സ്പാനിഷ് ലാ ലീഗയിൽ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. റയോ വയ്യകാനോക്ക് എതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് റയൽ പരാജയം വഴങ്ങിയത്. കഴിഞ്ഞ 20 കളികളിൽ 19 കളികളിൽ റയലിനോട് തോറ്റ റയോക്ക് സ്വപ്ന റിസൾട്ട് ആയി ഇത്. നാലു മത്സരങ്ങളിൽ പരാജയം അറിയാതെ എത്തിയ റയോ മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ഫ്രാൻ ഗാർസിയയുടെ ക്രോസിൽ നിന്നു സാന്റി കോമസാനയാണ് റയോയുടെ ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ റയൽ മത്സരത്തിൽ തിരിച്ചെത്തി.
മാർകോ അസൻസിയോയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലൂക മോഡ്രിച് 37 മത്തെ മിനിറ്റിൽ ലക്ഷ്യത്തിൽ എത്തിച്ചു. നാലു മിനിറ്റിനു ശേഷം അസൻസിയയുടെ കോർണറിൽ ഉയർന്നു ചാടിയ എഡർ മിലിറ്റാവോ ഹെഡറിലൂടെ ഗോൾ നേടി റയലിനെ മത്സരത്തിൽ ആദ്യമായി മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റയൽ ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ വീണു കിട്ടിയ പന്ത് ലക്ഷ്യത്തിൽ എത്തിച്ച അൽവാരോ ഗാർസിയ റയോയെ വീണ്ടും മത്സരത്തിൽ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ കാർവഹാലിന്റെ ഹാന്റ് ബോളിന് വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു.
ഓസ്കാർ ട്രഹോ എടുത്ത പെനാൽട്ടി എന്നാൽ കോർട്ടോവ രക്ഷിച്ചു. എന്നാൽ പെനാൽട്ടി എടുക്കും മുമ്പ് കാർവഹാൽ പെനാൽട്ടി ബോക്‌സിൽ കടന്നതിനാൽ റഫറി പെനാൽട്ടി ഒരിക്കൽ കൂടി എടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പെനാൽട്ടി എടുത്ത ഓസ്കാർ ട്രഹോ ഇത്തവണ പിഴവ് ഒന്നും വരുത്തിയില്ല. തന്റെ ഗോളോടെ റയോക്ക് റയൽ മാഡ്രിഡിനു മേൽ ചരിത്രജയം താരം സമ്മാനിച്ചു. ജയത്തോടെ നാലാം സ്ഥാനക്കാരെക്കാൾ 3 പോയിന്റുകൾ പിന്നിൽ എട്ടാം സ്ഥാനത്ത് എത്താൻ റയോക്ക് ആയി. അതേസമയം റയൽ ലീഗിലെ ഒന്നാം സ്ഥാനം കൈവിട്ടു. നിലവിൽ 13 കളികൾക്ക് ശേഷം റയലിനെക്കാൾ 2 പോയിന്റുകൾ മുന്നിൽ ബാഴ്‌സലോണ ആണ് ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത്.