വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ ഹൃദയം തകർന്ന പരാജയവുമായി റോജർ ഫെഡറർ പുറത്ത്. 14 സീഡ് ആയ പോളണ്ട് താരം ഉമ്പർട്ട് ഹുർകാഷ് ആണ് ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു വിംബിൾഡൺ സെമിഫൈനൽ ഉറപ്പിച്ചത്. ഇതോടെ പോളണ്ടിൽ നിന്നു ഒരു ഗ്രാന്റ് സ്‌ലാം സെമിയിൽ എത്തുന്ന ആദ്യ പുരുഷതാരം ആയി ഹുർകാഷ് മാറി. 40 വയസ്സ് ആവാൻ വെറും ഒരു മാസം മാത്രമുള്ള ഫെഡറർ ഏതാണ്ട് തന്റെ അവസാന വിംബിൾഡണിൽ ഇറങ്ങിയത് ഉറപ്പായിട്ടും മികച്ച ഒരു പ്രകടനം നടത്താൻ ആയിരുന്നു. ക്വാർട്ടറിൽ എത്തിയ ഫെഡറർ പലരെയും അമ്പരപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ന് അവിശ്വസനീയം ആയ വീതം തന്റെ എല്ലാം എല്ലാമായ വിംബിൾഡൺ സെന്റർ കോർട്ടിൽ ഫെഡറർ തകരുന്നത് ആണ് കാണാൻ ആയത്.
ആദ്യ സെറ്റിൽ സർവീസ് മികച്ച രീതിയിൽ നിലനിർത്തിയ ഹുർകാഷ് ഫെഡററിന്റെ സർവീസ് തുടക്കത്തിൽ തന്നെ ബ്രൈക്ക് ചെയ്തു വരാനിരിക്കുന്നത് എന്ത് ആണ് എന്ന സൂചന നൽകി. സെറ്റ് 6-3 നു നേടിയ ഹുർകാഷ് മത്സരത്തിൽ മുന്തൂക്കവും നേടി. രണ്ടാം സെറ്റിൽ പോളണ്ട് താരത്തിന്റെ ആദ്യ സർവീസ് ബ്രൈക്ക് ചെയ്തു ഫെഡറർ തിരിച്ചടിച്ചു. എന്നാൽ തുടർന്ന് ഫെഡററിന്റെ സർവീസിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു ഹുർകാഷ്. 4 തവണ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു ഫെഡറർ സർവീസ് നിലനിർത്തി. എന്നാൽ വീണ്ടും ഫെഡററിന്റെ സർവീസിൽ ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച ഹുർകാഷ് ബ്രൈക്ക് തിരിച്ചു പിടിച്ചു. തുടർന്ന് സർവീസ് അനായാസം നിലനിർത്തിയ ഹുർകാഷ് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. മത്സരത്തിൽ ഉടനീളം എന്ന പോലെ അവിശ്വസനീയം എന്ന വിധത്തിൽ അനാവശ്യ പിഴവുകൾ ഫെഡററെ ടൈബ്രേക്കറിലും വേട്ടയാടി. ഒപ്പം നിർണായക സമയത്ത് തെന്നി വീഴാൻ പോയതും കൂടിയായപ്പോൾ ഫെഡറർ രണ്ടാം സെറ്റും ടൈബ്രേക്കറിൽ കൈവിട്ടു.
റോജർ ഫെഡററെയും ടെന്നീസ് ആരാധകരെയും ഞെട്ടിച്ച കണ്ണീരിൽ ആഴ്ത്തിയ മൂന്നാം സെറ്റിൽ ഫെഡറർ 6-0 നു തകരുന്നത് തീർത്തും അവിശ്വസനീയം ആയിരുന്നു. കരിയറിൽ മുമ്പ് കളിമണ്ണ് മൈതാനത്ത് ബേഗൽ വഴങ്ങിയ ഫെഡറർ തന്റെ പ്രിയ മൈതാനം ആയ പുൽ മൈതാനത്ത് ബേഗൽ വഴങ്ങി ഒടുവിൽ മത്സരം അടിയറവ് പറഞ്ഞു. പലപ്പോഴും വരുത്തിയ അനാവശ്യ പിഴവുകളും, ഹുർകാഷിന്റെ ചെറുപ്പത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആവാത്തത് ആണ് ഫെഡറർ തോൽവി വഴങ്ങാൻ കാരണം. എന്നാൽ വിംബിൾഡണിൽ ചിലപ്പോൾ ഫെഡറർ കളിക്കുന്ന അവസാന സെറ്റ് 6-0 നു വിംബിൾഡൺ 8 പ്രാവശ്യം ഉയർത്തിയ, പുൽ മൈതാനം കണ്ട ഏറ്റവും മഹാനായ താരം തോറ്റു എന്നത് ചിലപ്പോൾ കാലത്തിന്റെ ഏറ്റവും വലിയ ക്രൂരമായ തമാശ ആയിരിക്കും. ചിലപ്പോൾ ഒളിമ്പിക്‌സിൽ ഫെഡറർ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ചിലപ്പോൾ അവസാനമായി ഇറങ്ങിയേക്കും. എങ്കിലും ഉറപ്പായിട്ടും കായിക പ്രേമികളെ നിങ്ങൾ മാറി ഇരുന്നു കരയുക, റോജർ ഫെഡറർ എന്ന ടെന്നീസ് ഇതിഹാസത്തെ ലോകം കണ്ട ഏറ്റവും മഹാനായ കായിക താരത്തെ ചിലപ്പോൾ ഇനി നിങ്ങൾ കളിക്കളത്തിൽ കാണാൻ സാധ്യതയില്ല, ഉറപ്പായിട്ടും ഈ എഴുതുന്ന എനിക്ക് മാറി ഇരുന്നു കരയാൻ മാത്രമേ പറ്റൂ, അത്രമേൽ അയ്യാൾ എനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു.