അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന പോരാട്ട മികവും ആയി രണ്ടാം സീഡ് റാഫേൽ നദാൽ വിംബിൾഡൺ സെമിഫൈനലിൽ. പരിക്കും മത്സരത്തിൽ നിന്നു പിന്മാറാത്തതിൽ സ്വന്തം കുടുംബത്തിന്റെ അതൃപ്തിയും അതിജീവിച്ചു അമേരിക്കൻ താരവും പതിനൊന്നാം സീഡും ആയ ടെയിലർ ഫ്രിറ്റ്സിനെ നാലു മണിക്കൂറും 23 മിനിറ്റും നീണ്ട അഞ്ചു സെറ്റ് പോരാട്ടം ജയിച്ചു ആണ് നദാൽ സെമിയിൽ എത്തിയത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച നദാൽ ആദ്യം തന്നെ അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്തു. എന്നാൽ തിരിച്ചടിച്ച അമേരിക്കൻ താരം 2 തവണ നദാലിനെ ബ്രൈക്ക് ചെയ്തു സെറ്റ് 6-3 നു നേടിയതോടെ ആരാധകർ ഞെട്ടി.
രണ്ടാം സെറ്റിൽ ഫ്രിറ്റ്സിന് തന്നെ ആയിരുന്നു ആധിപത്യം ബ്രൈക്ക് ചെയ്തു താരം സെറ്റിൽ മുൻതൂക്കം കണ്ടത്തി
എന്നാൽ രണ്ടാം സെറ്റിന് ഇടയിൽ വയറിനു വേദനയെടുത്ത നദാൽ പരിക്കേറ്റു വൈദ്യസഹായം നേടി. നദാലിന് മത്സരത്തിൽ തുടരാൻ ആവുമോ എന്ന സംശയം ഈ സമയത്ത് ഉണ്ടായിരുന്നു. നദാലിന്റെ കുടുംബം താരത്തിനോട് കളിയിൽ നിന്നു പിന്മാറാൻ പോലും സൂചന നൽകി എന്നാൽ നദാൽ ഇത് അവഗണിച്ചു. തിരിച്ചു വന്ന നദാൽ ബ്രൈക്ക് തിരിച്ചു പിടിച്ചു സെറ്റിൽ ഒപ്പം എത്തി. ഒടുവിൽ ഫ്രിറ്റ്സിന്റെ അവസാന സർവീസ് ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ ബ്രൈക്ക് ചെയ്ത നദാൽ സെറ്റ് 7-5 നു സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിലെ നിരാശ ബാധിക്കാത്ത പ്രകടനം ആണ് മൂന്നാം സെറ്റിൽ ഫ്രിറ്റ്സ് തുടക്കത്തിൽ പുറത്ത് എടുത്തത്. ആദ്യം തന്നെ നദാലിന്റെ സർവീസ് ബ്രൈക്ക് ചെയ്ത താരം തന്റെ മികവ് സെന്റർ കോർട്ടിൽ കാണിച്ചു.
എന്നാൽ പലപ്പോഴും വിട്ട് കൊടുക്കാതെ പൊരുതുന്ന നദാൽ താരത്തിന് തലവേദന ആയി. എന്നാൽ 6-3 നു സെറ്റ് നേടിയ ഫ്രിറ്റ്സ് മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ തുടക്കത്തിൽ സർവീസ് നിലനിർത്താൻ ഇരു താരങ്ങളും ബുദ്ധിമുട്ടുന്നത് ആണ് കാണാൻ ആയത്. ഫ്രിറ്റ്സിന്റെ സർവീസ് നദാൽ ബ്രൈക്ക് ചെയ്‌തെങ്കിലും തൊട്ടടുത്ത നദാലിന്റെ സർവീസ് ബ്രൈക്ക് ചെയ്തു ഫ്രിറ്റ്സ് തിരിച്ചടിച്ചു. എന്നാൽ ഒരിക്കൽ കൂടി അമേരിക്കൻ താരത്തിന്റെ സർവീസ് നദാൽ ബ്രൈക്ക് ചെയ്തു. എന്നാൽ പിന്നീട് ഒരിക്കൽ കൂടി നദാലിന്റെ സർവീസ് ഫ്രിറ്റ്സ് ഭേദിച്ചു. എന്നാൽ അമേരിക്കൻ താരത്തിന്റെ സർവീസിൽ നിരന്തരം ബുദ്ധിമുട്ടിച്ച നദാൽ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു സ്വന്തം പേരിൽ കുറിച്ച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റിൽ ഫ്രിറ്റ്സിന്റെ സർവീസ് നിരന്തരമുള്ള ശ്രമഫലമായി ആദ്യം തകർക്കുന്ന നദാലിനെ ആണ് കാണാൻ ആയത്. നദാൽ എളുപ്പം സെറ്റ് നേടും എന്നു തോന്നിയ ഇടത്ത് നിന്നു എന്നാൽ ഫ്രിറ്റ്സ് നദാലിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. തുടർന്ന് ഇരുവരും സർവീസ് നിലനിർത്തിയപ്പോൾ മത്സരം സൂപ്പർ ടൈബ്രൈക്കറിലേക്ക്. സൂപ്പർ ടൈബ്രൈക്കറിൽ അവിശ്വസനീയം ആയ തുടക്കം ആണ് നദാലിന് ലഭിച്ചത്. അമേരിക്കൻ താരത്തിന് ഒരവസരവും നൽകാതെ നദാൽ 5-0 നു മുന്നിൽ എത്തി. തുടർന്ന് ഫ്രിറ്റ്സ് ശ്രമിച്ചു എങ്കിലും 10-4 സൂപ്പർ ടൈബ്രൈക്കർ ജയിച്ചു നദാൽ അവിശ്വസനീയം ആയ ജയം കുറിച്ചു. 2008 ലെ വിംബിൾഡണിലെ റോജർ ഫെഡറർ, റാഫേൽ നദാൽ ഇതിഹാസ ഫൈനലിന്റെ അതേദിവസം നദാൽ എന്ന ഒരിക്കലും എഴുതി തള്ളാൻ ആവാത്ത പോരാളിയെ ലോകം ഒരിക്കൽ കൂടി ലോകത്തിനു കാണാൻ ആയി. നദാലിന് ഇത് എട്ടാം വിംബിൾഡൺ സെമിഫൈനലും 38 മത്തെ ഗ്രാന്റ് സ്‌ലാം സെമിഫൈനലും ആണ്. നദാലും ആയി അത്ര രസത്തിൽ അല്ലാത്ത നിക് കിർഗിയോസ് ആണ് സെമിയിൽ നദാലിന്റെ എതിരാളി.