തന്നിൽ നിന്നു പ്രതീക്ഷിക്കാവുന്ന എല്ലാം കളത്തിൽ നൽകി നിക് കിർഗിയോസ് വിംബിൾഡൺ നാലാം റൗണ്ടിൽ. മൂന്നാം റൗണ്ടിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച മത്സരത്തിൽ അഞ്ചാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെ നാലു സെറ്റ് പോരാട്ടത്തിൽ തകർത്തു ആണ് കിർഗിയോസ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. പരസ്പരം വലിയ ശത്രുത പുലർത്തുന്ന താരങ്ങൾ തമ്മിലുള്ള പോരാട്ടം അത്യന്ത്യം ആവേശകരമായിരുന്നു. റഫറിയോട് തർക്കിച്ചും, അണ്ടർ ആം സർവീസ് ചെയ്തും, അവിശ്വസനീയമായ പോയിന്റുകൾ നേടിയും കിർഗിയോസ് കാണികളെ മത്സരത്തിൽ ഉടനീളം രസിപ്പിച്ചു. ആദ്യ സെറ്റിൽ സർവീസ് കൈവിടാതെ ഇരു താരങ്ങളും പൊരുതിയപ്പോൾ സെറ്റ് ടൈബ്രൈക്കറിലേക്ക് നീണ്ടു.
ഇടക്ക് നിക് സൃഷ്ടിച്ച ബ്രൈക്ക് പോയിന്റുകൾ സിറ്റിപാസ് രക്ഷിച്ചിരുന്നു. ടൈബ്രൈക്കറിൽ സെറ്റ് ഗ്രീക്ക് താരം സ്വന്തമാക്കി. ആദ്യ സെറ്റിന് സമാനമായ രണ്ടാം സെറ്റ് തന്നെയാണ് കാണാൻ ആയത്. ഇരു താരങ്ങാകും ബ്രൈക്ക് വഴങ്ങാൻ തയ്യാറായില്ല. എന്നാൽ ഒടുവിൽ മത്സരത്തിൽ ആദ്യ ബ്രൈക്ക് രണ്ടാം സെറ്റിലെ സിറ്റിപാസിന്റെ അവസാന സർവീസിൽ സ്വന്തമാക്കിയ നിക് സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പം എത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ നിക് സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു സിറ്റിപാസ് സർവീസ് നിലനിർത്താൻ പാട് പെട്ടു. സെറ്റിൽ ഇടക്ക് സിറ്റിപാസ് സെറ്റ് പോയിന്റ് സൃഷ്ടിച്ചു എങ്കിലും നിക് അത് രക്ഷിച്ചു.
തുടർന്ന് നാലാം സെറ്റും ടൈബ്രൈക്കറിലേക്ക്. ഇത്തവണ കടുത്ത പോരാട്ടം കണ്ട ടൈബ്രൈക്കറിൽ ഒടുവിൽ മനോഹരമായ ഒരു ഷോട്ടിലൂടെ നിക് മത്സരം സ്വന്തം പേരിൽ കുറിച്ചു. 2016 നു ശേഷം ഇത് ആദ്യമായാണ് നിക് വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറുന്നത്. മത്സരത്തിൽ സിറ്റിപാസ് 21 ഏസുകൾ ഉതിർത്തപ്പോൾ നിക് 14 എണ്ണം ആണ് ഉതിർത്തത്. അതേസമയം 5 തവണ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച സിറ്റിപാസിന് ഒരിക്കൽ പോലും മത്സരത്തിൽ ബ്രൈക്ക് കണ്ടത്താൻ ആയില്ല. അതേസമയം 14 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച നിക് രണ്ടു തവണ ബ്രൈക്ക് കണ്ടത്തുകയും ചെയ്തു. ഒന്നും പ്രവചിക്കാൻ സാധിക്കാത്ത കിർഗിയോസിൽ നിന്നും കൂടുതൽ മികച്ച പ്രകടനങ്ങൾ ഇനിയും ഉണ്ടാവുമോ എന്ന ആകാംക്ഷയിൽ ആണ് ആരാധകർ.