എ.എഫ്.സി കപ്പിൽ വീണ്ടും ചെന്നൈയിൻ വിജയം

എ.എഫ്.സി കപ്പിൽ വീണ്ടും ജയിച്ച് ചെന്നൈയിൻ. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ളദേശ് ക്ലബ് അബാനി ധാക്കയെയാണ് ചെന്നൈയിൻ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ മുൻ ജംഷഡ്‌പൂർ എഫ്.സി താരം കൂടിയായ വെല്ലിങ്ടൺ പ്രിയോറിയുടെ സെൽഫ് ഗോളാണ് ചെന്നൈയിന് ജയം സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താനും ചെന്നൈയിനിയായി.

ഹോം ഗ്രൗണ്ടിൽ ബംഗ്ളാദേശ് ക്ലബ്ബിനെ നേരിടാനിറങ്ങിയ ചെന്നൈയിന് തുടക്കത്തിൽ പലപ്പോഴും മത്സരത്തിന്റെ നിയന്ത്രണം ലഭിച്ചിരുന്നില്ല. തുടർന്ന് ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് സെൽഫ് ഗോളിന്റെ രൂപത്തിൽ ചെന്നൈയിൻ ഗോൾ നേടിയത്. അനിരുദ്ധ് താപയുടെ ബോക്സിലേക്കുള്ള ക്രോസ്സ് വെല്ലിങ്ടൺ പ്രിയോറിയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ സമനില ഗോൾ തേടി അബാനി ധാക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ചെന്നൈയിൻ മത്സരം പൂർത്തിയാക്കുകയായിരുന്നു.