പടിദാറിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

Prasidhkrishna

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രജത് പടിദാറിന്റെ മികവാര്‍ന്ന ബാറ്റിംഗിലൂടെ കുതിയ്ക്കുകയായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന ഓവറുകളിലെ മികവാര്‍ന്ന ബൗളിംഗിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയൽസ്. വെറും 34 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിലെ അവസാന അഞ്ചോവറിൽ നേടിയത്.

15 ഓവര്‍ പിന്നിടുമ്പോള്‍ 123/3 എന്ന നിലയിലായിരുന്ന ആര്‍സിബിയ്ക്കായി ക്രീസിൽ രജത് പടിദാറും മഹിപാൽ ലോംറോറും ആയിരുന്നു ഉണ്ടായിരുന്നത്. വരാനിരുന്നത് വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ദിനേശ് കാര്‍ത്തിക്, വനിന്‍ഡു ഹസരംഗ, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ എന്നാൽ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയും അവസാന ഓവറുകളിൽ തകര്‍ത്തപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകളുമായി ബോള്‍ട്ടും അശ്വിനും ടീമിനെ സഹായിച്ചു. 157 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.

Obedmccoy

വിരാട് കോഹ്‍ലിയെ(7) തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം ഫാഫ് ഡു പ്ലെസിയും രജത് പടിദാറും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. എന്നാൽ പടിദാറിന്റെ ക്യാച്ച് പരാഗ് കളഞ്ഞതോടെ രാജസ്ഥാന് വലിയ തിരിച്ചടിയായി ഇത് മാറി. പടിദാറിന്റെ വ്യക്തിഗത സ്കോര്‍ 13ൽ നില്‍ക്കുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിലാണ് ഈ അവസരം വന്നത്.

Rajatpatidar

70 റൺസാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. ഒബേദ് മക്കോയി ആണ് ഫാഫിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 റൺസ് നേടുവാന്‍ ഫാഫ് 27 പന്തുകളാണ് നേരിട്ടത്. എന്നാൽ രജത് പടിദാര്‍ തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ആര്‍സിബി മികച്ച രീതിയിൽ മുന്നോട്ട് പോയി.

മാക്സ്വെല്ലും പടിദാറും അപകടകരമായ കൂട്ടുകെട്ട് സൃഷ്ടിക്കുമെന്ന ഭീതി രാജസ്ഥാന്‍ ക്യാമ്പിൽ പടര്‍ത്തിയെങ്കിലും മാക്സ്വെല്ലിനെ(24) ബോള്‍ട്ടും രജത് പടിദാര്‍(58) അശ്വിന് വിക്കറ്റും നൽകി മടങ്ങി.

19ാം ഓവറിൽ കാര്‍ത്തിക്കിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കുവാന്‍ സാധിക്കാത്തതിൽ നിന്ന് വെറും 22 റൺസ് വിട്ട് നൽകിയാണ് പ്രസിദ്ധ് കൃഷ്ണ തന്റെ തകര്‍പ്പന്‍ സ്പെൽ പൂര്‍ത്തിയാക്കിയത്.

അവസാന ഓവര്‍ എറിയുവാനെത്തിയ ഒബേദ് മക്കോയി ഹര്‍ഷൽ പട്ടേലിനെ ആദ്യ പന്തിൽ പുറത്താക്കിയപ്പോള്‍ ഓവറിൽ നിന്ന് ആര്‍സിബിയ്ക്ക് നേടാനായത്. വെറും മൂന്ന് റൺസ് മാത്രമാണ്. അവസാന അഞ്ചോവറിൽ വെറും 33 റൺസ് വഴങ്ങി 5 വിക്കറ്റാണ് രാജസ്ഥാന്‍ നേടിയത്.