബ്രസീലിയൻ താരം അലൻ യുഎഇ ക്ലബ്ബ് ആയ അൽ വഹ്ദയിലേക്ക്. എവർടണിൽ നിന്നും രണ്ടു വർഷത്തെ കരാറിൽ ആണ് താരം അബൂദാബി ക്ലബ്ബിലേക്ക് എത്തുന്നത്. മുൻപ് ഇംഗ്ലീഷ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള കാർലോസ് കർവഹാൾ ആണ് നിലവിൽ അൽ വഹ്ദ മാനേജർ. സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ്ബ് തങ്ങളുടെ പുതിയ തരാതെ സ്വാഗതം ചെയ്തു.

മുപ്പത്തിയൊന്ന്കാരനായ മധ്യനിര താരം 2020ലാണ് എവർട്ടനിൽ എത്തുന്നത്. നാപോളിയിൽ തരാൻ അലനെ എത്തിക്കാൻ വേണ്ടി ഇരുപത് മില്യണിൽ കൂടുതൽ പൗണ്ട് എവർടൻ മുടക്കിയിരുന്നു. ടീമിനായി അമ്പത്തിരണ്ട് ലീഗ് മത്സരങ്ങളിൽ ബൂട്ട് കെട്ടി. എന്നാൽ ഇത്തവണ എവർടൻ നിരയിൽ താരത്തിന് സ്ഥാനമില്ലായിരുന്നു. ഇതോടെ താരത്തിനായി ഓഫർ വന്നപ്പോൾ അംഗീകരിക്കുകയായിരുന്നു. ലീഗിൽ മോശം തുടക്കമാണ് അൽ വഹ്ദക്ക് ലഭിച്ചിരിക്കുന്നത്. താരത്തിന്റെ വരവ് മധ്യനിരയെ സഹായിക്കും എന്നാണ് ടീമിന്റെ കണക്ക് കൂട്ടൽ. ബ്രസീൽ കുപ്പായത്തിൽ പത്ത് മത്സരങ്ങളും അലൻ കളിച്ചിട്ടുണ്ട്[/vc_column_text][/vc_column][/vc_row]

ആഴ്‌സണൽ യുവതാരം ചാർളി പാറ്റിനോ ലോണിൽ ബ്ലാക്പൂളിലേക്ക്

ആഴ്‌സണലിന്റെ ഇംഗ്ലീഷ് യുവതാരം ചാർളി പാറ്റിനോ ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബ് ആയ ബ്ലാക്പൂളിൽ. 11 വയസ്സ് മുതൽ ആഴ്‌സണൽ അക്കാദമിയിൽ കളിക്കുന്ന താരം കഴിഞ്ഞ സീസണിൽ ലീഗ് കപ്പിൽ സീനിയർ ടീമിൽ അരങ്ങേറ്റവും നടത്തിയിരുന്നു.

ആഴ്‌സണൽ വലിയ ഭാവി പ്രതീക്ഷിക്കുന്ന ഇംഗ്ലീഷ് യുവതാരത്തെ കൂടുതൽ മത്സര പരിചയത്തിന് ആണ് അവർ ലോണിൽ അയക്കുന്നത്. അടുത്ത സീസണിൽ താരം ആഴ്‌സണലിൽ തിരിച്ചെത്തും.

അന്ന് റോക്കും ഗോൾഡ്ബർഗും, ഇപ്പോൾ മിനിയൻസ്! താരങ്ങളെ പ്രഖ്യാപിക്കുന്നതിൽ ബേർൺലിയുടെ പുതുവഴികൾ

പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തപ്പെട്ട ശേഷം അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്താൻ ശ്രമം നടത്തുകയാണ് ബേർൺലി. പരിശീലകനായി പ്രീമിയർ ലീഗ് ഇതിഹാസം വിൻസെന്റ് കൊമ്പനിയെ കൊണ്ടു വന്ന അവർ മികച്ച താരങ്ങളെ ടീമിൽ എത്തിക്കുന്നതിലും ശ്രദ്ധ കാണിക്കുന്നു. എന്നാൽ അവരുടെ താരങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രഖ്യാപനങ്ങൾ ആണ് നിലവിൽ വലിയ ശ്രദ്ധ നേടുന്നത്. നേരത്തെ ബെൽജിയം ക്ലബ്ബിൽ നിന്നു കോംഗോ മധ്യനിരതാരമായ സാമുവൽ ബാസ്റ്റിയനെ പ്രഖ്യാപിക്കാൻ 2003 ലെ ഡബ്യു.ഡബ്യു.ഇ വീഡിയോ ആയിരുന്നു ബേർൺലി ഉപയോഗിച്ചത്. 2003 ൽ റെസിലിങ് ഇതിഹാസം ഡെയിൻ ജോൺസൺ എന്ന റോക്ക് ഹോളിവുഡിലേക്ക് പോകുന്നതിനു മുമ്പ് നടന്ന റെസിൽ മാനിയ 19 ൽ സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിനെ വീഴ്ത്തി ഡബ്യു.ഡബ്യു.യിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കാൻ നിൽക്കുമ്പോൾ താരത്തെയും ആരാധകരെയും ഞെട്ടിച്ചു ഡബ്യു.സി.ഡബ്യു ഇതിഹാസം ഗോൾഡ്ബർഗിന്റെ വരവ് ആണ് സാമുവൽ ബാസ്റ്റിയനെ പ്രഖ്യാപിക്കാൻ ബേർൺലി ഉപയോഗിച്ചത്.

ഗോൾഡ്ബർഗിന്റെ ഡബ്യു.ഡബ്യു.ഇ അരങ്ങേറ്റ ദൃശ്യത്തിന് പകരം ബാസ്റ്റിയന്റെ ദൃശ്യങ്ങൾ ആണ് ഇവിടെ ഇംഗ്ലീഷ് ക്ലബ് ഉപയോഗിച്ചത്. ഇത്തവണ ചെൽസിയിൽ നിന്നു ലോണിൽ ഇയാൻ മാറ്റ്സനെ പ്രഖ്യാപിക്കാൻ ബേർൺലി കൂട്ടുപിടിച്ചത് ഡിസ്‌പികബിൾ മീ, മിനിയൻസ് ആനിമേഷൻ സിനിമ സീരീസിലൂടെ ലോകത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ച മിനിയൻസിനെ. താരത്തിന്റെ പേര് മിനിയൻസ് അലോസരമായി പാടുന്ന വീഡിയോ താരത്തിനോട് മുൻകൂർ ജാമ്യം എടുത്ത് ആണ് അവർ പുറത്ത് വിട്ടത്. കേൾക്കുന്നതിന് അനുസരിച്ച് അലോസരം കൂടുന്നു എന്നു പറഞ്ഞു ഇയാൻ മാറ്റ്സൻ തന്റെ ലാപ് ടോപ് അടക്കുന്നിടത്ത് ആണ് വീഡിയോ അവസാനിക്കുന്നത്. ഇങ്ങനെ ബേർൺലിയുടെ തമാശ നിറഞ്ഞ താരങ്ങളുടെ പ്രഖ്യാപനങ്ങൾക്ക് വലിയ പ്രതികരണം ആണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്.

മൂന്ന് പെനാൾട്ടി സേവ് ചെയ്ത് സാമ്പ, നോട്ടിങ്ഹാം ഫോറസ്റ്റ് ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ

വെംബ്ലിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ നോട്ടിങ്ഹാം ഫോറസ്റ്റും ഹഡേഴ്സ്ഫീൽഡും ഏറ്റുമുട്ടും. ഇന്ന് നടന്ന പ്ലേ ഓഫ് സെമി ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്നാണ് ഫോറസ്റ്റ് ഫൈനലിലേക്ക് കടന്നത്. ആദ്യ പാദത്തിന്റെ 2-1ന്റെ ലീഡുമായി രണ്ടാം പാദ സെമിക്ക് ഇറങ്ങിയ നോട്ടിങ്ഹാം ഫോറസ്റ്റ് ഇന്ന് ആദ്യ പകുതിയിൽ 1-0ന് മുന്നിൽ എത്തിയിരുന്നു. 19ആം മിനുട്ടിൽ ജോൺസൺ ആയിരുന്നു ലീഡ് നൽകിയത്. ഇത് നോട്ടിങ്ഹാമിന് 3-1ന്റെ അഗ്രിഗേറ്റ് ലീഡ് നൽകി.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. ഷെഫീൽഡ് തിരിച്ചടിച്ചു. ഒന്നല്ല രണ്ട് ഗോൾ. 47ആം മിനുട്ടിൽ ഗിബ്സ് വൈറ്റിന്റെ വക ആദ്യ ഗോൾ. പിന്നെ 75ആം മിനുട്ടിൽ ഫ്ലെക്കിന്റെ വക രണ്ടാം ഗോൾ. ഷെഫീൽഡ് 2-1ന് മുന്നിൽ. അഗ്രിഗേറ്റ് സ്കോർ 3-3. കളി എക്സ്ട്രാ ടൈമിലേക്കും പിന്നെ പെനാൾട്ടി ഷൂട്ടൗട്ടിലേക്കും നീങ്ങി. പെനാൾട്ടിയിൽ ഫോറസ്റ്റ് കീപ്പർ ബ്രൈസ് സാമ്പ മൂന്ന് കിക്കുകൾ സേവ് ചെയ്ത് തന്റെ ടീമിനെ ഫൈനലിലേക്ക് നയിച്ചു. നേരത്തെ ലൂടണെ തോൽപ്പിച്ച് ഹഡേഴ്സ്ഫീൽഡും ഫൈനലിൽ എത്തിയിരുന്നു.

ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിന് VAR ഉണ്ടാകും

ഈ മാസം വെംബ്ലിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ VAR ഉണ്ടാകും എന്ന് EFL അറിയിച്ചു. ഇത് പോലെ ലീഗ് ഒന്നും രണ്ടും പ്ലേ-ഓഫ് ഫൈനലുകൾക്കായും വാർ ഉപയോഗിക്കുന്നത് ചർച്ചയിലാണ്. മെയ് 29നാണ് ഫൈനൽ നടക്കുന്നത്. എന്നാൽ സെമി ഫൈനലുകൾക്ക് വാർ സംവിധാനം ഉണ്ടാകില്ല. ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ ഹഡേഴ്സ്ഫീൽഡ് ലൂട്ടണെയും നോട്ടിങ്ഹാം ഫോറസ്റ്റ് ഷെഫീൽഡിനെയും ആണ് നേരിടേണ്ടത്.

പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി ബോർൺമൗത്ത്

തരം താഴ്ത്തൽ നേരിട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി എ.എഫ്.സി ബോർൺമൗത്ത്. ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് ബോർൺമൗത്ത് പ്രീമിയർ ലീഗിലേക്ക് വീണ്ടും യോഗ്യത നേടിയത്. മൂന്നാം സ്ഥാനക്കാർ ആയ നോട്ടിങ്ങാം ഫോറസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌കോട്ട് പാർക്കറിന്റെ ടീം പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവ് ഉറപ്പിച്ചത്.

വാശിയേറിയ പോരാട്ടം കണ്ട മത്സരത്തിൽ ഫോറസ്റ്റിനെ 83 മത്തെ മിനിറ്റിൽ കിഫർ മൂറിന്റെ ഗോളിൽ ആണ് ബോർൺമൗത്ത് മറികടന്നത്. ഫിലിപ്പ് ബില്ലിങിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ നിർണായക ഗോൾ. ജയത്തോടെ 45 മത്സരങ്ങളിൽ നിന്നു 85 പോയിന്റുകൾ ഉള്ള ബോർൺമൗത്ത് ചാമ്പ്യന്മാരായ ഫുൾഹാമിനു പിറകിൽ രണ്ടാം സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമിനെ മൂന്നു മുതൽ ആറു വരെ സ്ഥാനത്ത് ഉള്ളവരിൽ നിന്നു പ്ലെ ഓഫ് വഴി പിന്നീട് തീരുമാനിക്കും.

Exit mobile version