റോഡ്രിഗോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം വിജയിച്ചു. ഇന്ന് ഫ്രഞ്ച് ക്ലബായ ബ്രെസ്റ്റിനെ എവേ ഗ്രൗണ്ടിൽ വെച്ച് നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് വിജയിച്ചത്.
റയൽ മാഡ്രിഡിനായി റോഡ്രിഗോ രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഹാം ഒരു ഗോളും നേടി. 27ആം മിനുറ്റിൽ ആയിരുന്നു റോഡ്രിഗോയുടെ ആദ്യ ഗോൾ. 56ആം മിനുറ്റിൽ ജൂഡ് ലീഡ് ഇരട്ടിയാക്കി. അവസാനം 78ആം മിനുറ്റിലെ റോഡ്രിഗോ ഗോൾ റയലിന്റെ ജയം ഉറപ്പിച്ചു.
ലീഗ് ഘട്ടം അവസാനിച്ചപ്പോൾ റയൽ മാഡ്രിഡ് 15 പോയിന്റുമായി 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇനി അവർ പ്ലേ ഓഫ് മത്സരം കളിക്കേണ്ടതുണ്ട്.
യുഫേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിർണായക ജയം കുറിച്ചു ഇന്റർ മിലാൻ, എ.സി മിലാൻ ടീമുകൾ. സ്പാർട്ട പ്രാഗയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്റർ മിലാൻ മറികടന്നത്. 12 മത്തെ മിനിറ്റിൽ ബാസ്റ്റോണിയുടെ പാസിൽ നിന്നു ലൗടാരോ മാർട്ടിനസ് നേടിയ ഗോളിന് ആണ് ഇന്റർ ജയം നേടിയത്. ജയത്തോടെ 16 പോയിന്റുമായി അവർ ആഴ്‌സണലിന് ഗോൾ വ്യത്യാസത്തിൽ മാത്രം പിറകിൽ നാലാം സ്ഥാനത്ത് ആണ്.
അതേസമയം സ്പാനിഷ് ക്ലബ് ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് എ.സി മിലാൻ വീഴ്ത്തിയത്. 37 മത്തെ മിനിറ്റിൽ ഇസ്മയിൽ ബെനസറിന്റെ പാസിൽ നിന്നു റാഫയേൽ ലിയാവോ ആണ് മിലാന്റെ വിജയഗോൾ നേടിയത്. ജയത്തോടെ മിലാൻ ഗ്രൂപ്പിൽ ആറാം സ്ഥാനത്തേക്ക് കയറി. മറ്റ് മത്സരങ്ങളിൽ സെൽറ്റിക് എതിരില്ലാത്ത ഒരു ഗോളിന് യങ് ബോയ്സിനെ തോൽപ്പിച്ചപ്പോൾ ശാക്തർ ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ എതിരില്ലാത്ത 2 ഗോളിന് ഞെട്ടിച്ചു. ആർ.ബി ലൈപ്സിഗ് അതേസമയം സ്പോർട്ടിങ് ലിസ്ബണിനെ 2-1 നും മറികടന്നു.
യുഫേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയം കുറിച്ചു റയൽ മാഡ്രിഡ്. ഗ്രൂപ്പിൽ 34 സ്ഥാനക്കാർ ആയ ആർ.ബി സാൽസ്ബർഗിനെ ഒന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് ആണ് റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് തകർത്തത്. ഇതോടെ ഗ്രൂപ്പിൽ 16 സ്ഥാനത്തേക്ക് റയൽ കയറി. റയലിന്റെ ആധിപത്യം കണ്ട മത്സരത്തിൽ 23, 34 മിനിറ്റുകളിൽ റോഡ്രിഗോ നേടിയ ഗോളുകൾ അവർക്ക് മുൻതൂക്കം നൽകി. രണ്ടു ഗോളുകൾക്കും ജൂഡ് ബെല്ലിങ്ഹാം ആണ് അസിസ്റ്റുകൾ നൽകിയത്.
തുടർന്ന് രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ കിലിയൻ എംബപ്പെയുടെ ഗോളിൽ റയൽ മൂന്നാം ഗോളും നേടി. 55 മത്തെ മിനിറ്റിൽ ലൂക മോഡ്രിചിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ വിനീഷ്യസ് ജൂനിയർ റയലിന് ആയി നാലാം ഗോളും നേടി. 77 മത്തെ മിനിറ്റിൽ വാൽവെർഡയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ വിനീഷ്യസ് തന്നെയാണ് റയലിന്റെ ഗോൾ വേട്ട അവസാനിപ്പിച്ചതും. 85 മത്തെ മിനിറ്റിൽ മാഡ്‌സ് ബിഡ്സ്ട്രപ് ആണ് ഓസ്ട്രിയൻ ക്ലബിന് ആശ്വാസ ഗോൾ സമ്മാനിച്ചത്.
യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഡച്ച് ടീം ആയ ഫെയ്നൂർദിനോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി ബയേൺ മ്യൂണിക്. എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ജർമ്മൻ ടീം പരാജയപ്പെട്ടത്. പരാജയത്തോടെ ഗ്രൂപ്പിൽ 15 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബയേണിന്റെ ആദ്യ എട്ടിൽ എത്താനുള്ള സാധ്യതകൾ മങ്ങി. ജയത്തോടെ ഫെയ്നൂർദ് 11 സ്ഥാനത്തേക്കും കയറി. 80 ശതമാനം പന്ത് കൈവശം വെച്ച ബയേണിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ അവർ ലക്ഷ്യത്തിലേക്ക് 6 ഷോട്ടുകൾ ഉതിർത്തെങ്കിലും ഡച്ച് ടീമിന്റെ പ്രതിരോധം കുലുങ്ങിയില്ല. അതേസമയം ലക്ഷ്യത്തിലേക്ക് അടിച്ച 3 ഷോട്ടുകളും ഡച്ച് ടീം ഗോളാക്കി മാറ്റി.
മത്സരത്തിൽ 21 മത്തെ മിനിറ്റിൽ സ്മാലിന്റെ ലോങ് ബോളിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു സാന്റിയാഗോ ഹിമനസ് ആണ് ബയേണിനെ ആദ്യം ഞെട്ടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സ്റ്റെൻങ്സിനെ ഗുരെയിരോ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹിമനസ് ഡച്ച് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ ബയേണിന്റെ സമനില ഗോളിന് ആയുള്ള ശ്രമങ്ങൾ ആണ് കാണാൻ ആയത്. ആദ്യ പകുതിയിൽ എന്ന പോലെ ഹാരി കെയിൻ അവസരങ്ങൾ പാഴാക്കിയപ്പോൾ മുസിയാലയുടെയും സാനെയുടെയും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി. ബയേണിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് ഇടയിൽ 89 മത്തെ മിനിറ്റിൽ മിലാമ്പോയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ അയസെ ഉയെഡ ഫെയ്നൂർദിന്റെ അവിസ്മരണീയ ജയം പൂർത്തിയാക്കുക ആയിരുന്നു.
യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിൽ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു ആഴ്‌സണൽ. ഇന്ന് സ്വന്തം മൈതാനത്ത് ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്ബർഗിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച ആഴ്‌സണൽ നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ 16 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് ആണ്. ഇതോടെ ഗ്രൂപ്പിലെ ആദ്യ എട്ടിലെ സ്ഥാനം ആഴ്‌സണൽ ഏതാണ്ട് ഉറപ്പിച്ചു. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ അവർ മുന്നിൽ എത്തി. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ക്രോസിൽ നിന്നു കായ് ഹാവർട്‌സ് നൽകിയ മികച്ച പാസിൽ നിന്നു മികച്ച വോളിയിലൂടെ ഡക്ലൻ റൈസ് ആണ് ആഴ്‌സണലിന് മുൻതൂക്കം നൽകിയത്.
ഇംഗ്ലീഷ് താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. തുടർന്ന് ആദ്യ പകുതിയിൽ കോർണറിൽ നിന്നു ഗബ്രിയേലിന്റെ ഹെഡർ ഇഞ്ചുകൾ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്. തുടർന്നു രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കായ് ഹാവർട്‌സ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. തുടർന്ന് ന്വനേരിയുടെ മികച്ച ക്രോസിൽ നിന്നു റൈസിനു ഹെഡറിലൂടെ ലഭിച്ച മികച്ച അവസരം താരത്തിന് മുതലാക്കാൻ ആയില്ല. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ട്രോസാർസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.
യുഫേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും തകർന്നടിഞ്ഞു മാഞ്ചസ്റ്റർ സിറ്റി. പി.എസ്.ജിക്ക് എതിരെ പാരീസിൽ ഏറ്റവും നിർണായകമായ മത്സരത്തിൽ 2 ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമാണ് അവർ 4-2 ന്റെ പരാജയം വഴങ്ങിയത്. നിലവിൽ ഗ്രൂപ്പിൽ 25 സ്ഥാനത്തുള്ള സിറ്റിക്ക് അവസാന പതിനാറിൽ എത്താനുള്ള പ്ലെ ഓഫ് കളിക്കാൻ ഇനി അവസാന മത്സരം ജയിക്കണം. അതേസമയം ജയത്തോടെ പി.എസ്.ജി 22 സ്ഥാനത്തേക്ക് മുന്നേറി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവിശ്വസനീയം ആയ രണ്ടാം പകുതി ആണ് പാരീസിൽ കണ്ടത്. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ജാക്ക് ഗ്രീലിഷിലൂടെയും 53 മത്തെ മിനിറ്റിൽ ഏർലിങ് ഹാളണ്ടിലൂടെയും സിറ്റി മത്സരത്തിൽ മുന്നിൽ എത്തി.
എന്നാൽ തുടർന്ന് അവിസ്മരണീയ തിരിച്ചു വരവ് നടത്തുന്ന പാരീസിനെ ആണ് കാണാൻ ആയത്. രണ്ടാം പകുതിയിൽ ഇറങ്ങിയ ഡെമ്പേല ബാർക്കോളയുടെ പാസിൽ നിന്നു 56 മത്തെ മിനിറ്റിൽ ഒരു ഗോൾ മടക്കി. തുടർന്ന് നാലു മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടത്തിയ ബാർക്കോള പി.എസ്.ജിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർച്ചയായി വിജയഗോളിന് ആയി പരിശ്രമിച്ച പി.എസ്.ജി 78 മത്തെ മിനിറ്റിൽ വിറ്റിനയുടെ ക്രോസിൽ നിന്നു ജാവോ നെവസ് നേടിയ ഹെഡറിൽ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തി. തുടർന്ന് ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗോൺസാലോ ഗോമസ് നേടിയ ഗോൾ പി.എസ്.ജി ജയം ഉറപ്പിച്ചു. ആദ്യം ഇത് ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഈ ഗോൾ അനുവദിക്കുക ആയിരുന്നു.
യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന പരാജയം വഴങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. സീസണിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച തുടക്കം ലഭിച്ച അവർ ഇറ്റാലിയൻ ക്ലബ് ബൊളോഗ്നയോട് 2-1 നു ആണ് പരാജയപ്പെട്ടത്. 15 മത്തെ മിനിറ്റിൽ ഗുയിറാസിയുടെ പെനാൽട്ടി ഗോളിൽ മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ 71, 72 മിനിറ്റുകളിൽ വഴങ്ങിയ ഗോളുകളിലും ജർമ്മൻ ക്ലബ് പരാജയം സമ്മതിച്ചു. ഡലിങ, സാമുവൽ ലിങ് ജൂനിയർ എന്നിവർ ആണ് ഇറ്റാലിയൻ ക്ലബിന് ആയി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ ബൊളോഗ്നയുടെ ആദ്യ ജയം ആണ് ഇത്. പരാജയതോടെ ഡോർട്ട്മുണ്ട് ഗ്രൂപ്പിൽ 13 സ്ഥാനത്തേക്ക് വീണു. പരിശീലകൻ നൂറി സാഹിന്റെ ഭാവിയിൽ വലിയ ആശങ്കയാണ് ഈ പരാജയം സമ്മാനിക്കുന്നത്.
അതേസമയം ഓസ്ട്രിയൻ ക്ലബ് സ്ട്രം ഗ്രസിനെ ഇറ്റാലിയൻ ക്ലബ് അറ്റലാന്റ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു. സ്വന്തം മൈതാനത്ത് 5 വ്യത്യസ്ത താരങ്ങൾ ഗോൾ നേടിയ മത്സരത്തിൽ ജയം കുറിച്ച അറ്റലാന്റ ഇതോടെ ഗ്രൂപ്പിൽ 7 മത്സരങ്ങളിൽ നിന്നു 14 പോയിന്റുകളും ആയി നാലാം സ്ഥാനത്തേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാഴ്‌സലോണയെ നേരിടുന്ന അവർക്ക് സമനില ചിലപ്പോൾ അവസാന പതിനാറിലേക്ക് നേരിട്ട് യോഗ്യത നൽകും. ബെൽജിയം ക്ലബ് ക്ലബ് ബ്രൂഷെയോട് ഗോൾ രഹിത സമനില വഴങ്ങിയ യുവന്റസ് നിലവിൽ 12 പോയിന്റുകളും ആയി ഗ്രൂപ്പിൽ 14 സ്ഥാനത്ത് ആണ്, 11 പോയിന്റുകൾ ഉള്ള ബെൽജിയം ക്ലബ് 17 സ്ഥാനത്തും. മറ്റ് മത്സരങ്ങളിൽ റെഡ് സ്റ്റാർ ബെൽഗ്രെഡിനെ പി.എസ്.വി 3-2 നു തോൽപ്പിച്ചപ്പോൾ സ്റ്റുഗാർട്ട് സ്ലൊവൻ ബ്രാറ്റിസാൽവയെ 3-1 പരാജയപ്പെടുത്തി.
യുഫേഫ ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ് ബയേർ ലെവർകുസനെ 2-1 വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്. 15 പോയിന്റുകൾ നേടിയ അവർ മൂന്നാമത് എത്തിയപ്പോൾ 13 പോയിന്റ് ഉള്ള ലെവർകുസൻ ആറാം സ്ഥാനത്തേക്ക് വീണു. 25 മത്തെ മിനിറ്റിൽ പാബ്ലോ റിവാസിന് ചുവപ്പ് കാർഡ് ലഭിച്ചിട്ടും ജയം പിടിച്ചെടുക്കുന്ന സിമിയോണിയുടെ ടീമിനെ ആണ് മാഡ്രിഡിൽ കണ്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഹിൻകാപിയിലൂടെ ജർമ്മൻ ക്ലബ് മത്സരത്തിൽ മുൻതൂക്കം പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള അർജന്റീനൻ താരം യൂലിയൻ ആൽവരസ് ഗോളുമായി അത്ലറ്റികോക്ക് സമനില സമ്മാനിച്ചു.
മത്സരത്തിൽ 76 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ഹിൻകാപി പുറത്ത് പോയതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി. തുടർന്ന് വിജയഗോളിന് ആയി ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ 90 മത്തെ മിനിറ്റിൽ ഏഞ്ചൽ കൊറെയയുടെ പാസിൽ നിന്ന് ഗോൾ നേടിയ ആൽവരസ് അത്ലറ്റികോ തിരിച്ചു വരവ് പൂർത്തിയാക്കി അവർക്ക് ജയം സമ്മാനിച്ചു. അതേസമയം ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് ക്ലബ് മൊണാകോ വീഴ്ത്തി. എട്ടാം മിനിറ്റിൽ വിൽഫ്രയിഡ് സിങ്കോ ആണ് ഫ്രഞ്ച് ക്ലബിന് വിജയഗോൾ സമ്മാനിച്ചത്. നിലവിൽ ഇരു ടീമുകൾക്കും 13 പോയിന്റുകൾ വീതം ആണ് ഉള്ളത്. വില്ല എട്ടാം സ്ഥാനത്തും മൊണാകോ പത്താം സ്ഥാനത്തും ആണ് ഗ്രൂപ്പിൽ നിലവിൽ.
യുഫേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഏഴാം മത്സരവും ജയിച്ചു ലിവർപൂൾ പ്രീ ക്വാർട്ടർ ഫൈനലിൽ. ഫ്രഞ്ച് ക്ലബ് ലില്ലെയെ 2-1 സ്കോറിന് ആണ് ആൻഫീൽഡിൽ അവർ മറികടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനം ജയത്തോടെ സ്ലോട്ടിന്റെ ടീം ഉറപ്പിക്കുകയും ചെയ്തു. 34 മത്തെ മിനിറ്റിൽ കർട്ടിസ് ജോൺസിന്റെ പാസിൽ നിന്നു മൊ സലാഹ് മാജിക് ലിവർപൂളിന് മുൻതൂക്കം സമ്മാനിച്ചു. ലിവർപൂളിന് ആയി 50 മത്തെ യൂറോപ്യൻ ഗോൾ ആയിരുന്നു ഈജിപ്ഷ്യൻ രാജാവിന് ഇത്.
സമനിലക്ക് ആയി ആക്രമിച്ചു കളിച്ച ഫ്രഞ്ച് ക്ലബിന് രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് റൈറ്റ് ബാക്ക് അയിസ മണ്ടിയെ നഷ്ടമായി. എന്നാൽ 3 മിനിറ്റിനുള്ളിൽ ഗോൾ കണ്ടത്തിയ കനേഡിയൻ താരം ജൊനാഥൻ ഡേവിഡ് ഫ്രഞ്ച് ക്ലബിന് സമനില ഗോൾ സമ്മാനിച്ചു. നാലു മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഹാർവി എലിയറ്റിന്റെ ഷോട്ട് ലില്ലെ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ ലിവർപൂൾ ജയം സ്വന്തം പേരിലാക്കി. ജയത്തോടെ പ്രീ ക്വാർട്ടർ മത്സരങ്ങളും ലിവർപൂൾ ഒഴിവാക്കി. അതേസമയം പരാജയം വഴങ്ങിയ ലില്ലെ 13 പോയിന്റുകളും ആയി നിലവിൽ 11 സ്ഥാനത്ത് ആണ്.
യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവിസ്മരണീയ വിജയവുമായി ബാഴ്‌സലോണ. ലിസ്ബണിൽ ബെൻഫിക്കയെ 4 നു എതിരെ 5 ഗോളുകൾക്ക് ആണ് ഗോൾ മഴ കണ്ട മത്സരത്തിൽ ബാഴ്‌സലോണ തോൽപ്പിച്ചത്. ബാഴ്‌സ ഗോളിൽ ചെസ്നിയുടെ പിഴവുകൾ കണ്ട മത്സരത്തിൽ മോശം തുടക്കം ആണ് അവർക്ക് ലഭിച്ചത്. മത്സരം തുടങ്ങി 90 മത്തെ സെക്കന്റിൽ തന്നെ ഇവാഞ്ചലസ് പാവ്ലിഡിസിന്റെ ഗോളിൽ പോർച്ചുഗീസ് ക്ലബ് മുന്നിൽ എത്തി. 13 മത്തെ മിനിറ്റിൽ ബാൾഡയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലെവൻഡോവ്സ്കി ഗോൾ മടക്കി.
22 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളും 30 മത്തെ മിനിറ്റിൽ ചെസ്നി വഴങ്ങിയ പെനാൽട്ടിയും ലക്ഷ്യം കണ്ട ഇവാഞ്ചലസ് ഹാട്രിക്ക് പൂർത്തിയാക്കി ആദ്യ പകുതിയിൽ ബെൻഫിക്കക്ക് 3-1 ന്റെ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ഭാഗ്യം ബാഴ്‌സലോണയെ തുണച്ചു. ബെൻഫിക്ക ഗോൾ കീപ്പറുടെ ക്ലിയറസ് റഫീന്യോയുടെ തലയിൽ തട്ടി ഗോൾ ആയതോടെ മത്സരം 3-2 ആയി. നാലു മിനിറ്റിനുള്ളിൽ എന്നാൽ അറാഹുയയുടെ സെൽഫ് ഗോൾ ബാഴ്‌സക്ക് വീണ്ടും തലവേദനയായി. 77 മത്തെ മിനിറ്റിൽ 4-2 നു പിറകിൽ ആയ മത്സരത്തിൽ പിന്നീട് ബാഴ്‌സലോണയുടെ അവിശ്വസനീയ തിരിച്ചു വരവ് ആണ് കാണാൻ ആയത്. 78 മത്തെ മിനിറ്റിൽ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലെവൻഡോവ്സ്കി ഒരു ഗോൾ കൂടി മടക്കി. 86 മത്തെ മിനിറ്റിൽ പെഡ്രിയുടെ ഉഗ്രൻ ക്രോസ് ഹെഡറിലൂടെ ഗോൾ ആക്കി മാറ്റിയ എറിക് ഗാർസിയ ബാഴ്‌സലോണക്ക് വീണ്ടും സമനില സമ്മാനിച്ചു.
89 മത്തെ മിനിറ്റിൽ ഡി മരിയക്ക് ബെൻഫിക്കയെ വിജയത്തിൽ എത്തിക്കാൻ സുവർണ അവസരം ലഭിച്ചെങ്കിലും ചെസ്നി ബാഴ്‌സയുടെ രക്ഷക്ക് എത്തി. ഇഞ്ച്വറി സമയത്തെ 96 മത്തെ മിനിറ്റിൽ പക്ഷെ അവിശ്വസനീയ കാഴ്ചയാണ് കാണാൻ ആയത്. ബാഴ്‌സലോണ ആരാധകർക്ക് സ്വർഗ്ഗം സമ്മാനിച്ചു ഫെറാൻ ടോറസിന്റെ ക്ലിയറൻസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു വിജയഗോൾ നേടിയ റഫീന്യോ വമ്പൻ ക്ലാസിക്കിൽ ബാഴ്‌സലോണക്ക് വിജയം സമ്മാനിച്ചു. ഗോളിനു എതിരെ പ്രതിഷേധിച്ചതിനു ബെൻഫിക്ക ബെഞ്ചിലെ ആർതറിന് ചുവപ്പ് കാർഡും ലഭിച്ചു. ജയത്തോടെ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ്
പ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം അവശേഷിക്കേ 18 പോയിന്റും ആയി അവർ രണ്ടാം സ്ഥാനത്ത് ആണ് അതേസമയം 10 പോയിന്റ് നേടിയ ബെൻഫിക്ക 18 സ്ഥാനത്ത് ആണ്.
ചാമ്പ്യൻസ് ലീഗിലെ ആദ്യ എട്ട് സ്ഥാനങ്ങൾക്കായുള്ള മത്സരം ചൂടുപിടിക്കുകയാണ്. പ്ലേ ഓഫ് ഇല്ലാതെ നേരിട്ട് അടുത്ത റൗണ്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും പ്ലേ ഓഫ് യോഗ്യത എങ്കിലും ആഗ്രഹിക്കുന്നവർക്കും ഇനി ബാക്കിയുള്ളത് 2 മത്സരങ്ങൾ മാത്രം.
ലിവർപൂളും ബാഴ്‌സലോണയും ഇതിനകം തന്നെ അടുത്ത റൗണ്ട് ഉറപ്പിച്ചു. ചുരുങ്ങിയത് പ്ലേ ഓഫിൽ എങ്കിലും അവർ ഇടം നേടും. അതേസമയം, പാരീസ് സെൻ്റ് ജെർമെയ്ൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ ആദ്യ 24ൽ ഫിനിഷ് ചെയ്യാൻ വരെ വിയർക്കുകയാണ്.
18 പോയിൻ്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും ബാഴ്‌സലോണ 1 പോയിന്റുമായി തൊട്ടുപിന്നിലും ഉണ്ട്. ഇൻ്റർ മിലാൻ, എസി മിലാൻ, അറ്റലാൻ്റ, യുവൻ്റസ് എന്നിവർ ആദ്യ എട്ടിലേക്ക് മുന്നേറാൻ ആകുന്ന പൊസിഷനിലാണ് ഉള്ളത്. 13 പോയിൻ്റുമായി ആറാം സ്ഥാനത്താണ് ഇൻ്റർ മിലാൻ ഉള്ളത്. എസി മിലാൻ തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ച് 12-ാം സ്ഥാനത്തേക്ക് ഉയർന്നു. 11 പോയിൻ്റുള്ള അറ്റലാൻ്റയും യുവൻ്റസും ടോപ് 8 നഷ്ടപ്പെട്ടാലും പ്ലേ ഓഫ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ്.
പുതിയ ലീഗ് ഫോർമാറ്റ് പ്രകാരം ഓരോ ടീമും ഹോം, എവേ ആയി എട്ട് മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുന്നു. 9 മുതൽ 24 വരെ സ്ഥാനത്തുള്ള ടീമുകൾ നോക്കൗട്ട് പ്ലേ ഓഫ് കളിച്ച് വേണം അടുത്ത റൗണ്ട് എത്താൻ. 24-ാം സ്ഥാനത്തിനപ്പുറമുള്ള ക്ലബ്ബുകളുടെ യൂറോപ്യൻ പ്രചാരണങ്ങൾ അവസാനിക്കും.
ഫോം കണ്ടെത്താൻ പാടുപെടുന്ന PSG 25-ാം സ്ഥാനത്താണ്. യൂറോപ്പിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും യഥാക്രമം 22, 20 സ്ഥാനങ്ങളിലാണ്. ഇന്നലെ യുവന്റസിനോട് തോറ്റതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. വെറും രണ്ട് പോയിൻ്റുള്ള ബൊലോഗ്ന, യംഗ് ബോയ്‌സ്, ലെപ്‌സിഗ്, സ്ലോവൻ ബ്രാറ്റിസ്‌ലാവ എന്നിവർ എലിമിനേഷൻ ഉറപ്പിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ സ്ലോവൻ ബ്രാറ്റിസ്ലാവയ്‌ക്കെതിരെ അത്‌ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ വിജയം. 3-1ന്റെ സ്കോറിലാണ് വിജയം. 16-ാം മിനിറ്റിൽ ഹൂലിയൻ അൽവാരസിലൂടെ ആതിഥേയർ ലീഡ് നേടി. മാർക്കോസ് യോറന്റെയുടെ ക്രോസിൽ അൻ്റോയ്ൻ ഗ്രീസ്മാൻ ഗോൾ നേടിയതോടെ അത്‌ലറ്റിക്കോ ഹാഫ് ടൈമിന് തൊട്ടുമുമ്പ് അവരുടെ ഗോൾ നേട്ടം ഇരട്ടിയാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്ലോവൻ ബ്രാറ്റിസ്ലാവ തിരിച്ചുവരവിന് ശ്രമിച്ചു. ഡേവിഡ് സ്‌ട്രെലെക് തനിക്ക് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി. സ്കോർ 2-1 ആക്കി. എന്നിരുന്നാലും, ആറു മിനിറ്റിനുള്ളിൽ സ്ലോവൻ്റെ ഗോൾകീപ്പറുടെ പിഴവ് മുതലാക്കി ഗ്രീസ്മാൻ അത്‌ലറ്റിക്കോയുടെ മൂന്നാം ഗോളും തൻ്റെ രണ്ടാമത്തെ ഗോളും ഉറപ്പാക്കി.
ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റായി. സ്ലൊവാക്യൻ ടീം ഇതുവരെ കളിച്ച എല്ലാം മത്സരവും പരാജയപ്പെട്ട് ഏറ്റവും അവസാന സ്ഥാനത്താണ്.