അവസാന ദിനം ചൈനയെ പിന്തള്ളി അമേരിക്ക ഒളിമ്പിക് ജേതാക്കളായി, ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ടോക്കിയോ ഒളിമ്പിക്‌സിലെ ഏറ്റവും അവസാന ദിനം നേടിയ മൂന്നു സ്വർണം അമേരിക്കക്ക് വീണ്ടുമൊരിക്കൽ കൂടി ഒളിമ്പിക് കിരീടം നൽകി. വനിത ബാസ്കറ്റ് ബോളിലും വോളിബോളിലും സ്വർണം നേടിയ അവർക്ക് സൈക്കിളിംഗ് ട്രാക്കിലും ഇന്ന് സ്വർണം നേടാൻ സാധിച്ചു. ഇതോടെ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും ആയി 113 മെഡലുകളും ആയി തുടർച്ചയായ മൂന്നാം തവണയും ഒളിമ്പിക് കിരീടം നിലനിർത്തി. തിരിച്ചടി നേരിട്ടെങ്കിലും നീന്തലിലും അത്ലറ്റിക്സിലും എല്ലാം അമേരിക്ക തന്നെയാണ് ഒന്നാമത് എത്തിയത്. ആദ്യ ദിനം മുതൽ മുന്നിട്ട് നിന്ന ചൈനയെ അവസാന ദിനം മാത്രമാണ് അമേരിക്കക്ക് മറികടക്കാൻ ആയത്. രണ്ടാമത് ആയെങ്കിലും 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവും അടക്കം 88 മെഡലുകൾ നേടിയ ചൈനയും മികച്ച പ്രകടനം ആണ് നടത്തിയത്. 2016 റിയോ ഒളിമ്പിക്‌സിൽ മൂന്നാമത് ആയ അവർക്ക് ഈ നേട്ടം വലിയ തിരിച്ചു വരവ് തന്നെയാണ്.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ജപ്പാൻ 27 സ്വർണം അടക്കം 58 മെഡലുകളും ആയി മൂന്നാമത് ആയപ്പോൾ 22 സ്വര്‍ണ്ണം അടക്കം 65 മെഡലുകൾ നേടിയ ബ്രിട്ടനും മികച്ച പ്രകടനം തന്നെയാണ് പുറത്ത് എടുത്തത്. വിലക്കിനു ശേഷം രാജ്യം ആയി അല്ലെങ്കിലും തിരിച്ചു വന്ന റഷ്യൻ ഒളിമ്പിക് കമ്മിറ്റിയാണ് 20 സ്വർണമടക്കം 71 മെഡലുകളും ആയി അഞ്ചാമത് എത്തിയത്. തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം അല്ല എങ്കിലും റഷ്യക്ക് ഈ നേട്ടം മികച്ചത് തന്നെയാണ്. നീന്തലിൽ അവിസ്മരണീയ പോരാട്ടം പുറത്ത് എടുത്ത ഓസ്‌ട്രേലിയ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുത്ത് 17 സ്വർണമടക്കം 46 മെഡലുകൾ നേടി ആറാമത് എത്തി. നേതാർലാന്റ്സ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി ടീമുകൾക്കും 10 സ്വർണം സ്വന്തമാക്കാൻ സാധിച്ചു. അതേസമയം ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം അത്ലറ്റിക്സിലെ സ്വർണം അടക്കം അവിസ്മരണീയമാക്കിയ ഇന്ത്യ ഒരു സ്വർണവും 2 വെള്ളിയും നാലു വെങ്കലവും നേടി 48 സ്ഥാനത്ത് എത്തി. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ആണ് ഇത്.