6 ഗോൾ ത്രില്ലറിൽ സമനില വഴങ്ങി ഫ്രാങ്ക്ഫർട്ടും ഫ്രയ്ബർഗും, ബ്രമനോട് ഗോൾരഹിത ബൊറൂസിയക്ക് സമനില

ബുണ്ടസ് ലീഗയിൽ 6 ഗോൾ ത്രില്ലറിൽ 3-3 നു സമനില വഴങ്ങി ഫ്രാങ്ക്‌ഫർട്ടും ഫ്രയ്ബർഗും. കഴിഞ്ഞ മത്സരത്തിൽ പരാജയം വഴങ്ങിയ ഇരു ടീമുകളും ജയത്തിനായി കളിച്ചപ്പോൾ മത്സരം ആവേശത്തിലായി. 28 മത്തെ മിനിറ്റിൽ ഗ്രിഫോയിലൂടെ ഫ്രയ്ബർഗ് ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ 7 മിനിറ്റിനുള്ളിൽ ഒരു ഹെഡറിലൂടെ ആന്ദ്ര സിൽവ മത്സരത്തിൽ ഫ്രാങ്ക്‌ഫർട്ടിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ ഹെഡറിലൂടെ നിൽസ് പീറ്റർസെൻ ഫ്രയ്ബർഗിന് വീണ്ടും ലീഡ് സമ്മാനിച്ചു. 2 മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ ഗ്രിഫോയുടെ പാസിൽ ഗോൾ നേടിയ ലൂകാസ് ഹോളർ ഫ്രയ്ബർഗിനു 2 ഗോൾ ലീഡ് നൽകി.

എന്നാൽ മത്സരത്തിൽ ഉടനീളം ആധിപത്യം കാണിച്ച ഫ്രാങ്ക്‌ഫർട്ട് തോൽക്കാൻ ഒരുക്കമല്ലായിരുന്നു. 79 മിനിറ്റിൽ കമാഡയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച അവർ 3 മിനിറ്റിനുള്ളിൽ തിമോത്തി ചാണ്ടലറിലൂടെ സമനില ഗോൾ കണ്ടത്തി. മത്സരത്തിൽ 63 ശതമാനം പന്ത് കൈവശം വച്ച ഫ്രാങ്ക്‌ഫർട്ട് 34 ഷോട്ടുകൾ ആണ് ഉതിർത്തത്, ഇതിൽ 16 എണ്ണവും ലക്ഷ്യത്തിലേക്ക് ആണ് ഉതിർത്തത്. നിലവിൽ ഫ്രാങ്ക്‌ഫർട്ട് 14 സ്ഥാനത്തും ഫ്രയ്ബർഗ് ഏഴാം സ്ഥാനത്തും ആണ്. അതേസമയം തരം താഴ്‌ത്തൽ ഒഴിവാക്കാൻ പൊരുതുന്ന വെർഡർ ബ്രമൻ ആദ്യ നാലിൽ എത്താൻ പൊരുതുന്ന ബൊറൂസിയ മക്ലബാക്കിനെ ഗോൾരഹിത സമനിലയിൽ തളച്ചു. മത്സരത്തിൽ കൂടുതൽ അവസരം തുറന്ന ബ്രമന് സമനിലയിൽ ഒതുങ്ങേണ്ടി വന്നു. ഇതോടെ ബ്രമൻ 22 പോയിന്റുകളും ആയി 17 മത് തുടരും. അതേസമയം 53 പോയിന്റുകൾ ഉള്ള ബൊറൂസിയ ലീഗിൽ നാലാമത് ആണ്.

Previous articleലെവർകുസനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു വോൾവ്സ്ബർഗ്
Next articleമേയ് 28ന് ചേരുന്ന ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇംഗ്ലണ്ട് പരമ്പരയുടെ കൂടുതല്‍ വിവരങ്ങള്‍