ഭാഗ്യവും നിർഭാഗ്യവും നിറഞ്ഞ നാടകീയ രാത്രിയിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി റെക്കോർഡ് ജേതാക്കൾ ആയ റയൽ മാഡ്രിഡ്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ അത്ലറ്റികോ മാഡ്രിഡിനെയാണ് അവർ മറികടന്നത്. ക്വാർട്ടർ ഫൈനലിലെ മാഡ്രിഡ് ഡെർബിയിൽ ആദ്യ പാദത്തിൽ 2-1 ന്റെ ജയവും ആയി എത്തിയ റയൽ മാഡ്രിഡിനെ 30 സെക്കന്റുകൾക്ക് ഉള്ളിൽ അത്ലറ്റികോ ഞെട്ടിച്ചു. സ്വന്തം ആരാധകർക്ക് മുമ്പിൽ മികച്ച നീക്കത്തിന് ഒടുവിൽ കൊണർ ഗാലഗർ ആണ് സിമിയോണിയുടെ ടീമിന് മത്സരത്തിൽ മുൻതൂക്കവും ഇരു പാദങ്ങളിൽ ആയി സമനിലയും നൽകിയത്. നന്നായി കളിക്കുന്ന അത്ലറ്റികോയെയും അതേപോലെ ഇടക്ക് വെല്ലുവിളി ഉയർത്തുന്ന റയലിനെയും ആണ് കൂടുതൽ കാണാൻ ആയത്.

രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ എംബപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി റയലിന് ജയം നേടാനുള്ള സുവർണ അവസരം ആയി. എന്നാൽ പെനാൽട്ടി എടുത്ത വിനീഷ്യസ് ജൂനിയർ അത് പുറത്തേക്ക് അടിച്ചു കളഞ്ഞു. തുടർന്ന് 90 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. എക്സ്ട്രാ സമയത്ത് 30 മിനിറ്റും പരസ്പരം ആക്രമിച്ചു കളിക്കുന്ന ഇരു ടീമിനെയും ആണ് കാണാൻ ആയത് എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. അവിശ്വസനീയം ആയ വിധം നാടകീയ രംഗങ്ങൾ ആണ് പെനാൽട്ടി ഷൂട്ട് ഔട്ടിൽ അരങ്ങേറിയത്. റയലിന്റെ ആദ്യ 2 പെനാൽട്ടിയും എംബപ്പെയും ബെല്ലിങ്ഹാമും ലക്ഷ്യത്തിൽ എത്തിച്ചു. അത്ലറ്റികോയുടെ ആദ്യ കിക്ക് സോർലോത്തും, അത്ലറ്റികോയുടെ രണ്ടാം പെനാൽട്ടി എടുത്ത ജൂലിയൻ ആൽവരസ് വീഴാൻ പോയെങ്കിലും പന്ത്‌ വലയിൽ എത്തിച്ചു. റഫറി ഗോളും അനുവദിച്ചു.

എന്നാൽ തുടർന്ന് റയൽ താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പെട്ടെന്ന് നടന്ന വാർ പരിശോധനയിൽ അർജന്റീന താരത്തിന്റെ പെനാൽട്ടി ഡബിൾ ടച്ച്‌ ആയി വിധിക്കുക ആയിരുന്നു. വലത് കാലു കൊണ്ടു എടുക്കും മുമ്പ്‌ താരത്തിന്റെ ഇടത് കാൽ പന്തിൽ തട്ടിയത് ആയാണ് വാർ കണ്ടെത്തൽ. തുടർന്ന് ഗോൾ റഫറി അനുവദിച്ചില്ല. അടുത്ത പെനാൽട്ടി വാൽവെർഡെ ലക്ഷ്യം കണ്ടതോടെ റയൽ 3-1 നു പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുന്നിൽ എത്തി. അടുത്ത പെനാൽട്ടി ലക്ഷ്യം കണ്ട കൊറെയ അത് 3-2 ആക്കി. റയലിന്റെ വാസ്‌കസിന്റെ പെനാൽട്ടി രക്ഷിച്ച ഒബ്ളാക് അത്ലെറ്റികോക്ക് പ്രതീക്ഷ നൽകി. എന്നാൽ അടുത്ത കിക്ക് എടുത്ത മാർക്കോസ് യോറന്റെയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. തുടർന്ന് റൂഡിഗറിന്റെ ഷോട്ട് ഒബ്ളാക്കിന്റെ കയ്യിൽ തട്ടി ഗോൾ ആയതോടെ പെനാൽട്ടി ഷൂട്ട് ഔട്ട് 4-2 നു റയൽ ജയിക്കുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആഴ്‌സണൽ ആണ് റയൽ മാഡ്രിഡിന്റെ എതിരാളി.

മാർകോ അസൻസിയോ തീ! ആസ്റ്റൺ വില്ല ക്വാർട്ടർ ഫൈനലിൽ പി.എസ്.ജിയെ നേരിടും

യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആസ്റ്റൺ വില്ല. ആദ്യ പാദത്തിൽ ക്ലബ് ബ്രൂഷിനെ 3-1 നു മറികടന്ന അവർ രണ്ടാം പാദത്തിൽ 3-0 ന്റെ ജയം ആണ് സ്വന്തം മൈതാനത്ത് നേടിയത്. നന്നായി തുടങ്ങിയ ബ്രൂഷിനു 16 മിനിറ്റിൽ റാഷ്ഫോർഡിനെ ഫൗൾ ചെയ്ത സാബെയെ ചുവപ്പ് കാർഡ് കണ്ടു നഷ്ടമായത് വമ്പൻ തിരിച്ചടിയായി. തുടർന്ന് ഗോൾ രഹിതമായ ആദ്യ പകുതിക്ക് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പി.എസ്.ജിയിൽ നിന്നു ലോണിൽ എത്തിയ മാർകോ അസൻസിയോയുടെ മികവ് ആണ് കാണാൻ ആയത്.

ഇറങ്ങി 5 മിനിറ്റിനുള്ളിൽ ബെയ്ലിയുടെ പാസിൽ നിന്നു സ്പാനിഷ് താരം തന്റെ ആദ്യ ഗോൾ നേടി. തുടർന്ന് 7 മിനിറ്റിനുള്ളിൽ മോർഗൻ റോജേഴ്‌സിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഇയാൻ മാറ്റ്സൻ വില്ലയുടെ രണ്ടാം ഗോളും കണ്ടെത്തി. തുടർന്ന് 61 മത്തെ മിനിറ്റിൽ റാഷ്ഫോർഡിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ അസൻസിയോ വില്ല ജയം പൂർത്തിയാക്കി. വില്ലയിൽ ജനുവരിയിൽ എത്തിയ ശേഷം അസൻസിയോയുടെ ഏഴാം ഗോൾ ആയിരുന്നു ഇത്. ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ജേതാക്കൾ ആയ പരിശീലകൻ ഉനയ് എമറെയുടെ പഴയ ടീമായ പി.എസ്.ജിയെ ആണ് ആസ്റ്റൺ വില്ല നേരിടുക.

എമിറേറ്റ്‌സിൽ സമനിലയും ആയി ആഴ്‌സണൽ ക്വാർട്ടർ ഫൈനലിലേക്ക്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ. ഡച്ച് ചാമ്പ്യൻമാർ ആയ പി.എസ്.വിയെ ആദ്യ പാദത്തിൽ 7-1 തകർത്ത ആഴ്‌സണൽ ആദ്യ എട്ടിലെ സ്ഥാനം ഉറപ്പിച്ചു തന്നെയാണ് കളിക്കാൻ ഇറങ്ങിയത്. നിരവധി മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്‌സണൽ, മധ്യനിരയിൽ കളിക്കാൻ ഇറങ്ങിയ സിഞ്ചെങ്കോയുടെ ഗോളിൽ ആറാം മിനിറ്റിൽ തന്നെ മുന്നിൽ എത്തി. റഹീം സ്റ്റെർലിങിന്റെ പാസിൽ നിന്നായിരുന്നു ഉക്രൈൻ താരത്തിന്റെ ഗോൾ. എന്നാൽ 18 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിലെ പിഴവിൽ നിന്നു ടിലിന്റെ പാസിൽ നിന്നു പെരിസിച് പി.എസ്.വിക്ക് മത്സരത്തിൽ സമനില സമ്മാനിച്ചു.

37 മത്തെ മിനിറ്റിൽ റഹീം സ്റ്റെർലിങിന്റെ അതുഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഡക്ലൻ റൈസ് ആഴ്‌സണലിന് വീണ്ടും മുൻതൂക്കം നൽകി. അതിനു മുമ്പ് ലൂയിസ്-സ്‌കെല്ലിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പി.എസ്.വി നന്നായി ആണ് കളിച്ചത്. പലപ്പോഴും റയയെ അവർ പരീക്ഷിക്കുകയും ചെയ്തു. 70 മത്തെ മിനിറ്റിൽ ജോർജീന്യോയുടെ പിഴവിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ഡ്രിയച് ഡച്ച് ടീമിന് ഇന്ന് അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. 9-3 ന്റെ ജയവും ആയി ക്വാർട്ടറിൽ എത്തുന്ന ആഴ്‌സണൽ മാഡ്രിഡ് ടീമുകളിൽ ഒന്നിനെ ആവും അവസാന എട്ടിൽ നേരിടുക.

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്ക് ഡോർട്ട്മുണ്ട് എതിരാളികൾ

യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബൊറൂസിയ ഡോർട്ട്മുണ്ട്. ആദ്യ പാദത്തിൽ 1-1 നു സമനില വഴങ്ങിയ അവർ രണ്ടാം പാദത്തിൽ ഫ്രഞ്ച് ക്ലബ് ലിലെയെ അവരുടെ മൈതാനത്ത് 2-1 നു മറികടന്നു ആണ് അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണ ആണ് അവരുടെ എതിരാളികൾ. ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ പിറകിൽ നിന്ന ശേഷമാണ് ജർമ്മൻ ടീമിന്റെ തിരിച്ചു വരവ്. അഞ്ചാം മിനിറ്റിൽ ഇസ്മാലിയുടെ പാസിൽ നിന്നു ജൊനാഥൻ ഡേവിഡ് ആണ് ഫ്രഞ്ച് ക്ലബിന് മുൻതൂക്കം നൽകിയത്. ഡോർട്ട്മുണ്ട് ഗോൾ കീപ്പറുടെ അബദ്ധം ആണ് ഗോൾ ആയി മാറിയത്.

തുടർന്ന് സമനിലക്ക് ആയി ഡോർട്ട്മുണ്ട് നിരന്തരം ആക്രമിച്ചു കളിച്ചപ്പോൾ തുടർച്ചയായ അവിശ്വസനീയം ആയ രക്ഷപ്പെടുത്തലുകളും ആയി ലിലെ ഗോൾ കീപ്പറും പ്രതിരോധവും ജർമ്മൻ ടീമിനെ തടഞ്ഞു. ഇടക്ക് ലഭിച്ച സുവർണ അവസരം മുതലാക്കാൻ ആന്ദ്രക്ക് ആയതും ഇല്ല. തുടർന്ന് രണ്ടാം പകുതിയിൽ മുന്നേറ്റനിര താരം ഗുയിരാസിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 54 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട എമറെ ചാൻ ഡോർട്ട്മുണ്ടിന് സമനില സമ്മാനിച്ചു. തുടർന്ന് 11 മിനിറ്റിനുള്ളിൽ ഗുയിരാസിയുടെ പാസിൽ നിന്നു തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ മികച്ച ഷോട്ടിലൂടെ നേടിയ മാക്സിമില്യൻ ബെയിറർ ഡോർട്ട്മുണ്ടിന് അവസാന എട്ടിലെ സ്ഥാനം നൽകുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ലിലെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.

ആൻഫീൽഡിൽ പാരീസ് ചിരി! ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്ത്

യുഫേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ട്രബിൾ സ്വപ്നവും ആയി എത്തിയ ലിവർപൂളിനെ പുറത്താക്കി പാരീസ് സെന്റ് ജർമ്മൻ. ആദ്യ പാദത്തിൽ 1-0 ന്റെ പരാജയവും ആയി ആൻഫീൽഡിൽ എത്തിയ പി.എസ്.ജി പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ലിവർപൂളിനെ പുറത്താക്കിയത്. ആദ്യ പാദത്തിൽ നിർത്തിയ നിടത്ത് നിന്നു പി.എസ്.ജി തുടങ്ങുന്നത് ആണ് രണ്ടാം പാദത്തിലും കണ്ടത്. നിരന്തരം ആക്രമിച്ചു കളിച്ച അവർ 12 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിൽ എത്തി. ബ്രാകോളയുടെ ക്രോസിനുള്ള ശ്രമം കൊനാറ്റ തടഞ്ഞെങ്കിലും പിന്നാലെ എത്തിയ ഡെമ്പെല പാരീസിൽ തങ്ങളുടെ വഴി മുടക്കിയ ആലിസണിനെ ആദ്യമായി മറികടന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബ്രാകോളക്ക് ലഭിച്ച അവസരത്തിൽ മികച്ച സേവ് ആലിസൺ നടത്തി. ആദ്യ പകുതിയിൽ പി.എസ്.ജിയുടെ വേഗത്തിനും മധ്യനിരയിലെ മികവിനും മുന്നിൽ ലിവർപൂൾ പതറി. പ്രതിരോധത്തിൽ സലാഹിനെ പൂട്ടിയ നൂനോ മെന്റസും മധ്യനിരയിൽ വിറ്റീനയും നെവസും നന്നായി ആണ് കളിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ കളി കയ്യിൽ എടുത്തു. നിരന്തരം ആക്രമിച്ച അവർക്ക് മുന്നിൽ എന്നാൽ ഡൊണറൂമ വൻ മതിൽ തീർത്തു. ഇടക്ക് സൊബസ്ലായി പന്ത് വലയിൽ എത്തിച്ചെങ്കിലും അത് ഓഫ് സൈഡ് ആയി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ക്വനാഷിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് ലിവർപൂളിന് വമ്പൻ നിരാശ സമ്മാനിച്ചു. ലിവർപൂൾ ആധിപത്യം കാണിച്ച രണ്ടാം പകുതിയിൽ അവർക്ക് ഗോൾ ഒന്നും നേടാൻ ആവാത്തതോടെ മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു. എന്നാൽ ആ 30 മിനിറ്റിൽ പി.എസ്.ജിയാണ് മികവ് കാണിച്ചത്. അവസാന നിമിഷങ്ങളിൽ ഡെമ്പെലയുടെ ഉഗ്രൻ ശ്രമം ആലിസൺ അവിശ്വസനീയം ആയാണ് രക്ഷിച്ചത്. തുടർന്ന് ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. എന്നാൽ അവിടെ ലിവർപൂളിന്റെ ഡാർവിൻ നൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ പെനാൽട്ടി രക്ഷിച്ച പാരീസ് ഗോൾ കീപ്പർ ഡൊണരുമ ആൻഫീൽഡിൽ പാരീസിന് സ്വപ്ന രാത്രി സമ്മാനിച്ചു. പാരീസിന് ആയി പെനാൽട്ടി എടുത്ത 4 പേരും ലക്ഷ്യം കണ്ടപ്പോൾ സലാഹ് മാത്രമാണ് ലിവർപൂളിന് ആയി പെനാൽട്ടി ലക്ഷ്യം കണ്ടത്. ക്വാർട്ടർ ഫൈനലിൽ ആസ്റ്റൺ വില്ല, ക്ലബ് ബ്രൂഷെ മത്സര വിജയിയെ ആണ് പാരീസ് നേരിടുക.

ലെവർകുസനെ നാണം കെടുത്തി ബയേൺ മ്യൂണിക് ചാമ്പ്യൻസ് ക്വാർട്ടറിൽ

യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബയേൺ മ്യൂണിക്. ആദ്യ പാദത്തിൽ നാട്ടുകാരായ ബയേർ ലെവർകുസനെ 3-0 നു തോൽപ്പിച്ച കൊമ്പനിയുടെ ബയേൺ ഇന്ന് സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ജയം കണ്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ഹാരി കെയിൻ ആണ് ബയേണിനു മത്സരത്തിൽ മുൻതൂക്കം നൽകിയത്.

ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ 10 ഗോളുകൾ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി ഇതോടെ കെയിൻ. തുടർന്ന് 71 മത്തെ മിനിറ്റിൽ കെയിനിന്റെ ബുദ്ധിപരമായ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ അൽഫോൺസോ ഡേവിസ് ബയേണിന്റെ 5-0 ന്റെ ഇരു പാദങ്ങളിലും ആയുള്ള വമ്പൻ ജയം പൂർത്തിയാക്കി. ബയേണിനു എതിരെ ഒരു ഗോൾ പോലും അടിക്കാൻ സാബിയുടെ ടീമിന് രണ്ടു മത്സരങ്ങളിലും ആയി ആയില്ല. ക്വാർട്ടർ ഫൈനലിൽ ഇന്റർ മിലാൻ ആണ് ബയേണിന്റെ എതിരാളികൾ.

ജയത്തോടെ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് അവസാന എട്ടിൽ

യുഫേഫ ചാമ്പ്യൻസ് ലീഗ് അവസാന എട്ടിലേക്ക് മുന്നേറി ഇന്റർ മിലാൻ. ഫെയനൂർദിനെ ആദ്യ പാദത്തിൽ 2-0 തോൽപ്പിച്ച ഇന്റർ രണ്ടാം പാദത്തിൽ 2-1 നു ജയം നേടി. മത്സരത്തിൽ എട്ടാം മിനിറ്റിൽ കാർലോസ് അഗസ്റ്റയുടെ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ മാർകസ് തുറാം ആണ് ഇന്ററിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്.

തുടർന്ന് ജേക്കബ് മോഡറിന്റെ പെനാൽട്ടി ഗോളിൽ ഡച്ച് ടീം മത്സരത്തിൽ സമനില കണ്ടെത്തി. എന്നാൽ രണ്ടാം പകുതിയിൽ തരെമിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 51 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട ഹകൻ ഇന്ററിന് മത്സരത്തിലും ജയം നൽകുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണികിനെ ആണ് ഇന്റർ നേരിടുക.

സംഭവം ലമിൻ യമാൽ!! ലക്ഷ്യം തെറ്റാത്ത റഫീഞ്ഞ, ബാഴ്സലോണ ക്വാർട്ടർ ഫൈനലിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന പ്രീക്വാർട്ടർ രണ്ടാം പാദം മത്സരത്തിൽ ബെൻഫികയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി‌‌. നേരത്തെ പോർച്ചുഗലിൽ നടന്ന ആദ്യ പാദത്തിൽ 1-0 എന്ന സ്കോറിന് ബാഴ്സലോണ വിജയിച്ചിരുന്നു. .

ഇന്ന് കാറ്റലൻ ക്ലബ് അവരുടെ ഹോം ഗ്രൗണ്ടിൽ മികച്ച തുടക്കമാണ് നേടിയത്. പത്താം മിനിറ്റിൽ തന്നെ റാഫിഞ്ഞയിലൂടെ ബാഴ്സലോണ ലീഡ് നേടി. ലെമിൻ യമാലിന്റെ മനോഹരമായ അസിസ്റ്റിക് നിന്നായിരുന്നു ഈ ഗോൾ.

പതിമൂന്നാം മിനിറ്റിൽ ഒട്ടമണ്ടി ഒരു കോർണറിൽ നിന്ന് ബെൻഫികയ്ക്ക് സമനില നേടിക്കൊടുത്തു എന്നാൽ അധികം താമസിയാതെ തന്നെ ബാഴ്സലോണ ലീഡ് തരികെ നേടി. 27ആം മുനുറ്റിൽ ഒരു ഇടം കാലൻ ലോങ്ങ് റേഞ്ചറിലൂടെ ലമിൻ യമാൽ ആണ് വീണ്ടും ബാഴ്സയെ ലീഡിൽ കൊണ്ടുവന്നത്.

42 മിനിറ്റിൽ ബാൾദെയുടെ അസിസ്റ്റൽ നിന്ന് റഫീഞ്ഞ തൻറെ രണ്ടാം ഗോൾ നേടിയതോടെ ബാഴ്സലോണ 3-0-ന് മുന്നിലെത്തി. ഇനി ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടോ ലില്ലയൊ ആകും ബാഴ്സലോണയുടെ എതിരാളികൾ

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16: രണ്ടാം പാദ ഫിക്സ്ചറുകൾ ഇന്ന് മുതൽ

യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. 1-0ന്റെ ആദ്യ പാദ ലീഡ് കൈവശം വച്ചിരിക്കുന്ന ബാഴ്‌സലോണ, ബെൻഫിക്കയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ ജോലി പൂർത്തിയാക്കാൻ നോക്കും.

അതേസമയം ഇൻ്റർ മിലാൻ 2-0 ൻ്റെ മുൻതൂക്കത്തോടെ ഫെയ്‌നൂർഡിനെ നേരിടും. മിലാനിൽ വെച്ചാണ് രണ്ടാം പശം നടക്കുന്നത്. പിഎസ്‌ജിയോട് 1-0ന് ജയിച്ച ലിവർപൂൾ ഇന്ന് പി എസ് ജിയെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു. ൽ

അതേസമയം, ബയേൺ ലെവർകുസണെ 3-0ന് ആദ്യ പാദത്തിൽ തോൽപ്പിച്ച ബയേൺ മ്യൂണിച്ച് ഇന്ന് ലെവർകൂസന്റെ ഹോമിൽ ഇറങ്ങും.

ഫിക്‌ചർ:
മാർച്ച് 11 ചൊവ്വാഴ്ച

ബാഴ്‌സലോണ vs ബെൻഫിക്ക ( 1-0) – 11:15 PM

മാർച്ച് 12 ബുധനാഴ്ച

ഇൻ്റർ vs ഫെയ്‌നൂർഡ് (2-0) – 1:30 AM

ലിവർപൂൾ vs PSG (1-0) – 1:30 AM

ലെവർകുസെൻ vs ബയേൺ (ആകെ: 0-3) – 1:30 AM

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ജർമ്മനിയിൽ സമനില വഴങ്ങി ഡോർട്ട്മുണ്ട്

യുഫേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ജർമ്മനിയിൽ സമനില വഴങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഫ്രഞ്ച് ടീം ലില്ലെയാണ് ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ 22 മത്തെ മിനിറ്റിൽ കരീം അദയെമിയിലൂടെ ഡോർട്ട്മുണ്ട് ആണ് മുന്നിൽ എത്തിയത്.

എന്നാൽ രണ്ടാം പകുതിയിൽ സമനിലക്ക് ആയി ശ്രമിച്ച ലില്ലെ ശ്രമങ്ങൾ ഫലം കണ്ടു. 68 മത്തെ മിനിറ്റിൽ ജൊനാഥൻ ഡേവിഡിന്റെ പാസിൽ നിന്നു ഹരാഡ്ൽസൻ ഫ്രഞ്ച് ടീമിന് വിലപ്പെട്ട സമനില സമ്മാനിച്ചു. അടുത്ത ബുധനാഴ്ച സ്വന്തം മൈതാനത്ത് രണ്ടാം പാദത്തിൽ മികവ് കാണിച്ചു അവസാന എട്ടിൽ സ്ഥാൻ പിടിക്കാൻ ആവും ഫ്രഞ്ച് ക്ലബിന്റെ ശ്രമം.

മാഡ്രിഡ് ഡെർബിയിൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് ജയം

യുഫേഫ ചാമ്പ്യൻസ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് ജയം. അത്ലറ്റിക്കോയെ 2-1 എന്ന സ്കോറിന് ആണ് സ്വന്തം മൈതാനത്ത് അവർ മറികടന്നത്. തുല്യ ശക്തികൾ മാറ്റുരച്ച മത്സരത്തിൽ മികച്ച മൂന്നു ഗോളുകൾ ആണ് പിറന്നത്. സീസണിൽ കളിച്ച 2 കളികളിലും അത്ലറ്റിക്കോയെ മറികടക്കാൻ ആവാത്ത റയലിന് ഇത് വലിയ ജയം തന്നെ ആണ്. നാലാം മിനിറ്റിൽ വെൽവെർഡയുടെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ ഉഗ്രൻ ഗോൾ നേടിയ റോഡ്രിഗോ ആണ് റയലിന് മുൻതൂക്കം സമ്മാനിച്ചത്.

32 മത്തെ മിനിറ്റിൽ ഹാവി ഗാലന്റെ പാസിൽ നിന്നു യൂലിയൻ അൽവാരസ് അതുഗ്രൻ അതിസുന്ദരമായ ഷോട്ടിലൂടെ അത്ലറ്റിക്കോക്ക് സമനില സമ്മാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ മെന്റിയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് തന്റെ മാജിക്കൽ ബൂട്ടുകളും ആയി നടത്തിയ മാജിക്കും തുടർന്ന് ഉണ്ടായ ഷോട്ടും റയലിന് ജയം സമ്മാനിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ 300 ജയങ്ങൾ നേടുന്ന ആദ്യ ക്ലബ് ആയി റയൽ ഇതോടെ മാറി. തുടർന്ന് പ്രതിരോധത്തിലേക്ക് അമിതമായി വലിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് റയലിന് തുടർന്ന് അവസരങ്ങൾ ഒന്നും നൽകിയില്ല. അടുത്ത പാദത്തിൽ അത്ലറ്റിക്കോയുടെ മൈതാനത്ത് ബുധനാഴ്ച തീപാറും പോരാട്ടം തന്നെയാവും അവസാന എട്ടിനായി നടക്കുക എന്നുറപ്പാണ്.

എണ്ണം പറഞ്ഞ ഏഴ് ഗോളുകൾ! ഡച്ച് മണ്ണിൽ ആഴ്‌സണൽ അഴിഞ്ഞാട്ടം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ ഡച്ച് ചാമ്പ്യന്മാർ ആയ പി.എസ്.വിയെ 7-1 നു തകർത്തു ആഴ്‌സണൽ. കഴിഞ്ഞ 4 കളികളിൽ വെറും ഒരു ഗോൾ മാത്രം അടിക്കാൻ ആയ ആഴ്‌സണലിന് പക്ഷെ ഇന്ന് ഗോളിന് മുമ്പിൽ പതറിയില്ല. നന്നായി തുടങ്ങിയത് ആഴ്‌സണൽ ആണെങ്കിലും പി.എസ്.വിയുടെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് ആശ്വാസമായി. തുടർന്ന് 18 മത്തെ മിനിറ്റിൽ ഡക്ലൻ റൈസിന്റെ ഉഗ്രൻ ഇടതുകാലൻ ക്രോസിൽ നിന്നു ഹെഡറിലൂടെ യൂറിയൻ ടിംമ്പർ ആണ് ആഴ്‌സണലിന്റെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 3 മിനുറ്റിനുള്ളിൽ ഉഗ്രൻ നീക്കത്തിന് ഒടുവിൽ 18 കാരൻ മൈൽസ് ലൂയിസ് സ്‌കെല്ലിയുടെ പാസിൽ നിന്നു 17 കാരൻ ഏഥൻ ന്വനേരി ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ രണ്ടാം ഗോൾ ആയിരുന്നു ഇത്.

31 മത്തെ മിനിറ്റിൽ പി.എസ്.വിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മിഖേൽ മെറീനോ ആഴ്‌സണലിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിന് പിന്നാലെ മഞ്ഞ കാർഡ് മേടിച്ച സ്‌കെല്ലിയെ ആർട്ടെറ്റ പിൻവലിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ പാർട്ടി വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട നോഹ ലാങ് പി.എസ്.വിക്ക് പ്രതീക്ഷ നൽകി. രണ്ടാം പകുതിയിൽ ആഴ്‌സണലിന്റെ അവിശ്വസനീയ പ്രകടനം ആണ് കാണാൻ ആയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ന്വനേരിയുടെ ക്രോസിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന്റെ നാലാം ഗോളും കണ്ടെത്തി. അടുത്ത മിനിറ്റിൽ മികച്ച കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം കാലഫിയോരിയുടെ പാസിൽ നിന്നു അതിസുന്ദരമായ ഗോളിലൂടെ ട്രൊസാർഡ് ഇംഗ്ലീഷ് ക്ലബിന് അഞ്ചാം ഗോളും സമ്മാനിച്ചു.

തുടർന്നും ഗോളിന് ആയി ആക്രമണം തുടർന്നു ആഴ്‌സണൽ. മെറീനോയുടെ പാസിൽ നിന്നു 73 മത്തെ മിനിറ്റിൽ ഒഡഗാർഡ് അടിച്ച ഷോട്ട് തടുക്കാൻ പി.എസ്.വി ഗോൾ കീപ്പർക്ക് ആവാതിരുന്നതോടെ ആഴ്‌സണൽ ആറാം ഗോളും നേടി. തുടർന്ന് ഒഡഗാർഡ് നൽകിയ അതിസുന്ദരമായ അവിസ്മരണീയ ത്രൂ ബോളിൽ നിന്നു മുന്നേറ്റനിരക്കാരനെ ഓർമ്മിപ്പിച്ചു 85 മത്തെ മിനിറ്റിൽ ഇടത് ബാക്ക് റിക്കാർഡോ കാലഫിയോരി ഗോൾ നേടിയതോടെ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്ക് ഔട്ട് ഘട്ടത്തിൽ എതിരാളികളുടെ മൈതാനത്ത് 7 ഗോളുകൾ നേടുന്ന ആദ്യ ടീമായി ഇന്ന് ആഴ്‌സണൽ മാറി. രണ്ടാം പാദത്തിൽ ചടങ്ങു തീർക്കുന്ന ആവശ്യമേ നിലവിൽ ആഴ്‌സണലിന് ഉള്ളു. പരിക്ക് കാരണം മിക്ക പ്രമുഖ താരങ്ങളും ഇല്ലാതെ ഇത്തരം ഒരു ജയം ആർട്ടെറ്റക്ക് മികച്ച ആത്മവിശ്വാസം ആവും നൽകുക.

Exit mobile version