അവിശ്വസനീയം! 37 മത്സരങ്ങളുടെ ഇഗയുടെ വിജയ കുതിപ്പിന് അന്ത്യം, 32 കാരിക്ക് മുന്നിൽ ഇഗ വീണു!

Wasim Akram

വിംബിൾഡണിൽ അവിശ്വസനീയ അട്ടിമറി. എല്ലാവരും കിരീടം പ്രതീക്ഷിച്ച ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ പോളണ്ട് താരം ഇഗ സ്വിറ്റെക് മൂന്നാം റൗണ്ടിൽ പുറത്തായി. 32 കാരിയായ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ആലീസ് കോർണെറ്റ് ആണ് ഇഗയെയും ആരാധകരെയും ഞെട്ടിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഫ്രഞ്ച് താരത്തിന്റെ അവിശ്വസനീയ ജയം. ആദ്യ സെറ്റിൽ ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നായിരുന്നു ഫ്രഞ്ച് താരത്തിന്റെ ജയം.

Screenshot 20220702 231721

6-4 നു ആദ്യ സെറ്റ് നേടിയ ശേഷം കൂടുതൽ ആധികാരികമായി രണ്ടാം സെറ്റ് 6-2 നു നേടി ആണ് ഫ്രഞ്ച് താരം ഇഗയെ വീഴ്ത്തിയത്. പുൽ മൈതാനത്ത് തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ ഇഗക്ക് ആവാത്തത് ആണ് താരത്തിന്റെ പരാജയത്തിന് കാരണം. ഇതോടെ 37 മത്സരങ്ങളുടെ ഇഗയുടെ വിജയ കുതിപ്പിന് ആണ് അന്ത്യം ആവുന്നത്. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയ കോർണെറ്റ് 5 തവണയാണ് ഇഗയെ ബ്രൈക്ക് ചെയ്തത്. മുഗുരുസയെയും ഹാലപ്പിനെയും വീഴ്ത്തി ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ ആദ്യ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ കോർണെറ്റിന്റെ മറ്റൊരു വലിയ വിജയം ആണ് ഇത്.