മറ്റൊരു വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. ബ്രിട്ടീഷ് താരവും ഒമ്പതാം സീഡും ആയ കാമറൂൺ നോറിയെയും ബ്രിട്ടീഷ് ആരാധകരെയും വീഴ്ത്തിയാണ് ജ്യോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. കരിയറിലെ 32 മത്തെ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് ജ്യോക്കോവിച്ചിന് ഇത്. ഇതോടെ ഗ്രാന്റ് സ്ലാമിൽ 31 ഫൈനലുകൾ കളിച്ച ഫെഡററിന്റെ റെക്കോർഡ് ജ്യോക്കോവിച്ച് മറികടന്നു. വിംബിൾഡണിൽ എട്ടാം ഫൈനലിലേക്ക് യോഗ്യത നേടിയ ജ്യോക്കോവിച്ച് തുടർച്ചയായ നാലാം ഫൈനലിലേക്ക് ആണ് ഇത്തവണ യോഗ്യത നേടിയത്. ഫെഡറർ കഴിഞ്ഞാൽ വിംബിൾഡണിൽ ഏറ്റവും കൂടുതൽ ജയം നേടിയ താരമായും ജ്യോക്കോവിച്ച് മാറി.
മോശം തുടക്കം ആയിരുന്നു ജ്യോക്കോവിച്ചിന് മത്സരത്തിൽ ലഭിച്ചത്. ആദ്യ സർവീസ് തന്നെ നോറി ബ്രൈക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രൈക്ക് അടുത്തു തന്നെ ജ്യോക്കോവിച്ച് കണ്ടത്തി. എന്നാൽ 2 തവണ കൂടി ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്തിയ നോറി സെറ്റ് 6-2 നു നേടിയതോടെ സെന്റർ പാർക്കിലെ ബ്രിട്ടീഷ് ആരാധകർ വലിയ ആവേശത്തിലായി. എന്നാൽ രണ്ടാം സെറ്റിന്റെ പകുതി മുതൽ ജ്യോക്കോവിച്ച് അവതരിച്ചു. ബ്രിട്ടീഷ് താരത്തിന്റെ സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പം എത്തി. മൂന്നാം സെറ്റ് മുതൽ സെർബിയൻ താരത്തിന് ഒപ്പം പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്ന ബ്രിട്ടീഷ് താരത്തിനെ ആണ് കാണാൻ ആയത്.
മൂന്നാം സെറ്റിൽ ഇരട്ട ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-2 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ നോറിയുടെ സർവീസിൽ നിരന്തരം ജ്യോക്കോവിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടക്കത്തിൽ ബ്രൈക്കും കണ്ടത്തിയ ജ്യോക്കോവിച്ച് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സെറ്റ് 6-4 നു നേടി മറ്റൊരു വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് 5 തവണ നോറിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ഇതിനു മുമ്പ് കളിച്ച 7 ഫൈനലുകളിൽ ആറിലും ജയിച്ച ജ്യോക്കോവിച്ച് ഒരിക്കൽ ആന്റി മറെക്ക് മുന്നിൽ മാത്രമാണ് വീണത്. ഫൈനലിൽ ഓസ്ട്രേലിയൻ താരം നിക് കിർഗിയോസ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. കരിയറിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ടു തവണയും ജയം കിർഗിയോസിന് ഒപ്പം ആയിരുന്നു എങ്കിലും ഫൈനലിൽ ജ്യോക്കോവിച്ച് തോൽക്കണം എങ്കിൽ അത്ഭുതം സംഭവിക്കണം.