ഇന്ത്യ പാക്കിസ്ഥാന്‍ പോര് ഇനി സൂപ്പര്‍ ഫോറിലും ഫൈനലിലും സാധ്യം

Indiapakistan

ഏഷ്യ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയെങ്കിലും ഈ ആവേശപ്പോരിന് ഇനിയും ആരാധകര്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ അവസരം. ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റ് പ്രകാരം ഈ ടീമുകള്‍ തമ്മിൽ സൂപ്പര്‍ ഫോറിൽ ഒരു തവണയും ഇരുവരും ഫൈനലിലേക്ക് എത്തുകയാണെങ്കിൽ അതും ചേര്‍ത്ത് രണ്ട് തവണ കൂടി ഈ ടൂര്‍ണ്ണമെന്റിൽ ഏറ്റുമുട്ടും.

ഗ്രൂപ്പ് എയിലെ മൂന്നാമത്തെ ടീം ഹോങ്കോംഗ് ആണെന്നതിനാൽ തന്നെ സൂപ്പര്‍ ഫോര്‍ സ്റ്റേജിലേക്ക് അട്ടിമറിയില്ലെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും മുന്നേറും. അവിടെ നിന്ന് ഗ്രൂപ്പ് ബിയിൽ നിന്ന് വരുന്ന രണ്ട് ടീമുകളും സൂപ്പര്‍ ഫോറിൽ ഇവരുമായി ഏറ്റുമുട്ടും.

സെപ്റ്റംബര്‍ 4ന് ഈ രണ്ട് ടീമുകളും തമ്മിലുള്ള സൂപ്പര്‍ 4 മത്സരം ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ 4ലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയാൽ സെപ്റ്റംബര്‍ 11ന് നടക്കുന്ന ഫൈനലിലും ഈ ടീമുകള്‍ തമ്മിൽ ഏറ്റുമുട്ടും.