ലാലിഗയിൽ റയൽ മാഡ്രിഡിന്റെ സീസണ് ഗംഭീര വിജയത്തോടെ തുടക്കം. ഇന്ന് എവേ മത്സരത്തിൽ സെൽറ്റ വിഗോയെ നേരിട്ട സിദാന്റെ ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചായിരുന്നു സിദാന്റെ ടീമിന്റെ ഈ വിജയം.
ബെയ്ലിനെയും വിനീഷ്യസിനെയും ആദ്യ ഇലവനിൽ ഇറക്കി തുടങ്ങിയ റയൽ മാഡ്രിഡ് ഇന്ന് ഗംഭീരമായാണ് തുടങ്ങിയത്. ബെയ്ലിന്റെ ഒരു ഗംഭീര ക്രോസിൽ നിന്നായിരുന്നു റയലിന്റെ ആദ്യ ഗോൾ വന്നത്. ബെയ്ലിന്റെ പന്ത് ഡൈവിംഗ് ഫിനിഷിലൂടെ ബെൻസീമ വലയിൽ എത്തിച്ചു. ആദ്യ പകുതിയുടെ അവസാനം സെൽറ്റ വിഗോ ഒരു ഗോൾ നേടിയെങ്കിലും വാർ റയലിന്റെ രക്ഷയ്ക്ക് എത്തി ഓഫ്സൈഡ് വിളിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 56ആം മിനുട്ടിൽ മോഡ്രിച് ചുവപ്പ് കണ്ട് പുറത്തായി. ആ ചുവപ്പ് കാർഡിൽ റയൽ മാഡ്രിഡ് ആരാധകർ തെല്ലൊന്ന് വിറച്ചെങ്കിലും ക്രൂസ് 61ആം മിനുട്ടിൽ നേടിയ ഗോൾ റയലിന്റെ എല്ലാ സമ്മർദ്ദങ്ങളും എടുത്തു കളഞ്ഞു. ക്രൂസിന്റെ റയൽ മാഡ്രിഡ് കരിയറിൽ പിറന്ന ഏറ്റവും മികച്ച ഗോളായിരുന്നു ഇന്ന് കണ്ടത്. ക്രൂസ് തൊടുത്ത ലോംഗ് റേഞ്ചർ പോസ്റ്റിനുരുമ്മി വലയിൽ എത്തുകയായിരുന്നു.
ലുകാസ് വാസ്കസാണ് റയലിന്റെ മൂന്നാം ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷം ലൊസാഡയിലൂടെ ഒരു ആശ്വാസ ഗോൾ നേടാം സെൽറ്റ വിഗോയ്ക്ക് ആയി. പ്രീസീസണിലെ നിരാശയാർന്ന പ്രകടനങ്ങൾ ഒക്കെ മറക്കാൻ പറ്റുന്ന പ്രകടനം തന്നെയാണ് സിദാന്റെ ടീം ഇന്ന് നടത്തിയത്.