സെരവിനെ അട്ടിമറിച്ചു ഫെലിക്‌സ് ക്വാർട്ടറിൽ! വിംബിൾഡണിൽ ഇരുപതുകാരന്റെ സ്വപ്നജയം.

Img 20210706 Wa0005

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി 20 കാരനായ കനേഡിയൻ താരവും 16 സീഡുമായ ഫെലിക്‌സ് ആഗർ അലിയാസ്‌മെ. നാലാം സീഡ് ജർമ്മനിയുടെ അലക്‌സാണ്ടർ സാഷ സെരവിനെ അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ വീഴ്‌ത്തിയാണ് ഫെലിക്‌സ് വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. കരിയറിലെ ഇത് വരെയുള്ള ഏറ്റവും വലിയ ജയം ആണ് ഫെലിക്‌സ് ഇന്ന് കുറിച്ചത്. മത്സരത്തിൽ 17 ഏസുകൾ അടിച്ച ഫെലിക്‌സ് 6 തവണ ബ്രൈക്ക് വഴങ്ങുകയും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു ഒപ്പം രണ്ടാം സെറ്റ് ടൈബ്രേക്കർ ജയിക്കാനും ഫെലിക്സിന് ആയി. ആദ്യ സെറ്റ് 6-4 നു ജയിച്ച ഫെലിക്‌സ് രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ ജയിച്ചു സാഷയെ കടുത്ത സമ്മർദ്ദത്തിലാക്കി. എന്നാൽ പിന്നീട് തിരിച്ചടിക്കുന്ന ജർമ്മൻ താരത്തെയാണ് മത്സരത്തിൽ കണ്ടത്.

6-3, 6-3 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ നേടിയ സാഷ മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ആദ്യം ബ്രൈക്ക് കണ്ടത്തിയ ഫെലിക്‌സ് വീണ്ടും സാഷക്ക് മേൽ സമ്മർദ്ദം ചെലുത്തി. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ സാഷ മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ഫെലിക്‌സ് മികച്ച ടെന്നീസ് കളിച്ചു മത്സരത്തിനായി സർവ് ചെയ്യാൻ തുടങ്ങി. ഈ നിർണായക സർവീസ് നിലനിർത്തിയ ഫെലിക്‌സ് സെറ്റ് 6-4 നു നേടി കരിയറിൽ ആദ്യമായി ഒരു ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 20 സർവീസ്‌ ഇരട്ടപ്പിഴവുകൾ ആണ് സാഷ വരുത്തിയത്. ക്വാർട്ടറിൽ ഇറ്റാലിയൻ താരവും ഏഴാം സീഡും ആയ മറ്റെയോ ബരെറ്റിനിയാണ് ഫെലിക്‌സിന്റെ എതിരാളി. ഫെലിക്‌സിന് പുറമെ ഷപവലോവും ക്വാർട്ടറിൽ പ്രവേശനം നേടിയതോടെ ഇത് ആദ്യമായി രണ്ടു കനേഡിയൻ താരങ്ങൾ ഒരു ഗ്രാന്റ് സ്‌ലാമിന്റെ ക്വാർട്ടർ ഫൈനലിലും യോഗ്യത നേടി.

Previous articleപ്രായം ഒരു വിഷയമല്ല! വിംബിൾഡൺ ക്വാർട്ടറിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഫെഡറർ
Next articleപരിക്കേറ്റു പിന്മാറി എമ്മ, 18 കാരിയുടെ വിംബിൾഡൺ സ്വപ്നകുതിപ്പിന് അന്ത്യം