ഇറങ്ങി സെക്കന്റുകൾക്ക് അകം ഗോൾ, ആഴ്‌സണൽ അരങ്ങേറ്റത്തിൽ ഇരട്ട ഗോളുകളും ആയി ഗബ്രിയേൽ ജീസുസ്

പ്രീ സീസണിൽ ആദ്യ സൗഹൃദ മത്സരത്തിൽ ജർമ്മൻ ക്ലബ് നുറൻബെർഗിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ. അരങ്ങേറ്റത്തിൽ ഇറങ്ങി സെക്കന്റുകൾക്ക് അകം ഗോൾ കണ്ടത്തിയ ഗബ്രിയേൽ ജീസുസിന്റെ അരങ്ങേറ്റം ആണ് മത്സരത്തിൽ ശ്രദ്ധേയമായത്. കളിയിൽ ബ്രസീലിയൻ താരം ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതിയിൽ ആഴ്‌സണൽ രണ്ടു ഗോളിന് പിറകിൽ ആയിരുന്നു. 24 മത്തെ മിനിറ്റിൽ ജൊഹാനസ് ഗെയിസ്, 29 മത്തെ മിനിറ്റിൽ വാദോ ദുആ എന്നിവർ ജർമ്മൻ ക്ലബിന് മത്സരത്തിൽ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ ആർട്ടെറ്റ ഗബ്രിയേൽ ജീസുസിനെ കളത്തിൽ ഇറക്കി. ഇറങ്ങി 90 സെക്കന്റിനുള്ളിൽ ബ്രസീലിയൻ താരം ഉഗ്രൻ അടിയിലൂടെ ആഴ്‌സണലിന് ആയി ആദ്യ ഗോൾ നേടി.

Img 20220708 Wa0284
Img 20220708 Wa0265

54 മത്തെ മിനിറ്റിൽ ഉഗ്രൻ ഗോളിലൂടെ മുഹമ്മദ് എൽനെനി ആഴ്‌സണലിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. 3 മിനിറ്റിനുള്ളിൽ ജീസുസിന്റെ ശ്രമം ജർമ്മൻ ടീം അംഗം ഷിന്റലറിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആയതോടെ ആഴ്‌സണൽ മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. 63 മത്തെ മിനിറ്റിൽ ഹാന്റ്വെർക്കർ കൂടി സ്വന്തം പോസ്റ്റിൽ ബോൾ എത്തിച്ചതോടെ ആഴ്‌സണൽ ജയം ഉറപ്പിച്ചു. 73 മത്തെ മിനിറ്റിൽ ഷെലയിമർ ജർമ്മൻ ടീമിന് ആയി ഒരു ഗോൾ മടക്കിയെങ്കിലും 2 മിനിറ്റിനുള്ളിൽ മത്സരത്തിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഗബ്രിയേൽ ജീസുസ് ആഴ്‌സണലിന്റെ ജയം പൂർത്തിയാക്കി. ലഭ്യമായ താരങ്ങൾക്ക് അവസരം നൽകാൻ ആർട്ടെറ്റ മറന്നില്ല. സൗഹൃദ മത്സരം ആണെങ്കിലും ജീസുസിന്റെ പ്രകടനം ആഴ്‌സണലിന് വലിയ ആത്മവിശ്വാസം ആവും നൽകുക.