സാം കെർ ഡബിൾ!! മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസിക്ക് വനിതാ എഫ് എ കപ്പ്

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസിക്ക് നാലാം എഫ് എ കപ്പ്

പുരുഷന്മാരുടെ എഫ് എ കപ്പ് കഴിഞ്ഞ ദിവസം നഷ്ടപ്പെടുത്തിയ ചെൽസി ഇന്ന് വനിതാ എഫ് എ കപ്പ് നേടി. ഇന്ന് നടന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ആയിരുന്നു കിരീടം ഉയർത്തിയത്. വെംബ്ലിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ചെൽസിയുടെ നാലാം എഫ് എ കപ്പ് കിരീടമാണിത്. തുടർച്ചയായ രണ്ടാം കിരീടവും.20220515 204004

ഇന്ന് മികച്ച രീതിയിൽ കളി ആരംഭിച്ച ചെൽസി 33ആം മിനുട്ടിൽ ആണ് ലീഡ് എടുത്തത്. വലതു വിങ്ങിൽ നിന്ന് മില്ലി ബ്രൈറ്റ് നൽകിയ ക്രോസ് ഗോൾ വറ്റയ്ക്ക് തൊട്ടു മുമ്പ് വെച്ച് സാം കെർ ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് മാഞ്ചസ്റ്റർ സിറ്റി പെട്ടെന്ന് തന്നെ മറുപടി നൽകി. 42ആം മിനുട്ടിൽ ഹെമ്പിന്റെ വക ഒരു സോളോ ഗോൾ സിറ്റിയെ ഒപ്പം എത്തിച്ചു.


രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ കത്ബേർടിന്റെ ഒരു അത്ഭുത സ്ട്രൈക്കിൽ ചെൽസി വീണ്ടും ലീഡ് എടുത്തു. ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ഗോൾ ബാറിൽ തട്ടിയാണ് മനോഹരമായി വലയിൽ പതിച്ചത്.


ഈ ഗോൾ വിജയം നൽകും എന്നാണ് ചെൽസി കരുതിയത് എങ്കിലും കാര്യങ്ങൾ മാറിമറഞ്ഞു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സിറ്റി സമനില ഗോൾ കണ്ടെത്തി. 89ആം മുനുട്ടിൽ ഹെയ്ലി റോസോയുടെ ഫിനിഷ്.

കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ സാം കെർ ചെൽസിയുടെ രക്ഷയ്ക്ക് എത്തി. 99ആം മിനുട്ടിൽ മധ്യനിരയിൽ നിന്ന് പന്ത് കൈക്കലാക്കിയ സാം കെർ അവിടെ നിന്ന് ഒറ്റക്ക് മുന്നേറി പെനാൾട്ടി ബോക്സിൽ വെച്ച് ഒരു ഷോട്ടിലൂടെ വല കണ്ടെത്തുകയും ചെയ്തു. സ്കോർ 3-2.


ഈ ഗോളിന്റെ ബലത്തിൽ ചെൽസി കിരീടം ഉറപ്പിക്കുകയും ചെയ്തു.