‘ആകെ തകർന്നു, ചെൽസിയിൽ നിന്നു ഇത്ര വേഗം വിടപറയേണ്ടി വരും എന്ന് കരുതിയില്ല’ – തോമസ് ടൂക്കൽ

Tuchel

ചെൽസി പുറത്താക്കിയതിനു ശേഷം ആദ്യമായി പ്രതികരിച്ചു മുൻ പരിശീലകൻ തോമസ് ടൂക്കൽ. ട്വിറ്ററിലൂടെയാണ് ജർമ്മൻ പരിശീലകൻ തന്റെ മനം തുറന്നത്. തന്റെ ജീവിതത്തിൽ എഴുതേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടേറിയ പ്രസ്താവന ആണ് ഇതെന്ന് പറഞ്ഞു തുടങ്ങിയ ടൂക്കൽ ഇത്തരം ഒരു വിട വാങ്ങൽ പ്രസ്താവന തനിക്ക് കുറെ വർഷത്തേക്ക് ആവശ്യം ഉണ്ടാവില്ല എന്നാണ് കരുതിയത് എന്നും കൂട്ടിച്ചേർത്തു.

തോമസ് ടൂക്കൽ

തന്റെ ചെൽസി പരിശീലകൻ ആയുള്ള കാലം അവസാനിച്ചു എന്നത് തന്നെ തകർക്കുന്ന കാര്യം ആണ് എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായും ജോലി സംബന്ധിച്ചും തനിക്ക് ചെൽസി വീട് പോലെ ആയിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ക്ലബിലെ ജോലിക്കാരോടും താരങ്ങളോടും ആരാധകരോടും വലിയ നന്ദിയും രേഖപ്പെടുത്തി. ചെൽസിയെ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് ജേതാക്കൾ ആക്കിയ സന്തോഷവും അഭിമാനവും തനിക്ക് ഒപ്പം എല്ലാ കാലവും ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെൽസിയുടെ ചരിത്രത്തിൽ ഭാഗം ആയതിൽ അഭിമാനം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം ചെൽസി പരിശീലകൻ ആയുള്ള 19 മാസത്തെ അനുഭവങ്ങൾക്ക് തന്റെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനം ഉണ്ടാവും എന്നും കൂട്ടിച്ചേർത്തു. മോശം തുടക്കത്തെ തുടർന്ന് എല്ലാവരെയും ഞെട്ടിച്ച് ആണ് ചെൽസി പരിശീലകനെ പുറത്താക്കിയത്. തുടർന്ന് ബ്രൈറ്റൺ പരിശീലകൻ ഗ്രഹാം പോട്ടറിനെ അവർ പരിശീലകൻ ആയി നിയമിച്ചിരുന്നു.