ബാഴ്‌സലോണയുടെ യുവപ്രതിഭ നിക്കോ ഗോൺസാലസ് വലൻസിയയിൽ എത്തി. ഒരു വർഷത്തെ ലോൺ കാലവധിയിലാണ് താരം ബാഴ്‌സ വിടുന്നത്. വലൻസിയ പരിശീലകൻ ഗട്ടുസോ നിക്കോയെ ടീമിൽ ഏറെ താല്പര്യപ്പെട്ടിരുന്നു. ലോണിൽ പോകുന്നതിന് മുൻപായി ബാഴ്‌സലോണയുമായുള്ള കരാർ താരം നീട്ടിയിട്ടുണ്ട്. നാല് വർഷത്തേക്കാണ് പുതിയ കരാർ. ഒരു ബില്യൺ യൂറോയുടെ റിലീസ് ക്ലോസും കരാറിൽ ഉലപ്പെടുത്തിയിട്ടുണ്ട്. സീസണിന്റെ അവസാനം വലൻസിയക്ക് താരത്തെ സ്വന്തമാക്കാനാവില്ല.
സീസണിൽ മതിയായ
അവസരങ്ങൾ ലഭിക്കുമെങ്കിൽ മാത്രമേ ടീമിൽ തുടരാൻ ഇഷ്ടപ്പെടുന്നുള്ളൂ എന്ന് താരം ടീമിനെയും സാവിയേയും അറിയിച്ചിരുന്നു. ഇല്ലെങ്കിൽ ലോണിൽ പോകാൻ നിക്കോ നേരത്തെ തയ്യാറെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ ബസ്ക്വറ്റ്‌സ് അല്ലാതെ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് യോജിച്ച താരങ്ങൾ ഇല്ലാത്തത് നിക്കോയുടെ ബാഴ്‌സയിലെ സാധ്യതകൾ വർധിപ്പിച്ചിരുന്നു. അവസരം നൽകിയപ്പോഴെല്ലാം സാവിയെ തൃപ്തിപ്പെടുത്തുന്ന മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി.
എന്നാൽ പ്രീ സീസണിനിടെ പ്യാനിച്ച് മികച്ച പ്രകടനത്തോടെ സാവിയുടെ ശ്രദ്ധയിൽ വന്നു. ഇതോടെ അവസരം കുറയുമെന്ന് തിരിച്ചറിഞ്ഞ നിക്കോ വീണ്ടും ടീം വിടാനുള്ള വഴികൾ തേടുകയായിരുന്നു. ഈ സമയം കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് വലൻസിയ എത്തി. ഇതോടെ നിക്കോ ലോണിൽ ടീം വിടുന്നത് സാവിയെ അറിയിക്കുകയായിരുന്നു. താരത്തിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കും എന്നതിനാൽ നിക്കോയെ വിട്ട് കൊടുക്കുന്നതിന് ബാഴ്‌സലോണയും അനുകൂലമാണ്. ഗട്ടുസോ നേരിട്ട് താരത്തോട് സംസാരിച്ചതായും സൂചനകൾ ഉണ്ട്. ബെഞ്ചിൽ ഇരിക്കുന്നതിനെക്കാൾ മത്സര പരിചയം നേടാൻ നല്ലത് ലോണിൽ പോകുന്നതാണെന്ന് നിക്കോ തിരിച്ചറിയുന്നുണ്ട്.
Story Highlight: Nico González extends the contract with Barcelona until 2026 and then goes on loan to Valencia for the 2022/23 season.