ഒളിമ്പിക് സ്വർണത്തിനു ആയുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു സന്തോഷകണ്ണീരണിഞ്ഞു ടോം ഡെയ്‌ലി

20210726 213122

ഡൈവിങ് കരിയറിൽ തന്റെ ഇതിഹാസ സമാനമായ നേട്ടങ്ങൾക്ക് ഒടുവിൽ ഒളിമ്പിക് സ്വർണം കൂട്ടിച്ചേർത്തു ബ്രിട്ടീഷ് ഡൈവർ ടോം ഡെയ്‌ലി. തന്റെ പ്രിയ ഇനം ആയ 10 മീറ്റർ പ്ലാറ്റ്ഫോമിൽ തന്നെക്കാൾ 4 വയസ്സ് ഇളയ ആദ്യ ഒളിമ്പിക്സിൽ ഇറങ്ങിയ മാറ്റി ലീയും ആയി ചേർന്നാണ് 27 കാരനായ ടോം ഡെയ്‌ലി തന്റെ നാലാം ഒളിമ്പിക്സിൽ ആദ്യമായി സ്വർണം സ്വന്തമാക്കിയത്. നാലു ഡൈവിലും മികവ് പുലർത്തിയ ബ്രിട്ടീഷ് ഡൈവർമാർ ഈ ഇനത്തിൽ 2000 ഒളിമ്പിക്‌സിനു ശേഷമുള്ള ചൈനീസ് ആധിപത്യം ആണ് അവസാനിപ്പിച്ചത്. ബ്രിട്ടീഷ് സഖ്യം 471.81 പോയിന്റുകൾ നേടിയപ്പോൾ വെള്ളി നേടിയ ചൈനീസ് സഖ്യം 470.58 പോയിന്റുകൾ ആണ് നേടിയത്.

വലിയ സ്‌ക്രീനിൽ തങ്ങൾ സ്വർണം നേടിയത് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കരയുന്ന ടോം ഡെയ്ലിയെയും ബ്രിട്ടീഷ് ടീമിനെയും കാണാൻ സാധിച്ചു. മുമ്പ് രണ്ടു ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ടോം ലോക ചാമ്പ്യൻഷിപ്പിൽ 3 തവണയും യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 5 തവണയും കോമൺവെൽത്ത് ഗെയിംസിൽ 4 തവണയും സ്വർണം നേടിയ താരം ആണ്. കൂടാതെ നിരവധി മറ്റ് മെഡലുകളും ഈ ഇനത്തിൽ താരം നേടി. പരസ്യമായി താൻ സ്വവർഗ അനുരാഗിയാണ് എന്നു പണ്ടേ വ്യക്തമാക്കിയ ടോം ഡെയ്ലിയുടെ നേട്ടം പലപ്പോഴും വിവേചനം അനുഭവിക്കുന്ന സ്വവർഗ്ഗ അനുരാഗ സമൂഹത്തിനും വലിയ പ്രചോദനം ആവും എന്നുറപ്പാണ്.

Previous articleബാഴ്‌സലോണയും നെയ്മറും തമ്മിലുള്ള നിയമ പോരാട്ടം അവസാനിച്ചു
Next articleക്വാര്‍ട്ടറിലെത്താനാകാത്തതിൽ നിരാശ, താന്‍ ഈ ഒളിമ്പിക്സിൽ മികച്ച രീതിയിൽ കളിച്ചുവെന്ന് കരുതുന്നു – മണിക ബത്ര