വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ഓസ്‌ട്രേലിയൻ താരവും ടെന്നീസിലെ വിവാദ നായകനും ആയ നിക് കിർഗിയോസ്. പ്രതിഭ നഷ്ടപ്പെടുത്തുന്നു എന്നു ലോകം പരാതി പറയുന്ന 27 കാരനായ നിക് കരിയറിൽ ആദ്യമായാണ് ഗ്രാന്റ് സ്‌ലാമിൽ അവസാന നാലിലേക്ക് യോഗ്യത നേടുന്നത്. ചിലിയൻ താരം ക്രിസ്റ്റിയൻ ഗാരിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് നിക് വിംബിൾഡൺ സെമിഫൈനൽ ഉറപ്പിച്ചത്. പലപ്പോഴും തന്റെ പ്രവചിക്കാൻ ആവാത്ത സ്വഭാവം കളത്തിൽ കൊണ്ടു വന്നെങ്കിലും ഏതാണ്ട് അതുഗ്രൻ പ്രകടനം ആണ് ഓസ്‌ട്രേലിയൻ താരം ക്വാർട്ടർ ഫൈനലിൽ പുറത്ത് എടുത്തത്.
ആദ്യ സെറ്റിൽ ബ്രൈക്ക് വഴങ്ങേണ്ടി വന്നെങ്കിലും 2 തവണ ബ്രൈക്ക് കണ്ടത്തിയ നിക് സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് നേടിയ നിക് 6-3 നു സെറ്റ് നേടി വിംബിൾഡൺ സെമിഫൈനൽ ഒരു സെറ്റ് മാത്രം അകലെയാക്കി. ഇരു താരങ്ങളും സർവീസ് ബ്രൈക്ക് വഴങ്ങാൻ വിസമ്മതിച്ച മൂന്നാം സെറ്റിൽ പലപ്പോഴും വലിയ സർവീസുകൾ കൊണ്ട് നിക് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു. ഒടുവിൽ ടൈബ്രൈക്കറിൽ സെറ്റ് സ്വന്തം പേരിൽ കുറിച്ചു നിക് സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 17 ഏസുകൾ ആണ് നിക് ഉതിർത്തത്. 9 തവണ ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും ഒരു തവണ മാത്രമാണ് നിക് സർവീസ് കൈവിട്ടത്. സെമിയിൽ റാഫേൽ നദാൽ, ടെയിലർ ഫ്രിറ്റ്സ് മത്സരവിജയിയെ ആണ് നിക് നേരിടുക. നിലവിൽ ടൂർണമെന്റിൽ ബാക്കിയുള്ളവരിൽ നദാലിനെയും ജ്യോക്കോവിച്ചിനെയും തോൽപ്പിച്ച ഏക താരവും നിക് ആണ്.