ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടറിൽ മികച്ച ജയവുമായി ആസ്റ്റൺ വില്ല

യുഫേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ മികച്ച ജയം കുറിച്ചു ആസ്റ്റൺ വില്ല. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ തോൽപ്പിച്ച ക്ലബ് ബ്രൂഷിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വില്ല അവരുടെ മൈതാനത്ത് തോൽപ്പിച്ചത്. വില്ല ആധിപത്യം കണ്ട മത്സരത്തിൽ മൂന്നാം മിനിറ്റിൽ ലിയോൺ ബെയ്ലിയിലൂടെ ഇംഗ്ലീഷ് ടീം മുന്നിൽ എത്തി. എന്നാൽ 12 മത്തെ മിനിറ്റിൽ ഗോൾ നേടിയ മാക്‌സിം ഡി കുപ്പർ ആതിഥേയരയെ മത്സരത്തിൽ തിരിച്ചു എത്തിച്ചു.

മാർകോ അസൻസിയോ

സമനിലയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ 82 മത്തെ മിനിറ്റിൽ ബ്രാൻഡൻ മെഹേലയുടെ സെൽഫ്‌ ഗോൾ വില്ലക്ക് ഭാഗ്യമായി. തുടർന്ന് മാറ്റി ക്യാഷിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 88 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട മാർകോ അസൻസിയോ വില്ലയുടെ മികച്ച ജയം ഉറപ്പിക്കുക ആയിരുന്നു. പാരീസിൽ നിന്നു ലോണിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള അഞ്ചാം ഗോൾ ആയിരുന്നു ഇത്. രണ്ടാം പാദത്തിൽ ഈ മുൻതൂക്കം നിലനിർത്തി അവസാന എട്ടിൽ സ്ഥാനം പിടിക്കാൻ ആവും വില്ല ഇറങ്ങുക.

7-0 ജയവുമായി പി.എസ്.ജി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ

7-0 ത്തിന്റെ വമ്പൻ ജയം നേടി ലൂയിസ് എൻറിക്വയുടെ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ. നാട്ടുകാരായ ബ്രസ്റ്റിനെ ആദ്യ പാദത്തിൽ 3-0 നു തോൽപ്പിച്ച പി.എസ്.ജി ഇരു പാദങ്ങളിലും ആയി 10-0 ന്റെ വമ്പൻ ജയം ആണ് കുറിച്ചത്. ഏഴ് വ്യത്യസ്ത താരങ്ങൾ ആണ് പാരീസിന് ആയി ഗോൾ നേടിയത്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇത് ആദ്യമായാണ് ഒരു ടീമിലെ 7 താരങ്ങൾ ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ 20 മത്തെ മിനിറ്റിൽ ബ്രോഡിലി ബ്രാകോള, 39 മത്തെ മിനിറ്റിൽ ടീമിന് ആയി ആദ്യ ഗോൾ നേടിയ വിച എന്നിവരുടെ ഗോളിൽ പാരീസ് 2 ഗോളിന് മുന്നിൽ എത്തി. ജോർജിയൻ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ 27 മിനിറ്റിനു ഇടയിൽ 5 ഗോൾ നേടിയ പാരീസ് ബ്രസ്റ്റിനെ തകർക്കുക ആയിരുന്നു. 59 മത്തെ മിനിറ്റിൽ വിറ്റീന, 64 മത്തെ മിനിറ്റിൽ ഡിസെയർ ഡൗ, 69 മത്തെ മിനിറ്റിൽ നൂനോ മെന്റെസ്, 76 മത്തെ മിനിറ്റിൽ ഗോൺസാലോ റാമോസ്, 86 മത്തെ മിനിറ്റിൽ 18 കാരനായ സെന്നി മയലു എന്നിവർ ആണ് പി.എസ്.ജി ഗോളുകൾ നേടിയത്. ഗോൾ നേടിയില്ല എങ്കിലും ഉഗ്രൻ പ്രകടനം ആണ് ഫാബിയൻ റൂയിസ്, അഷ്‌റഫ് ഹകീമി എന്നിവരും ഇന്ന് നടത്തിയത്. അവസാന പതിനാറിൽ ലിവർപൂൾ അല്ലെങ്കിൽ ബാഴ്‌സലോണ ടീമുകളിൽ ഒന്നിനെ ആവും പി.എസ്.ജി അവസാന പതിനാറിൽ നേരിടുക.

തിരിച്ചു വന്നു ജയിച്ചു യുവന്റസിനെ പുറത്താക്കി പി.എസ്.വി

ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിലേക്ക് മുന്നേറി ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവൻ. ആദ്യ പാദത്തിൽ 2-1 നു തോറ്റ അവർ എക്സ്ട്രാ സമയം വരെ നീണ്ട മത്സരത്തിൽ 3-1 നു യുവന്റസിനെ മറികടന്നു ആണ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്. ഗോളിനായി സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങിയ പി.എസ്.വി തുടക്കം മുതൽ ആക്രമിച്ചു ആണ് കളിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53 മത്തെ മിനിറ്റിൽ നോ ലാങിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ഇവാൻ പെരിസിച് ആണ് പി.എസ്.വിക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്. 63 മത്തെ മിനിറ്റിൽ അതുഗ്രൻ ലോങ് റേഞ്ച് ഗോളിലൂടെ ടിം വിയ യുവന്റസിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു.

ആദ്യം ഓഫ് സൈഡ് വിളിച്ച ഈ ഗോൾ പിന്നീട് വാർ പരിശോധനക്ക് ശേഷം അനുവദിക്കുക ആയിരുന്നു. 74 മത്തെ മിനിറ്റിൽ പെരിസിചിന്റെ ക്രോസിൽ നിന്നു ഡി യോങ് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ സായ്ബറി പി.എസ്.വി ടൈയിൽ വീണ്ടും ഒപ്പം എത്തിച്ചു. അവസാന നിമിഷം പി.എസ്.വിയുടെ വിജയഗോളിന് ഉള്ള ശ്രമം യുവന്റസ് ഗോൾ കീപ്പർ രക്ഷിക്കുക ആയിരുന്നു. തുടർന്ന് എക്സ്ട്രാ സമയത്ത് 98 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ കണ്ടെത്തിയ ഫ്ലാമിങ്കോ പി.എസ്.വിക്ക് സ്വപ്ന വിജയം നൽകുക ആയിരുന്നു. ഈ പരാജയം യുവന്റസ് പരിശീലകൻ തിയാഗോ മോട്ടക്ക് മേൽ വലിയ സമ്മർദ്ദം നൽകും എന്നുറപ്പാണ്. ഇന്നലെ മറ്റു രണ്ടു ഇറ്റാലിയൻ ടീമുകൾ എ.സി മിലാൻ, അറ്റലാന്റ എന്നിവരും അവസാന പതിനാറു കാണാതെ പുറത്ത് ആയിരുന്നു. അവസാന പതിനാറിൽ ആഴ്‌സണലിനെയോ അല്ലെങ്കിൽ ഇന്റർ മിലാനെയോ ആവും പി.എസ്.വി നേരിടുക.

ഇഞ്ച്വറി ടൈമിൽ നാടകീയ രക്ഷപ്പെട്ട് ബയേൺ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ

അൽഫോൺസോ ഡേവിസിന്റെ നാടകീയമായ സ്റ്റോപ്പേജ് ടൈം സമനില ഗോളിലൂടെ സെൽറ്റിക്കിനെതിരെ 1-1 സമനില നേടിയതോടെ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിലെ അവസാന 16ലേക്ക് മുന്നേറി, ഈ സമനിലയോടെ 3-2 എന്ന അഗ്രഗേറ്റ് വിജയത്തിലൂടെയാണ് ബയേൺ മുന്നേറിയത്.

63-ാം മിനിറ്റിൽ മുൻ ബയേൺ റിസർവ് കളിക്കാരൻ നിക്കോളാസ് കുഹൻ സെൽറ്റിക്കിനെ മുന്നിലെത്തിച്ചു. ഹാരി കെയ്ൻ ശ്രമം ബാറിൽ തട്ടിയതും, കാസ്പർ ഷ്മൈച്ചൽ നിർണായക സേവുകളും ബയേണെ പിറകിൽ തന്നെ നിർത്തി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക് പോവുകയാണെന്ന് തോന്നിച്ച നിമിഷമാണ്, ഡേവീസ് ഗോൾ നേടിയത്. അടുത്ത റൗണ്ടിൽ ബയേൺ ഇപ്പോൾ ബയേൺ ലെവർകുസനെയോ അത്ലറ്റിക്കോ മാഡ്രിഡിനെയോ ആകും നേരിടുക.

ചാമ്പ്യൻസ് ലീഗ് പ്ലേ-ഓഫ്!! മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും വീണ്ടും നേർക്കുനേർ

മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും വീണ്ടും ചാമ്പ്യൻസ് ലീഗിൽഏറ്റുമുട്ടും. പ്ലേ -ഓഫ് റൗണ്ടിൽ ഇന്ന് നടന്ന നറുക്കിൽ ഇരുവരും നേർക്കുനേർ വരുമെന്ന് ഉറപ്പായി‌. ഇത് തുടർച്ചയായ നാലാം സീസണിലാണ് നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും നേർക്കുനേർ വരുന്നത്. കഴിഞ്ഞ വർഷത്തെ ക്വാർട്ടർ ഫൈനൽ പെനാൽറ്റിയിൽ റയൽ മാഡ്രിഡ് സിറ്റിക്ക് എതിരെ വിജയിച്ചിരുന്നു.

ലീഗ് ഘട്ടത്തിൽ 22-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സിറ്റി, ആദ്യ പാദത്തിന് ആതിഥേയത്വം വഹിക്കും, രണ്ടാം പാദമാകും സ്പെയിനിൽ നടക്കുക.

മറ്റ് ശ്രദ്ധേയമായ മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക് സെൽറ്റിക്കിനെയും പാരീസ് സെന്റ് ജെർമെയ്ൻ ബ്രെസ്റ്റിനെയും നേരിടും. യുവന്റസ് പി‌എസ്‌വി ഐന്തോവൻ, ഫെയെനൂർഡ് എസി മിലാൻ, അറ്റലാന്റ ക്ലബ് ബ്രൂജെ, സ്‌പോർട്ടിംഗ് ലിസ്ബൺ ബൊറൂസിയ ഡോർട്ട്മുണ്ട്, മൊണാക്കോ ബെൻഫിക്ക എന്നിങ്ങനെയാണ് മറ്റ് പോരാട്ടങ്ങൾ.

ഈ മത്സരങ്ങളിലെ വിജയികൾ അവസാന 16-ലേക്ക് മുന്നേറും, ലിവർപൂൾ, ബാഴ്‌സലോണ, ആഴ്‌സണൽ, ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേർ ലെവർകുസെൻ, ലില്ലെ, ആസ്റ്റൺ വില്ല എന്നിവർ അവിടെ ഇതിനകം തന്നെ എത്തിയിട്ടുണ്ട്.

ആദ്യ എട്ടിൽ എത്താനുള്ള അവസരം കളഞ്ഞു എ.സി മിലാൻ, യുവന്റസിനും പരാജയം

യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവസാന ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടു ആദ്യ എട്ടിൽ എത്താനുള്ള സുവർണ അവസരം പാഴാക്കി എ.സി മിലാൻ. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രബിനു എതിരെ ജയിച്ചിരുന്നു എങ്കിൽ ആറാം സ്ഥാനം ഉറപ്പായിരുന്ന അവർ 2-1 പരാജയപ്പെട്ടു 13 സ്ഥാനത്തേക്ക് വീണു. അതേസമയം ജയിച്ചു എങ്കിലും 25 മത് ആയ ഡൈനാമോ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യ പകുതിയിൽ തന്നെ യൂനുസ് മുസ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയത് ആണ് മിലാന് വിനയായത്. മാർട്ടിൻ, മാർക്കോ എന്നിവരുടെ ഗോളിന് ഡൈനാമോ ജയം കണ്ടപ്പോൾ പുലീസിക് ആണ് മിലാന്റെ ആശ്വാസ ഗോൾ നേടിയത്.

അതേസമയം സ്വന്തം മൈതാനത്ത് യുവന്റസ് എതിരില്ലാത്ത 2 ഗോളിന് ബെൻഫിക്കയോട് പരാജയപ്പെടുന്നതും ഇന്ന് കാണാൻ ആയി. ആദ്യ എട്ടിന് സാധ്യതകൾ ഇല്ലാത്ത ഇരു ക്ലബും നടന്ന മത്സരത്തിൽ പ്ലെ ഓഫ് കളിക്കാൻ ജയം അത്യാവശ്യം ആയിരുന്ന ബെൻഫിക്ക അത് നേടിയെടുക്കുക ആയിരുന്നു. ഗോളും അസിസ്റ്റും ആയി കഴിഞ്ഞ കളിയിലെ ഹാട്രിക് ഹീറോ ആയ ഇവാഞ്ചലസ് പാവ്ലിദിസ് തിളങ്ങിയ മത്സരം ആയിരുന്നു ഇത്. ജയത്തോടെ 13 പോയിന്റുകളും ആയി ബെൻഫിക്ക 16 സ്ഥാനത്തും 12 പോയിന്റുകൾ ഉള്ള യുവന്റസ് ഇരുപതാം സ്ഥാനത്തും ആണ് ഗ്രൂപ്പ് ഘട്ടത്തിൽ സ്ഥാനം ഉറപ്പിച്ചത്. ഇരു ടീമുകൾക്കും ഇതോടെ അവസാന പതിനാറിൽ എത്താൻ പ്ലെ ഓഫ് കളിക്കണം.

ഹാട്രിക്കും ആയി ഡെംബലെ, പ്ലെ ഓഫ് കളിക്കാൻ പി.എസ്.ജി, ബയേൺ, ഡോർട്ട്മുണ്ട് ടീമുകൾ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ സ്റ്റുഗാർട്ടിനെ 4-1 നു തോൽപ്പിച്ചു പ്ലെ ഓഫ് കളിക്കാൻ ഇടം ഉറപ്പിച്ചു പി.എസ്.ജി. ജയത്തോടെ 13 പോയിന്റുകൾ നേടി 15 സ്ഥാനത്ത് എത്തിയ അവർ പ്ലെ ഓഫിൽ ഇടം നേടിയപ്പോൾ 26 മതുള്ള സ്റ്റുഗാർട്ട് ടൂർണമെന്റിൽ നിന്നു പുറത്തായി. 17, 35, 54 മിനിറ്റുകളിൽ ഗോളുകൾ നേടി ഹാട്രിക് പൂർത്തിയാക്കിയ ഉസ്മാൻ ഡെംബലെയുടെ മികവിൽ ആണ് പാരീസ് വലിയ ജയം ഇന്ന് കുറിച്ചത്. ബാർകോളയാണ് പാരീസിന്റെ നാലാം ഗോൾ നേടിയത്.

സ്ലൊവാക്യൻ ക്ലബ് സ്ലൊവനെ 3-1 നു മറികടന്ന ജർമ്മൻ വമ്പന്മാർ ആയ ബയേൺ മ്യൂണികും പ്ലെ ഓഫ് കളിക്കാൻ ആണ് യോഗ്യത നേടിയത്. 15 പോയിന്റുകൾ നേടിയ ബയേണിന് 12 സ്ഥാനത്ത് എത്താൻ ആണ് ആയത്. ബയേണിന് ആയി തോമസ് മുള്ളർ, ഹാരി കെയിൻ, കിങ്സിലി കോമാൻ എന്നിവർ ആണ് ഗോൾ നേടിയത്. ശാക്തറിനെ 3-1 നു മറികടന്ന ബൊറൂസിയ ഡോർട്ട്മുണ്ട് 15 പോയിന്റുകൾ തന്നെ നേടി ഗോൾ വ്യത്യാസത്തിന്റെ മികവിൽ പത്താം സ്ഥാനത്ത് എത്തി പ്ലെ ഓഫിലേക്ക് യോഗ്യത നേടി. ഗുയിറാസിയുടെ ഇരട്ടഗോൾ മികവിൽ ആണ് ഡോർട്ട്മുണ്ട് ജയം കണ്ടത്‌.

റോജേഴ്സിന് ഹാട്രിക്, ആസ്റ്റൺ വില്ല അവസാന പതിനാറിൽ, വമ്പൻ ജയം കുറിച്ച് ലില്ലെയും അവസാന പതിനാറിൽ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിലേക്ക് നേരിട്ട് യോഗ്യത കണ്ടെത്തി ആസ്റ്റൺ വില്ല. സ്‌കോട്ടിഷ് ചാമ്പ്യന്മാർ ആയ സെൽറ്റിക്കിനെ ആവേശപോരാട്ടത്തിൽ 4-2 നു തോൽപ്പിച്ച അവർ ഗ്രൂപ്പ് ഘട്ടത്തിൽ എട്ടാം സ്ഥാനം നേടുക ആയിരുന്നു. യുവതാരം മോർഗൻ റോജേഴ്സ് നേടിയ ഹാട്രിക് ആണ് വില്ലക്ക് വലിയ ജയം സമ്മാനിച്ചത്. 3, 5 മിനിറ്റുകളിൽ റോജേഴ്സിലൂടെ വില്ല മുന്നിൽ എത്തിയപ്പോൾ ആദം ഇഡാഹയിലൂടെ 36, 38 മിനിറ്റുകളിൽ സെൽറ്റിക് തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ വില്ല പാർക്കിൽ ഇംഗ്ലീഷ് ക്ലബ് ജയം പിടിച്ചെടുത്തു. 60 മത്തെ മിനിറ്റിൽ വാറ്റ്കിൻസിന്റെ ഗോളിൽ അവർ മുന്നിൽ എത്തി. 67 മത്തെ മിനിറ്റിൽ വാറ്റ്കിൻസ് പെനാൽട്ടി പാഴാക്കി. എന്നാൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ വാറ്റ്കിൻസിന്റെ പാസിൽ നിന്നു ഗോൾ നേടി ഹാട്രിക് പൂർത്തിയാക്കിയ റോജേഴ്സ് വില്ല ജയം ഉറപ്പിച്ചു. പരാജയത്തോടെ 21 സ്ഥാനത്ത് ആയ സെൽറ്റികിന് അവസാന പതിനാറിൽ എത്താൻ പ്ലെ ഓഫ് കളിക്കണം.

ഡച്ച് ക്ലബ് ഫെയനൂർദിനെ 6-1 എന്ന വമ്പൻ സ്കോറിന് സ്വന്തം മൈതാനത്ത് മറികടന്ന ഫ്രഞ്ച് ക്ലബ് ലില്ലെ അപ്രതീക്ഷിതമായി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ ഇടം കണ്ടെത്തി. വമ്പൻ ജയത്തോടെ അവർ വില്ലയെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളി നേടിയ ഗോളുകളുടെ എണ്ണത്തിന്റെ ബലത്തിൽ അവസാന പതിനാറിലേക്ക് മാർച്ച് ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴാമത് ആണ് അവർ. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായി ഒരു ടീം മൂന്നു സെൽഫ് ഗോളുകൾ നേടിയത് കണ്ട മത്സരം ആയിരുന്നു ഇത്. ഫെയനൂർദിന്റെ ട്രൊനർ 2 തവണ സെൽഫ്‌ ഗോൾ വഴങ്ങുന്നതും കാണാൻ ആയി. വമ്പൻ പരാജയം വഴങ്ങിയെങ്കിലും 19 സ്ഥാനത്ത് എത്താൻ ആയ ഫെയനൂർദിനു പ്ലെ ഓഫ് കളിച്ചു അവസാന പതിനാറിൽ എത്താൻ അവസരം ഉണ്ട്.

ലൗടാരോ മാർട്ടിനസിന്റെ ഹാട്രിക് മികവിൽ ഇന്റർ മിലാൻ, ജയവുമായി ലെവർകുസനും അവസാന പതിനാറിൽ

ഫ്രഞ്ച് ക്ലബ് മൊണാകോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു യുഫേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലാം സ്ഥാനം ഉറപ്പിച്ചു ഇന്റർ മിലാൻ. ഹാട്രിക് നേടിയ അർജന്റീനൻ താരം ലൗടാരോ മാർട്ടിനസ് ആണ് ഇന്ററിന് വലിയ ജയം സമ്മനിച്ചത്. 12 മത്തെ മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു ക്രിസ്റ്റിയൻ പുറത്തായത് ഫ്രഞ്ച് ക്ലബിന് തിരിച്ചടി ആയിരുന്നു. നാലാം മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ വേട്ട തുടങ്ങിയ മാർട്ടിനസ് 16, 67 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെയാണ്‌ തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ 8 കളികളിൽ നിന്നു വെറും ഒരു ഗോൾ മാത്രമാണ് ഇന്റർ ഇത് വരെ വഴങ്ങിയത് എന്നതും ശ്രദ്ധേയമാണ്. പരാജയത്തോടെ 17 സ്ഥാനത്ത് ആയ മൊണാകോക്ക് ഇതോടെ അവസാന പതിനാറിൽ എത്താൻ പ്ലെ ഓഫ് കളിക്കണം.

അതേസമയം ഇതിനകം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ സ്പാർട്ട പ്രാഗയെ എതിരില്ലാത്ത 2 ഗോളിന് മറികടന്നു ബയേർ ലെവർകുസൻ ആദ്യ എട്ടിൽ സ്ഥാനം ഉറപ്പിച്ചു. ജയത്തോടെ ആറാം സ്ഥാനം ഉറപ്പിച്ച അവർ നേരിട്ടു അവസാന പതിനാറിലേക്ക് യോഗ്യത നേടി. 32 മത്തെ മിനിറ്റിൽ ഫ്രിംപോങ്ങിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫ്ലോറിയൻ റിറ്റ്സ് ആണ് ജർമ്മൻ ക്ലബിന് മുൻതൂക്കം നൽകിയത്. എട്ടാം മത്സരത്തിൽ നിന്നു ചാമ്പ്യൻസ് ലീഗിലെ ആറാം ഗോൾ ആയിരുന്നു ജർമ്മൻ താരത്തിന് ഇത്. തുടർന്ന് 64 മത്തെ മിനിറ്റിൽ നാഥൻ ടെല്ല നേടിയ ഗോൾ ലെവർകുസൻ ജയം ഉറപ്പിക്കുക ആയിരുന്നു.

സമനില വഴങ്ങി ബാഴ്‌സലോണ, ജയം കുറിച്ചു അത്ലറ്റികോ മാഡ്രിഡ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടമാക്കി ബാഴ്‌സലോണ. ഇറ്റാലിയൻ ക്ലബ് അറ്റലാന്റക്ക് എതിരെ 2 തവണ മുന്നിട്ട് നിന്ന ശേഷവും സമനില വഴങ്ങിയ അവർ രണ്ടാം സ്ഥാനക്കാർ ആയാണ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്. റഫീന്യോയുടെ പാസിൽ നിന്നു ലമീൻ യമാൽ ആണ് 47 മത്തെ മിനിറ്റിൽ ബാഴ്‌സക്ക് മുൻതൂക്കം നൽകിയത് എന്നാൽ എഡേഴ്സൻ 20 മിനിറ്റിനുള്ളിൽ ഗോൾ തിരിച്ചടിച്ചു. തുടർന്ന് റഫീന്യോയുടെ പാസിൽ നിന്നു റൊണാൾഡ് അരോഹോ 72 മത്തെ മിനിറ്റിൽ ഗോൾ നേടിയെങ്കിലും 77 മത്തെ മിനിറ്റിൽ മരിയോ പസാലിച്ചിലൂടെ ഇറ്റാലിയൻ ക്ലബ് രണ്ടാം ഗോളും മടക്കി. സമനില വഴങ്ങിയതോടെ ആദ്യ എട്ടിലെ സ്ഥാനം കൈവിട്ട അറ്റലാന്റ ഒമ്പതാം സ്ഥാനത്ത് ആണ്, ഇതോടെ അവസാന പതിനാറിൽ എത്താൻ ഇവർക്ക് പ്ലെ ഓഫ് കളിക്കേണ്ടി വരും.

അതേസമയം 4-1 നു ആർ.ബി സാൽസ്ബർഗിനെ മറികടന്ന മറ്റൊരു സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് ആദ്യ എട്ടിലെ സ്ഥാനം ഉറപ്പിച്ചു. 34 സ്ഥാനക്കാർ ആയ ഓസ്ട്രിയൻ ക്ലബിന് എതിരായ ജയത്തോടെ അഞ്ചാം സ്ഥാനം ആണ് സിമിയോണിയുടെ ടീം ഉറപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള അന്റോണിയോ ഗ്രീസ്മാന്റെ മികവ് ആണ് അത്ലറ്റികോക്ക് മികച്ച ജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ പാസിൽ നിന്നു ഗുലിയാനോ സിമിയോണി ആണ് അവരുടെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 13, 45 മിനിറ്റിനുള്ളിൽ ഗോൾ നേടിയ ഗ്രീസ്മാൻ അത്ലറ്റികോ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 63 മത്തെ മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാർക്കോസ് യോറന്റെ അത്ലറ്റികോ ജയം പൂർത്തിയാക്കി. 91 മത്തെ മിനിറ്റിൽ ആദം ഡാഹിം ആണ് ഓസ്ട്രിയൻ ടീമിന് ആയി ആശ്വാസ ഗോൾ നേടിയത്.

പരാജയപ്പെട്ടെങ്കിലും ഒന്നാം സ്ഥാനം കൈവിടാതെ ലിവർപൂൾ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ പി.എസ്.വിയോട് പരാജയപ്പെട്ടു ലിവർപൂൾ. ഏതാണ്ട് എല്ലാ പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകി ഇറങ്ങിയ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ പരാജയം ആണ് ഇത്. 3-2 നു ആണ് പി.എസ്.വി അവരെ മറികടന്നത്. ജയത്തോടെ 14 സ്ഥാനത്തേക്ക് കയറാൻ ആയ പി.എസ്.വി പ്ലെ ഓഫിലേക്കും യോഗ്യത നേടിയപ്പോൾ ലിവർപൂൾ നേരെ അവസാന പതിനാറിൽ ഇടം പിടിച്ചു. 28 മത്തെ മിനിറ്റിൽ കോഡി ഗാക്പോയുടെ പെനാൽട്ടിയിൽ ലിവർപൂൾ മുന്നിൽ എത്തിയപ്പോൾ റിക്കാർഡോ പെപിയുടെ പാസിൽ നിന്നു ജൊഹാൻ ബകയോക 7 മിനിറ്റിനുള്ളിൽ പി.എസ്.സിക്ക് സമനില നൽകി.

40 മത്തെ മിനിറ്റിൽ ഹാർവി എലിയറ്റിലൂടെ ഇംഗ്ലീഷ് ടീം മുൻതൂക്കം തിരിച്ചു പിടിച്ചെങ്കിലും ഡച്ച് ടീം 45 മത്തെ മിനിറ്റിൽ സായിബരിയിലൂടെ വീണ്ടും സമനില പിടിച്ചു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ റിക്കാർഡോ പെപി ഡച്ച് ടീമിന് വിജയം സമ്മാനിച്ചു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ അരങ്ങേറ്റത്തിനു ആയി ഇറങ്ങിയ 18 കാരനായ യുവതാരം അമരാ നല്ല ചുവപ്പു കാർഡ് കണ്ടതോടെ ലിവർപൂൾ 10 പേരായി ആണ് മത്സരം അവസാനിപ്പിച്ചത്.

തിരിച്ചു വന്നു ജയിച്ചു മൂന്നാം സ്ഥാനം ഉറപ്പിച്ചു ആഴ്‌സണൽ ചാമ്പ്യൻസ് ലീഗിൽ മുന്നോട്ട്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു അവസാന പതിനാറിലേക്ക് മുന്നേറി ആഴ്‌സണൽ. ചാമ്പ്യൻസ് ലീഗിൽ നിന്നു ഇതിനകം പുറത്തായ ജിറോണയെ അവരുടെ മൈതാനത്ത് 2-1 നു ആണ് ആഴ്‌സണൽ മറികടന്നത്. ബാഴ്‌സലോണ, ആഴ്‌സണൽ, ഇന്റർ മിലാൻ എന്നിവർക്ക് ഗ്രൂപ്പ് ഘട്ടത്തിൽ 19 പോയിന്റുകൾ ആണ് ഉള്ളത് എന്നതിനാൽ ഗോൾ വ്യത്യാസം ആണ് സ്ഥാനങ്ങൾ തീരുമാനിച്ചത്. ആദ്യം ഗോൾ വഴങ്ങിയ ശേഷം ആണ് ആഴ്‌സണൽ മത്സരത്തിൽ ജയം കണ്ടത്. 28 മത്തെ മിനിറ്റിൽ ജുവാനപയുടെ മികച്ച ത്രൂ ബോളിൽ നിന്നു ദഞ്ചുമ ഇന്ന് ആഴ്‌സണലിന് ആയി അരങ്ങേറ്റം കുറിച്ച ഗോൾ കീപ്പർ നെറ്റോയെ മറികടക്കുക ആയിരുന്നു.

പെനാൽട്ടി ബോക്സിനു വളരെ കയറി നിന്ന നെറ്റോയെ മികച്ച ഫിനിഷിലൂടെ താരം മറികടക്കുക ആയിരുന്നു. നിരവധി താരങ്ങൾക്ക് വിശ്രമം നൽകി എത്തിയ ആഴ്‌സണൽ 38 മത്തെ മിനിറ്റിൽ ഒപ്പം എത്തി. പാർട്ടിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ജോർജീന്യോ ലക്ഷ്യം കാണുക ആയിരുന്നു. തുടർന്ന് നാലു മിനിറ്റിനുള്ളിൽ ട്രൊസാർഡിന്റെ പാസിൽ നിന്നു സാകയെ ഓർമ്മിപ്പിച്ചു ഉഗ്രൻ ഷോട്ടിലൂടെ 17 കാരനായ യുവതാരം ഏഥൻ ന്വനെരി ആഴ്‌സണലിന് വിജയഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ സ്റ്റുവാനിയിലൂടെ സ്പാനിഷ് ടീം സമനില കണ്ടെത്തിയത് ആയി തോന്നിയെങ്കിലും ഈ ഗോൾ വാർ ഓഫ് സൈഡ് ആണെന്ന് കണ്ടെത്തി. തുടർന്ന് അവസാന നിമിഷങ്ങളിൽ ഹാന്റ് ബോളിന് ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചു എങ്കിലും പെനാൽട്ടി എടുത്ത റഹീം സ്റ്റെർലിങിന്റെ ശ്രമം ഗോൾ കീപ്പർ പൗ ലോപ്പസ് തടഞ്ഞു.

Exit mobile version