നാൽപ്പത് വയസ്സ് ആവാൻ വെറും ഒരു മാസം ബാക്കി നിൽക്കെ വിംബിൾഡണിൽ വീണ്ടും അത്ഭുതങ്ങൾ കാണിച്ച് റോജർ ഫെഡറർ. ഇറ്റാലിയൻ താരവും 23 സീഡും ആയ ലോറൻസോ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയ ആറാം സീഡ് ആയ ഫെഡറർ 1977 നു ശേഷം ഗ്രാന്റ് സ്‌ലാം ക്വാർട്ടറിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി. ഒപ്പം ഓപ്പൺ യുഗത്തിൽ വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി റോജർ ഫെഡറർ. തന്റെ 58 മത്തെ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ നേട്ടം കൈവരിച്ച ഫെഡറർ വിംബിൾഡണിലെ 18 മത്തെ ക്വാർട്ടർ ഫൈനൽ നേട്ടം ആണ് കൈവരിച്ചത്. ഇറ്റാലിയൻ താരത്തിന് മേൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തുന്ന ഫെഡററെയാണ് സെന്റർ കോർട്ടിൽ കാണാൻ സാധിച്ചത്. ഫെഡറർ വിശ്വരൂപം കാണിച്ചപ്പോൾ അത് സെന്റർ കോർട്ട് നിറഞ്ഞ കാണികൾക്കും ആഘോഷം ആയി.
മത്സരത്തിന്റെ ആദ്യ സെറ്റിൽ അനായാസം സർവീസ് നിലനിർത്തിയ ഫെഡറർ സൊനെഗോയുടെ സർവീസിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. 13 മിനിറ്റ് നീണ്ട ഗെയിമിൽ സൊനെഗോ 3 പ്രാവശ്യം തന്റെ സർവീസ് രക്ഷപ്പെടുത്തിയെടുത്തെങ്കിലും തൊട്ടടുത്ത സർവീസിൽ സൊനെഗോയുടെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ ആദ്യ സെറ്റിൽ ആദ്യ ബ്രൈക്ക് കണ്ടത്തി. എന്നാൽ സെറ്റിനായി സർവ് ചെയ്യാൻ തുടങ്ങിയ ഫെഡററെ പിഴവുകൾ മുതലെടുത്ത് തിരിച്ചു ബ്രൈക്ക് ചെയ്ത സൊനെഗോ സെറ്റ് രക്ഷിച്ചെടുത്തു. എന്നാൽ അടുത്ത സർവീസിൽ വീണ്ടും ഫെഡറർ അവസരങ്ങൾ തുറന്നു. എന്നാൽ സൊനെഗോ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു. വീണ്ടുമൊരിക്കൽ ഫെഡറൽ ബ്രൈക്ക് പോയിന്റ് നേടിയ സമയത്ത് മഴ എത്തിയത് മത്സരം ഇടക്ക് നിർത്തി വക്കാൻ നിർബന്ധിതമായി. റൂഫ് അടച്ച ശേഷം ഏതാണ്ട് 30 മിനിറ്റിനു ശേഷം ആണ് മത്സരം പിന്നീട് തുടങ്ങിയത്. മത്സരം പുനരാരംഭിച്ചപ്പോൾ സർവീസ് ഇരട്ടപ്പിഴവു വരുത്തിയ സൊനെഗോ സെറ്റിനായി വീണ്ടും സർവ് ചെയ്യാനുള്ള ഫെഡറർക്ക് സമ്മാനിച്ചു. സർവീസിൽ രണ്ടു ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും രണ്ടും രക്ഷിച്ചു 7-5 നു ആദ്യ സെറ്റ് ഫെഡറർ സ്വന്തമാക്കി.
ആദ്യ സെറ്റ് നേടിയ ശേഷം മനോഹരമായ ഷോട്ടുകൾ ഇടക്ക് കളിച്ചു കളം നിറഞ്ഞ ഫെഡറർ രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി. തുടർന്ന് സർവീസ് നിലർത്തി സെറ്റ് 6-4 നു നേടി ഫെഡറർ മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ സമ്പൂർണ ആധിപത്യം നേടുന്ന ഫെഡററെയാണ് കണ്ടത്. ഇറ്റാലിയൻ താരത്തിന്റെ ആദ്യ സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ഫെഡറർ രണ്ടാം സർവീസിലും ബ്രൈക്ക് നേടി ഇരട്ട ബ്രൈക്കുകൾ കണ്ടത്തി. 2 ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ സൊനെഗോക്ക് ആയെങ്കിലും ഫെഡറർ ബ്രൈക്ക് നേടി എടുക്കുക ആയിരുന്നു. തുടർന്ന് സർവീസ് അനായാസമായി നിലനിർത്തിയ ഫെഡറർ സെറ്റ് 6-2 നു നേടി വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. മഴക്ക് ശേഷം നിറഞ്ഞ വിംബിൾഡൺ സെന്റർ കോർട്ടിലെ കാണികൾക്ക് പൂർണ വിരുന്ന് ആയി ഫെഡററിന്റെ ഈ മാസ്മരിക പ്രകടനം. ക്വാർട്ടറിൽ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്, 14 സീഡ് ഉമ്പർട്ട് ഹുർകാസ് മത്സര വിജയി ആണ് ഫെഡററിന്റെ എതിരാളി. നിലവിൽ മഴ കാരണം നിർത്തി വച്ച ഈ മത്സരം നാളെയാണ് പൂർത്തിയാക്കുക. നിലവിൽ 6-2, 6-7, 6-2, 3-4 എന്ന സ്കോറിൽ ഒരു സെറ്റിന് എതിരെ 2 സെറ്റ് നേടി നാലാം സെറ്റിൽ മെദ്വദേവ് പിന്നിട്ട് നിൽക്കുമ്പോൾ ആണ് മഴ എത്തിയത്. എതിരാളിയുടെ മത്സരം നാളേക്ക് നീണ്ടത് മറ്റന്നാൾ ക്വാർട്ടറിൽ ചിലപ്പോൾ ഫെഡറർക്ക് സഹായകമാവും.