ബാഴ്സലോണ തങ്ങളുടെ പരിശീലകനായ വാല്വെർദെ ഇന്ന് തന്നെ പുറത്താക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാത്രി തന്നെ ഔദ്യോഗിക പ്രഖ്യാപനം ഇക്കാര്യത്തിൽ ഉണ്ടാകും എന്നാണ് വാർത്തകൾ. സ്പാനിഷ് സൂപ്പർ കോപ്പ സെമി ഫൈനലിൽ പരാജയപ്പെട്ടത് മുതൽ വാല്വെർദെയുടെ ഭാവി ആശങ്കയിൽ ആയിരുന്നു. ബാഴ്സലോണ ബോർഡ് നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ഇപ്പോൾ പുറത്താക്കൽ നടപടിയിലേക്ക് എത്തുന്നത്.
വാല്വെർദെയെ പുറത്താക്കൽ തീരുമാനം ക്ലബ് അറിയിച്ചതായി മാഴ്സ പോലുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവസാന രണ്ട് സീസണുകളിലായി ബാഴ്സലോണയുടെ പരിശീലകനാണ് വാല്വെർദെ. രണ്ട് ലീഗ് കിരീടങ്ങൾ അദ്ദേഹം ഉള്ളപ്പോൾ ബാഴ്സ നേടിയെങ്കിലും ക്ലബിന്റെ പ്രകടനങ്ങൾ അത്ര തൃപ്തികരമായിരുന്നില്ല. യൂറോപ്പിൽ ഏറ്റ വൻ പരാജയങ്ങളും വാല്വെർദെയെ ആരാധകർ വെറുക്കാൻ കാരണമായി.
വാല്വെർദെയ്ക്ക് പകരം സാവി എത്തും എന്നായിരുന്നു ആദ്യം അഭ്യൂഹങ്ങൾ എങ്കിലും ഇപ്പോൾ സെറ്റിയെൻ ആയിരിക്കും ബാഴ്സയുടെ ചുമതലയേൽക്കുക എന്നാണ് അറിയാൻ കഴിയുന്നത്. മുൻ റയൽ ബെറ്റിസ് പരിശീലകനാണ് സെറ്റിയെൻ. ബാഴ്സലോണയുടെ ശൈലി തന്നെയാണ് സെറ്റിയെന്റെ പരിശീലന രീതി. ഇതാണ് ബാഴ്സ സെറ്റിയെനിൽ എത്താൻ കാരണം എന്നാണ് മാധ്യമങ്ങൾ പറയുന്നത്. സ്പെയിൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് സെറ്റിയെൻ.