ഇന്ന് എമിറേറ്റ്സിൽ തീ പാറും, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആഴ്‌സണലും ടോട്ടൻഹാമും നോർത്ത് ലണ്ടൻ ഡാർബിക്ക് ഇറങ്ങും

Jesus

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീ പാറും പോരാട്ടം. നോർത്ത് ലണ്ടൻ ഡാർബിയിൽ ആഴ്‌സണലും ടോട്ടൻഹാം ഹോട്സ്പറും നേരിട്ട് ഏറ്റുമുട്ടുമ്പോൾ അഭിമാനത്തേക്കാൾ ലീഗിലെ ഒന്നാം സ്ഥാനം ആവും ഇരു ടീമുകളുടെയും ലക്ഷ്യം. നിലവിൽ ആഴ്‌സണൽ 18 പോയിന്റുകൾ നേടി ഒന്നാമത് നിൽക്കുമ്പോൾ ലീഗിൽ ഇത് വരെ പരാജയം അറിയാത്ത ടോട്ടൻഹാം ഒരു പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്ത് ആണ്. സ്വന്തം മൈതാനത്ത് ആണ് മത്സരം എന്നതും പരിക്ക് മാറി മാർട്ടിൻ ഒഡഗാർഡ്, തോമസ് പാർട്ടി, അലക്സാണ്ടർ സിഞ്ചെങ്കോ എന്നിവരുടെ മടങ്ങി വരവും ആഴ്‌സണലിന് മുൻതൂക്കം നൽകുന്ന കാര്യം ആണ്. കഴിഞ്ഞ രണ്ടു തവണയും സ്വന്തം മൈതാനത്ത് ആഴ്‌സണൽ ടോട്ടൻഹാമിനെ വീഴ്ത്തിയിരുന്നു.

ഗബ്രിയേൽ, സാലിബ, വൈറ്റ് എന്നിവർ റാംസ്ഡേലിന് മുന്നിൽ നിൽക്കുന്ന പ്രതിരോധവും പാർട്ടിയും ഉഗ്രൻ ഫോമിലുള്ള ഗ്രാനിറ്റ് ശാക്കയും നിയന്ത്രിക്കുന്ന മധ്യനിരയും എങ്ങനെ കളിക്കും എന്നത് ആഴ്‌സണലിന് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കെയിൻ, സോൺ, റിച്ചാർലിസൺ എന്നിവർ അടങ്ങുന്ന മുന്നേറ്റത്തെ പ്രതിരോധിക്കുമ്പോൾ. മുന്നേറ്റത്തിൽ മികച്ച ഫോമിലുള്ള ഗബ്രിയേൽ ജീസുസിന് പിന്നിൽ മികവ് തുടരുന്ന ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക എന്നിവർക്ക് ഒപ്പം ഒഡഗാർഡും ടീമിൽ സ്ഥാനം പിടിക്കും. 2010 നു ശേഷം ടോട്ടൻഹാമും ആയി എമിറേറ്റ്‌സിൽ തൊറ്റിട്ടില്ലാത്ത ആഴ്‌സണൽ പക്ഷെ കഴിഞ്ഞ 10 കളികളിലും അവർക്ക് എതിരെ ഗോൾ വഴങ്ങിയിരുന്നു. എമിറേറ്റ്‌സിൽ തുടർച്ചയായി 6 മത്സരങ്ങളുടെ ജയവും ആയി എത്തുന്ന ആർട്ടെറ്റയുടെ ടീം മറ്റൊരു ജയം കുറിച്ചു ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ആവും ശ്രമിക്കുക.

നോർത്ത് ലണ്ടൻ ഡാർബി

മറുപുറത്ത് അന്റോണിയോ കോന്റെയാണ് ടോട്ടൻഹാമിന്റെ പ്രധാന കരുത്ത്. കോന്റെ നൽകുന്ന ഊർജ്ജം അവർക്ക് വലിയ മുൻതൂക്കം നൽകുന്നു. ലണ്ടൻ ഡാർബികളിൽ ഗോൾ അടിച്ചു കൂട്ടുന്ന നോർത്ത് ലണ്ടൻ ഡാർബിയിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനായ ഹാരി കെയിൻ ടോട്ടൻഹാമിനു വലിയ കരുത്ത് ആണ്. ഒപ്പം ഫോമിൽ എത്തിയ സോൺ, റിച്ചാർലിസൺ എന്നിവരും അവർക്ക് ഊർജ്ജം പകരും. പരിക്കേറ്റ കുലുവെയെസ്കി കളിക്കുമോ എന്നത് ടോട്ടൻഹാമിനു ചെറിയ തിരിച്ചടിയാണ്. മധ്യനിരയിൽ ഹോളബിയറിന്റെയും ബെന്റക്കറിന്റെയും പ്രകടനം ടോട്ടൻഹാമിനു നിർണായകമാണ്. പ്രതിരോധത്തിൽ ലോറിസിന് മുന്നിൽ റൊമേറോ, ഡെയർ എന്നിവർക്ക് ആഴ്‌സണൽ മുന്നേറ്റത്തെ തടയാൻ നന്നായി വിയർക്കേണ്ടി വരും. വിങ് ബാക്ക് ആയി പെരിസിച് മുന്നേറ്റത്തിൽ നൽകുന്ന സംഭാവന ടോട്ടൻഹാമിനു വളരെ നിർണായകമാണ്. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 5 മണിക്ക് ആണ് തീ പാറുന്ന ഈ പോരാട്ടം.