നാണംകെട്ട് മടങ്ങി ബംഗ്ലാദേശ്, അഞ്ച് മത്സരങ്ങളിലും തോല്‍വി, ആഡം സംപയ്ക്ക് അഞ്ച് വിക്കറ്റ്

ആഡം സംപയുടെ അഞ്ച് വിക്കറ്റ് നേട്ടം ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയിലേക്ക് ടീം വീണു. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് 15 ഓവറിൽ 73 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആഡം സംപ തന്റെ 4 ഓവറിൽ 19 റൺസ് വിട്ട് നല്‍കി 5 വിക്കറ്റ് നേടിയപ്പോള്‍ ബംഗ്ലാദേശ് നിരയിൽ 19 റൺസ് നേടിയ ഷമിം ഹൊസൈന്‍ ആണ് ടോപ് സ്കോറര്‍. മുഹമ്മദ് നൈയിം 17 റൺസും മഹമ്മദുള്ള 16 റൺസും നേടി പുറത്തായി. മിച്ചൽ സ്റ്റാര്‍ക്ക്, ജോഷ് ഹാസൽവുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ച് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 20 പന്തിൽ 40 റൺസാണ് ഫിഞ്ച് നേടിയത്. ഡേവിഡ് വാര്‍ണര്‍ 18 റൺസും മിച്ചൽ മാര്‍ഷ് 5 പന്തിൽ 16 റൺസും നേടി പുറത്താകാതെ നിന്നു.