രണ്ടാം മത്സരവും കൈവിട്ട് വില്ല, ബേൺമൗത്തിനോടും തോറ്റു

പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ സീസണിലെ ആദ്യ ഹോം മത്സരത്തിലും ആസ്റ്റാൺ വില്ലക്ക് തോൽവി. ബേൺമൗത്ത് ആണ് അവരെ 1-2 ന് മറികടന്നത്.  ഇതോടെ ആദ്യ 2 മത്സരങ്ങളിലും തോറ്റ ഡീൻ സ്മിത്തിന് കാര്യങ്ങൾ കടുപ്പമാകും.

മികച്ച തുടക്കമാണ് ബേൺമൗത്ത് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അവർ ലീഡ് സ്വന്തമാക്കി. പെനാൽറ്റിയിലൂടെ ജോസ് കിംഗ്‌ ആണ് അവരെ മുന്നിൽ എത്തിച്ചത്. വിൽസനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് കിംഗ്‌ ഗോളാക്കിയത്. ഏറെ വൈകാതെ 12 ആം മിനുട്ടിൽ ലിവർപൂളിൽ നിന്ന് ലോണിൽ എത്തിയ ഹാരി വിൽസൻ നേടിയ ഗോളിന് അവർ ലീഡ് രണ്ടാക്കി ഉയർത്തി. വിത്സന്റെ ഷോട്ട് മിങ്‌സിന്റെ ദേഹത്ത് തട്ടിയാണ് ഗോളിലേക്ക് പോയത്.

രണ്ടാം പകുതിയിൽ 71 ആം മിനുട്ടിൽ ജാക് ഗ്രിലീഷിന്റെ അസിസ്റ്റിൽ ഡഗ്ളസ് ലൂയിസ് വില്ലക്ക് വേണ്ടി ഒരു ഗോൾ മടക്കിയതോടെ മത്സരം ആവേശകരമായി. പക്ഷെ വിലപ്പെട്ട സമനില ഗോൾ നേടാൻ അവർക്കായില്ല.

Previous articleബ്രസീലിയൻ ബെർണാഡിന്റെ ഗോളിൽ എവർട്ടണ് ജയം
Next articleതകർപ്പൻ ഗോൾ, തകർപ്പൻ ജയം!!! റയലും സിദാനും തുടങ്ങി!!