റയലിന് തടയിടുമോ ചെൽസി, ഒസിമൻ ഇല്ലാതെ മിലാനെതിരെ നാപോളി

Nihal Basheer

Ocrektp Real Madrid Afp 625x300 12 April 22
Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് യൂറോപ്യൻ പോരാട്ടത്തിന്റെ കളത്തിലേക്ക് മടങ്ങി എത്തുമ്പോൾ തടയിടാൻ എതിരെ എത്തുന്നത് മാറ്റങ്ങളുമായി എത്തുന്ന ചെൽസി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനും നാപോളിയും ഏറ്റു മുട്ടും. യൂറോപ്പിലെ പെരുമ വീണ്ടുടുക്കാൻ കൊതിക്കുന്ന ഇറ്റലിയൻ ടീമുകളുടെ പോരാട്ടം ആവേശകരമാവും. വ്യാഴാഴ്ച്ച പുലർച്ചെ 12.30ന് മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും .

Kim Milan Napoli

അഭിമാന പോരാട്ടത്തിനാണ് ചെൽസി ബെർണബ്യുവിലേക്ക് എത്തുന്നത്. പ്രീമിയർ ലീഗിൽ വമ്പൻ തിരിച്ചടികൾക്കും പരിശീലകനെ അടക്കം മാറ്റുന്നതിലേക്കും നീങ്ങിയ ചെൽസി, സീസണിലെ എല്ലാ അവശതകളും മറക്കാൻ ഉള്ള അവസരമായാണ് ചാമ്പ്യൻസ് ലീഗിനെ കാണുന്നത്. എന്നാൽ റയലിനെ കീഴടക്കുക എന്ന ദുഷ്കരമായ ദൗത്യമാണ് അവർക്ക് മുന്നിൽ ഉള്ളത്. എംഗോളോ കാന്റെ അടക്കം ടീമിലേക്ക് മടങ്ങി വന്നിട്ടും ലിവർപൂളിനെതിരെ സമനിലയും കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനെതിരെ തോൽവിയും അറിഞ്ഞ ശേഷമാണ് ചെൽസി എത്തുന്നത് . പുതിയ പരിശീലകൻ ലംബാർഡിനും മത്സരം വലിയ വെല്ലുവിളി തന്നെയാണ്. ടീമിന്റെ ആത്മവിശവസം വീണ്ടെടുക്കാൻ റയലിനെതിരെയ വിജയം ഉപകരിക്കും എന്നതിനാൽ എന്ത് വിലകൊടുത്തും സെമിയിലേക്ക് മുന്നേറാൻ ആവും അദ്ദേഹത്തിന്റെ ശ്രമം. വിയ്യാറയലിനോടേറ്റ തോൽവിക്ക് പിറകെ ആണ് റയൽ ചാമ്പ്യൻസ് ലീഗിലേക്ക് എത്തുന്നത്. എന്നാൽ കോപ്പ ഡെൽ റേയിൽ ബാഴ്‌സക്കെതിരെ വമ്പൻ ജയം കാണാനും അവർക്കായി. ഫോമില്ലാതെ ഉഴറുന്ന ചെൽസിക്കെതിരെ അനായാസ ജയം തന്നെയാവും ആൻസലോട്ടിയും സംഘവും ഉന്നം വെക്കുന്നത്. പ്രധാന താരങ്ങൾ എല്ലാം ഫോമിലാണ് എന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം പകരും. കമവിംഗ, വിനീഷ്യസ് അടക്കമുള്ള യുവതാരങ്ങളും ഗോളടിച്ചു കൂടുന്ന ബെൻസിമയും മോഡ്രിച്ചും അടക്കമുള്ളവരുടെ അനുഭവസമ്പത്തും കൂടിച്ചേരുമ്പോൾ ആദ്യ പാദത്തിൽ തന്നെ സെമി ഫൈനൽ സുനിശ്ചിതമാക്കാൻ ആവും റയലിന്റെ ലക്ഷ്യം. 21-22 സീസണിൽ ക്വർട്ടറിൽ ഏറ്റു മുട്ടിയപ്പോൾ അഗ്രിഗേറ്റ് സ്കോറിൽ വീണെങ്കിലും ബെർണബ്യുവിൽ റയലിനെ കീഴടക്കാൻ ചെൽസിക്ക് സാധിച്ചിരുന്നു. എന്നാൽ അന്ന് വമ്പൻ തിരിച്ചു വരവ് നടത്തി സെമി ഉറപ്പിച്ച റയൽ, ഒരിക്കലും കീഴടങ്ങാത്ത മനസാന്നിധ്യവുമായി ഒരിക്കൽ കൂടി ചെൽസിയെ വരവെൽക്കും.

ഇറ്റാലിയൻ പോരാട്ടമായി മാറിയ മറ്റൊരു ക്വാർട്ടറിൽ സീരി എയിൽ മുൻപേ കുതിക്കുന്ന നാപോളിക്ക് എ സി മിലാൻ ആണ് ഭീഷണി ആവുന്നത്. ഒന്നാം സ്ഥാനത്ത് 16 പോയിന്റിന്റെ വമ്പൻ ലീഡുള്ള നാപോളി പക്ഷെ ലീഗ് മത്സരത്തിൽ കഴിഞ്ഞ വാരം മിലാനോട് നാല് ഗോളിന്റെ വമ്പൻ തോൽവി വഴങ്ങിയിരുന്നു. മുന്നേറ്റത്തിന്റെ കുന്തമുന ആയ ഓസിമൻ ഇല്ലാതെ ഇറങ്ങിയ നാപോളിക്ക് ഈ മത്സരത്തിലും താരത്തിന്റെ സേവനം ഉണ്ടാവില്ല എന്നുറപ്പായിട്ടുണ്ട്. എങ്കിലും ലീഗിൽ ഇനി വലിയ ഭീഷണികൾ നേരിടാൻ ഇല്ലാത്ത നാപോളിക്ക് ഗംഭീരമായ സീസണിന് മകുടം ചാർത്താൻ ചാമ്പ്യൻ ലീഗിൽ കൂടുതൽ ശ്രദ്ധ നൽകാം എന്നത് ഊർജം നൽകും. വളരെ കാലങ്ങൾക്ക് ശേഷം ക്വാർട്ടർ കടന്ന മിലാൻ ആവട്ടെ സീരി എ കിരീടത്തിന് ശേഷം യൂറോപ്പിലെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉള്ള അവസരമാണ് ഇത്തവണ. ലീഗിൽ നാപോളിയെ വീഴ്ത്തിയത് അവർക്ക് അനുകൂല ഘടകം തന്നെയാണ് .ഒരു പിടി മികച്ച താരങ്ങളുടെ മികച്ച പ്രകടനം ആണ് അവർക്ക് മുൻ‌തൂക്കം നൽകുന്നത്. എന്നാൽ സീസണിൽ അപാരമായ ഫോമിലുള്ള നാപോളിയെയും സ്പാലെറ്റിയെയും ഒരിക്കലും തള്ളിക്കളയാൻ ആവില്ല . മിലാനെതിരായ തോൽവിക്ക് ശേഷം ലേച്ചേക്കെതിരെ വിജയം നേടി അവർ ഫോം വീണ്ടെടുത്തിരുന്നു . ഒസിമാന്റെ അഭാവത്തിൽ രാസ്പദോറിയോ സിമിയോണിയോ മുന്നേറ്റത്തിൽ എത്തും. എംമ്പൊളിക്കെതിരേ സമനില വഴങ്ങിയ ശേഷമാണ് മിലാൻ യൂറോപ്യൻ പോരാട്ടത്തിന് എത്തുന്നത്.