Picsart 25 01 30 04 36 15 183

സമനില വഴങ്ങി ബാഴ്‌സലോണ, ജയം കുറിച്ചു അത്ലറ്റികോ മാഡ്രിഡ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടമാക്കി ബാഴ്‌സലോണ. ഇറ്റാലിയൻ ക്ലബ് അറ്റലാന്റക്ക് എതിരെ 2 തവണ മുന്നിട്ട് നിന്ന ശേഷവും സമനില വഴങ്ങിയ അവർ രണ്ടാം സ്ഥാനക്കാർ ആയാണ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്. റഫീന്യോയുടെ പാസിൽ നിന്നു ലമീൻ യമാൽ ആണ് 47 മത്തെ മിനിറ്റിൽ ബാഴ്‌സക്ക് മുൻതൂക്കം നൽകിയത് എന്നാൽ എഡേഴ്സൻ 20 മിനിറ്റിനുള്ളിൽ ഗോൾ തിരിച്ചടിച്ചു. തുടർന്ന് റഫീന്യോയുടെ പാസിൽ നിന്നു റൊണാൾഡ് അരോഹോ 72 മത്തെ മിനിറ്റിൽ ഗോൾ നേടിയെങ്കിലും 77 മത്തെ മിനിറ്റിൽ മരിയോ പസാലിച്ചിലൂടെ ഇറ്റാലിയൻ ക്ലബ് രണ്ടാം ഗോളും മടക്കി. സമനില വഴങ്ങിയതോടെ ആദ്യ എട്ടിലെ സ്ഥാനം കൈവിട്ട അറ്റലാന്റ ഒമ്പതാം സ്ഥാനത്ത് ആണ്, ഇതോടെ അവസാന പതിനാറിൽ എത്താൻ ഇവർക്ക് പ്ലെ ഓഫ് കളിക്കേണ്ടി വരും.

അതേസമയം 4-1 നു ആർ.ബി സാൽസ്ബർഗിനെ മറികടന്ന മറ്റൊരു സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് ആദ്യ എട്ടിലെ സ്ഥാനം ഉറപ്പിച്ചു. 34 സ്ഥാനക്കാർ ആയ ഓസ്ട്രിയൻ ക്ലബിന് എതിരായ ജയത്തോടെ അഞ്ചാം സ്ഥാനം ആണ് സിമിയോണിയുടെ ടീം ഉറപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള അന്റോണിയോ ഗ്രീസ്മാന്റെ മികവ് ആണ് അത്ലറ്റികോക്ക് മികച്ച ജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ പാസിൽ നിന്നു ഗുലിയാനോ സിമിയോണി ആണ് അവരുടെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 13, 45 മിനിറ്റിനുള്ളിൽ ഗോൾ നേടിയ ഗ്രീസ്മാൻ അത്ലറ്റികോ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 63 മത്തെ മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാർക്കോസ് യോറന്റെ അത്ലറ്റികോ ജയം പൂർത്തിയാക്കി. 91 മത്തെ മിനിറ്റിൽ ആദം ഡാഹിം ആണ് ഓസ്ട്രിയൻ ടീമിന് ആയി ആശ്വാസ ഗോൾ നേടിയത്.

Exit mobile version