കാരബാവോ കപ്പ് സെമി ഫൈനലിൽ സ്പർസിനെ മറികടന്ന് ചെൽസി ഫൈനലിൽ. സ്പർസ് ഒരു ഗോളിന് ജയിച്ച ആദ്യ പാദത്തിന് ശേഷം ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി 2-1 ന് ജയിക്കുകയായിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 2-2 ആയതോടെ പെനാൽറ്റി ആവശ്യമായി വന്നു. പക്ഷെ 4-2 ന് ചെൽസി പെനാൽറ്റി ഷൂട്ട് ഔട്ടിലും മുന്നിട്ട് നിന്ന് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിക്ക് എതിരാളികൾ.
പ്രീമിയർ ലീഗിൽ ആഴ്സണലിനോട് തോറ്റ ടീമിൽ നിന്ന് വില്ലിയൻ, അലോൻസോ എന്നിവരെ പുറത്തിരുത്തിയാണ് സാരി ചെൽസിയെ ഇറക്കിയത്. ഇരുവർക്കും പകരം എമേഴ്സൺ, പെഡ്രോ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. കെയ്‌നും, സോണും , അലിയും ഇല്ലാത്ത സ്പർസ് ആക്രമണ നിര മത്സരത്തിന്റെ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ ഏറെ വിഷമിച്ചപ്പോൾ ഹസാർഡ് തുടക്കം മുതൽ ഫോമിലായിരുന്നു.
മത്സരത്തിന്റെ 27 ആം മിനുട്ടിലാണ് ചെൽസി കാത്തിരുന്ന ഗോൾ പിറന്നത്. ഹസാർഡിന്റെ കോർണർ സ്പർസ് പ്രതിരോധം ക്ലിയർ ചെയ്‌തെങ്കിലും പന്ത് ലഭിച്ചത് ബോക്സിന് പുറത്ത് കാത്തുനിന്ന കാന്റെയുടെ കാലിലേക്ക്. താരത്തിന്റെ ബുള്ളറ്റ് വേഗതയുള്ള ഷോട്ട് സ്പർസ് കളിക്കാരുടെ ദേഹത്ത് തട്ടിയെങ്കിലും വലയിൽ തന്നെ പതിച്ചു. ഇതോടെ ആദ്യ പാദത്തിലെ ഒരു ഗോളിന്റെ പിൻതൂക്കം ചെൽസി 1- 1 ആക്കി. ഏറെ വൈകാതെ 38 ആം മിനുട്ടിൽ മനോഹരമായ ഒരു ചെൽസി നീക്കത്തിന് അവസാനം കുറിച്ച് ഹസാർഡ് പന്ത് സ്പർസ് വലയിലാക്കിയതോടെ ചെൽസി 2-1 ന് മുന്നിൽ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റോസിന്റെ ക്രോസ്സ് ഹെഡറിലൂടെ വലയിലാക്കി യോറന്റെ സ്പർസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നീട് ജിറൂദിലൂടെ ചെൽസിക്ക് ഏതാനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും താരത്തിന് ഫിനിഷിങിൽ പിഴച്ചപ്പോൾ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ട് ഔട്ടിൽ എറിക് ഡയർ പന്ത് പുറത്തേക്ക് അടിച്ചപ്പോൾ മോറയുടെ ഷോട്ട് ചെൽസി ഗോളി കെപ്പ തടുത്ത് ഇടുകയും ചെയ്തു. ചെൽസിക്ക് വേണ്ടി കിക്കെടുത്ത വില്ലിയൻ, ജോർജിഞ്ഞോ, ആസ്പിലിക്വെറ്റ, ഡേവിഡ് ലൂയിസ് എന്നിവർ പിഴവ് കൂടാതെ പന്ത് വലയിലാകുകയും ചെയ്തതോടെ സ്പർസിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു.