ലെവർകുസനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു വോൾവ്സ്ബർഗ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ തുടർ ജയങ്ങളും ആയി വന്ന ബയേർ ലെവർകുസനെ അവരുടെ മൈതാനത്തിൽ വച്ച് ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു കരുത്ത് കാണിച്ചു വോൾവ്സ്ബർഗ്. മത്സരത്തിൽ 70 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും കനത്ത തോൽവി വഴങ്ങാൻ ആയിരുന്നു ലെവർകുസന്റെ വിധി. പന്ത് കൈവശം വച്ച സമയം കുറവ് ആയിരുന്നു എങ്കിലും 14 ൽ 9 തവണയും ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്ത വോൾവ്സ്ബർഗ് തന്നെയാണ് മത്സരത്തിൽ കൂടുതൽ അപകടകാരികൾ. മത്സരത്തിൽ ഒരൊറ്റ ഷോട്ട് ലക്ഷ്യത്തിൽ അടിക്കാൻ മാത്രമേ ആതിഥേയർക്ക് ആയുള്ളൂ. ആദ്യ പകുതിക്ക് തൊട്ട് മുമ്പ് കളിയുടെ ഗതിക്ക് എതിരായി മാക്സിമില്യൻ അർണോൾഡിന്റെ ഫ്രീകിക്കിൽ നിന്നുള്ള ക്രോസിൽ ഹെഡറിലൂടെ പ്രതിരോധ നിര താരം മാരിൻ ആണ് വോൾവ്സ്ബർഗിന് ആദ്യ ഗോൾ സമ്മാനിച്ചത്.

രണ്ടാം പകുതിയിൽ 64 മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് ബുദ്ധിപൂർവ്വം ഷോട്ട് ഉതിർത്ത മാക്സിമില്യൻ അർണോൾട് വോൾവ്സ്ബർഗിന് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് 4 മിനിറ്റിനുള്ളിൽ ജയമുറപ്പിച്ച മൂന്നാം ഗോൾ വിക്ടറിന്റെ ക്രോസിൽ റെനാറ്റോ സ്റ്റെഫൻ കണ്ടെത്തി. 75 മത്തെ മിനിറ്റിൽ മാക്സിമില്യൻ അർണോൾഡിന്റെ ഫ്രീകിക്കിൽ നിന്നുള്ള മറ്റൊരു ക്രോസിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മാരിൻ വോൾവ്സ്ബർഗിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. 85 മിനിറ്റിൽ പകരക്കാരൻ ആയി വന്ന ജൂലിയൻ ആണ് ആതിഥേയർക്ക് ആശ്വാസഗോൾ സമ്മാനിച്ചത്. ജയത്തോടെ വോൾവ്സ്ബർഗ് 42 പോയിന്റുകളും ആയി ആറാമത് തുടരും. അതേസമയം 53 പോയിന്റുകൾ ഉള്ള ലെവർകുസൻ അഞ്ചാം സ്ഥാനത്ത് ആണ്.