തല്ലാവാസ് ചാമ്പ്യന്മാര്‍, ബാര്‍ബഡോസിനെ വീഴ്ത്തിയത് 8 വിക്കറ്റിന്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ കരുതുറ്റ വിജയവുമായി കിരീടം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി യോഗ്യത നേടി എലിമിനേറ്ററിൽ സെയിന്റ് ലൂസിയ കിംഗ്സിനെയും രണ്ടാം ക്വാളിഫയറിൽ ഗയാന ആമസോൺ വാരിയേഴ്സിനെയും പരാജയപ്പെടുത്തിയെത്തിയ തല്ലാവാസ് ഇന്ന് ടൂര്‍ണ്ണമെന്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ബാര്‍ബഡോസ് റോയൽസിനെ തകര്‍ത്താണ് കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത റോയൽസ് 161/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 51 റൺസ് നേടിയ അസം ഖാനാണ് ടോപ് സ്കോറര്‍. കൈൽ മയേഴ്സ് 29 റൺസും റഖീം കോര്‍ണവാൽ 36 റൺസും ടോപ് ഓര്‍ഡറിൽ നേടിയെങ്കിലും പിന്നീട് വിക്കറ്റുകളുമായി ജമൈക്ക തിരിച്ചടിച്ചു. ഫാബിയന്‍ അല്ലനും നിക്കോള്‍സൺ ഗോര്‍ഡണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ 117/2 എന്ന നിലയിൽ നിന്ന് 161/7 എന്ന നിലയിലേക്ക് റോയൽസിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

ആദ്യ ഓവറിൽ കെന്നര്‍ ലൂയിസിനെ നഷ്ടമായെങ്കിലും ബ്രണ്ടന്‍ കിംഗും ഷമാര്‍ ബ്രൂക്ക്സും ചേര്‍ന്ന് നേടിയത 86 റൺസ് കൂട്ടുകെട്ടാണ് ജമൈക്കയുടെ വിജയത്തിന് അടിത്തറ പാകിയത്. ബ്രൂക്ക്സ് 47 റൺസ് നേടി പുറത്തായപ്പോള്‍ 50 പന്തിൽ 83 റൺസുമായി ബ്രണ്ടന്‍ കിംഗ് ജമൈക്കയെ കിരീടത്തിലേക്ക് നയിച്ചു.