വിവാദങ്ങൾക്ക് മറുപടി ആയി ലോകത്തിനു മുന്നിൽ അത്ഭുതങ്ങളും തങ്ങളുടെ മികവും കാണിച്ചു കൊണ്ടുള്ള ഒരു ഉത്ഘാടന ചടങ്ങ് തന്നെയാണ് നാളെ ലോകം ഖത്തറിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനു ശേഷം ഫുട്‌ബോൾ ഉരുണ്ടു തുടങ്ങുമ്പോൾ ലോകം വിവാദങ്ങൾ മറന്നു പന്തിന് പിറകെ ചലിക്കുന്ന ദിനങ്ങൾ ആണ് വരിക. അതിനാൽ തന്നെ വിവാദങ്ങൾക്ക് മറുപടി കളത്തിൽ നൽകുക എന്നത് തന്നെയാവും ഖത്തറിന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. തങ്ങൾക്ക് ആയി ലോകകപ്പ് ദിനം മുന്നോട്ട് മാറ്റിയ ഖത്തറിന് അതിനാൽ തന്നെ ഉത്ഘാടന മത്സരം അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്.
ലാറ്റിൻ അമേരിക്കയുടെ ഇക്വഡോർ ആണ് ഖത്തറിന് രാത്രി ഇന്ത്യൻ സമയം 9.30 നു നടക്കുന്ന മത്സരത്തിൽ എതിരാളികൾ ആയി എത്തുക. ചരിത്രത്തിൽ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരം ആണ് ഖത്തറിന് ഇത്. 2010 ലെ സൗത്ത് ആഫ്രിക്കക്ക് ശേഷം ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആവുന്ന ടീം ആവാതിരിക്കാൻ ആവും ഖത്തർ ഇക്വഡോറിന് പുറമെ ഹോളണ്ട്, സെനഗൽ ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ ശ്രമിക്കുക. 1982 നു ശേഷം ഇത് ആദ്യമായാണ് ഒരു ലോകകപ്പ് ഞായറാഴ്ച തുടങ്ങുന്നത്. 2002 ൽ ലോക ചാമ്പ്യൻമാർ ആയ ഫ്രാൻസിനെ അട്ടിമറിച്ച സെനഗൽ ആണ് തങ്ങളുടെ ആദ്യ മത്സരത്തിൽ ലോകകപ്പിൽ ജയിച്ച അവസാന ടീം എന്നു കൂടി അറിയുമ്പോൾ ഖത്തറിന് മേൽ സമ്മർദ്ദം ഏറെയാണ്. ഇക്വഡോറിനോട് മുമ്പ് 3 തവണ ഏറ്റുമുട്ടിയ ഖത്തർ ഒരു കളിയിൽ ജയിക്കുകയും ഒരു കളിയിൽ പരാജയം വഴങ്ങുകയും ഒരു കളിയിൽ സമനില പാലിക്കുകയും ചെയ്തിരുന്നു.
2018 ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ 4-3 നു നിലവിലെ ഏഷ്യൻ ചാമ്പ്യൻമാർ ആയ ഖത്തർ ആണ് എന്ന് ജയിച്ചത്. അൽ സാദ് ക്ലബിൽ നിന്നുള്ള താരങ്ങൾ കൊണ്ടു നിറഞ്ഞ ഖത്തർ ടീമിന്റെ പ്രധാന കരുത്ത് അൽമോയസ് അലിയും, അക്രം ആഫീഫും അടങ്ങിയ മുന്നേറ്റം ആണ്. ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന ഇവർ ഇക്വഡോറിന് തലവേദന തന്നെ സൃഷ്ടിക്കും. പ്രതിരോധത്തിലും മധ്യനിരയിലും പരിചയ സമ്പന്നരുടെ നിരയും ഖത്തറിന് ഉണ്ട്. കഴിഞ്ഞ ഏഷ്യ കപ്പിൽ 9 ഗോളുകൾ അടിച്ച് ടോപ്പ് സ്കോററും ടൂർണമെന്റിലെ താരവും ആയ അൽമോയസ് അലിയുടെ ബൂട്ടുകൾ ശബ്ദിച്ചാൽ ഖത്തറിന് അത് വലിയ ആവേശം ആവും സമ്മാനിക്കുക. അതേസമയം താരതമ്യേന യുവനിരയും ആയാണ് ഇക്വഡോർ ഇറങ്ങുന്നത്. ലാറ്റിൻ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ 27 ഗോളുകൾ നേടിയ അവർക്ക് ഗോൾ അടിക്കാൻ ബുദ്ധിമുട്ട് ഇല്ല.
ഇത് വരെ 10 ലോകകപ്പ് മത്സരങ്ങളുടെ അനുഭവപരിചയം ഉള്ള ഇക്വഡോർ ഇത് വരെ ഒരിക്കൽ മാത്രമെ സമനില വഴങ്ങിയിട്ടുള്ളൂ. നാലു തവണ ജയിച്ച അവർ 5 തവണ പരാജയം വഴങ്ങി. മുന്നേറ്റത്തിൽ വേഗത കൊണ്ടും ഡ്രിബിലിങ് മികവ് കൊണ്ടും എതിരാളികൾക്ക് ബുദ്ധിമുട്ട് ആവുന്ന ഗോൺസാലോ പ്ലാറ്റ, യോഗ്യതയിൽ ടോപ്പ് സ്‌കോറർ ആയ മൈക്കിൾ എസ്ട്രാഡ അനുഭവസമ്പന്നനായ ക്യാപ്റ്റൻ എന്നർ വലൻസിയ എന്നിവർ ഉള്ളപ്പോൾ ബ്രൈറ്റണിന്റെ മധ്യനിര താരം മോയിസ് കായിസെഡോ അവരുടെ പ്രധാന കരുത്ത് ആണ്. ലെവർകുസൻ താരം ഹിൻകാപി അടങ്ങുന്ന പ്രതിരോധത്തിൽ ബ്രൈറ്റണിന്റെ ലെഫ്റ്റ് ബാക്ക് ആയ പെർവിസ് എസ്റ്റുപിനാൻ ഇക്വഡോറിന്റെ തുറുപ്പ് ചീട്ട് ആണ്. നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്ന എസ്റ്റുപിനാന്റെ വേഗവും ക്രോസുകളും ഖത്തറിന് നിരന്തരം തലവേദന സൃഷ്ടിക്കും എന്നുറപ്പാണ്.
അൽ ബയിത്ത് സ്റ്റേഡിയത്തിൽ ഇത് വരെ കളിച്ച 3 കളികളും ജയിച്ചു ആണ് ഖത്തർ എത്തുന്നത്. ഇറ്റാലിയൻ റഫറി നിയന്ത്രിക്കുന്ന മത്സരത്തിൽ 2010 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്ക് ലഭിച്ച പോലൊരു തുടക്കം ആവും ലോകകപ്പ് നടത്തുന്ന ആദ്യ അറബ് രാജ്യം ആയ ഖത്തർ കൊതിക്കുന്നത്. കഴിഞ്ഞ നാലു ലോകകപ്പുകളിൽ ആദ്യ മത്സരങ്ങളിൽ 17 ഗോളുകൾ പിറന്നതിനാൽ ഈ മത്സരത്തിലും ഗോളുകൾ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കടുത്ത വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടി ഖത്തർ കളിക്കളത്തിൽ നൽകുമോ എന്നു കണ്ടു തന്നെ അറിയാം. നാളെ 9.30 നു നടക്കുന്ന മത്സരം സ്പോർട്സ് 18 1 ചാനലിൽ ടിവിയിലും ജിയോ സിനിമയിൽ ഓൺലൈനായും കാണാവുന്നത് ആണ്.