ഇറ്റാലിയൻ സീരി എയിൽ ആവേശകരമായതും നാടകീയമായതും ആയ മത്സരത്തിൽ ലാസിയോയെ തോൽപ്പിച്ചു നാപോളി ലീഗിൽ ഒന്നാം സ്ഥാനത്ത്. കളിയുടെ അവസാന നിമിഷങ്ങളിൽ ഗോളുകൾ ആവേശ കാഴ്ച സമ്മാനിച്ച മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നാപോളി ജയം കണ്ടത്. ആക്രമണ ഫുട്ബോൾ കളിച്ച ഇരു ടീമുകളും നിരവധി അവസരങ്ങൾ ആണ് മത്സരത്തിൽ സൃഷ്ടിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. 62 മത്തെ മിനിറ്റിൽ എൽമാസിന്റെ പാസിൽ നിന്നു ലോങ് റേഞ്ചറിലൂടെ ഗോൾ കണ്ടത്തിയ ലോറെൻസോ ഇൻസിഗ്നെ നാപോളിക്ക് മത്സരത്തിൽ മുൻതൂക്കം നൽകി.
ജയം ഉറപ്പിച്ചു മുന്നോട്ട് പോയ നാപോളി പക്ഷെ 88 മത്തെ മിനിറ്റിൽ ഞെട്ടി. ബോക്സിന് പുറത്ത് നിന്ന് ഇടത് കാലൻ വോളിയിലൂടെ അതുഗ്രൻ ഗോൾ കണ്ടത്തിയ പെഡ്രോ ലാസിയോയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ഇതോടെ നാപോളി നിരാശരായി. എന്നാൽ ഇത് മറന്നു ഗോളിനായി അവർ പൊരുതിയപ്പോൾ ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ വിജയഗോൾ പിറന്നു. ഇൻസിഗ്നെ നൽകിയ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ ഇടത് കാലൻ അടിയിലൂടെ ഫാബിയൻ റൂയിസ് നാപോളിക്ക് ആവേശജയം സമ്മാനിച്ചു. ഭ്രാന്തമായി ആണ് നാപോളി ജയം ആഘോഷിച്ചത്. റൂയിസിന്റെ ജേഴ്സി ഊരിയുള്ള ഗോൾ ആഘോഷത്തിന് താരത്തിന് മഞ്ഞ കാർഡും ലഭിച്ചു. ജയത്തോടെ എ.സി മിലാനും നാപോളിക്കും ഒരേ പോയിന്റുകൾ ആണ് ലീഗിൽ എങ്കിലും ഗോൾ വ്യത്യാസത്തിൽ നാപോളി ആണ് മുന്നിൽ.