ഫ്രഞ്ച് ക്ലബായ പി എസ് ജിയിലെ മൂന്ന് താരങ്ങൾക്ക് കൊറോണ എന്ന വാർത്ത നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ച മൂന്ന് താരങ്ങളിൽ ഒന്ന് നെയ്മർ ആണെന്ന് ഇപ്പോൾ വാർത്തകൾ വരുന്നു. സ്കൈ സ്പോർട്സ് അടക്കമുള്ള വിദേശ മാധ്യമങ്ങൾ ആണ് നെയ്മർ ഈ മൂന്ന് താരങ്ങളിൽ ഒന്നാണെന്ന് സ്ഥിരീകരിച്ചത്. ഡി മറിയക്കും കൊറോണ പോസിറ്റീവ് ആണെന്ന് വാർത്തകൾ ഉണ്ട്. എന്നാൽ കൊറോണ സ്ഥിരീകരിച്ച മൂന്ന് താരങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണ്.
പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ താരങ്ങളുടെ പേരുവിവരങ്ങൾ വ്യക്തമാക്കാൻ ക്ലബ് തയ്യാറായിരുന്നില്ല. ഇനിയും താരങ്ങളുടെയും സ്റ്റാഫുകളുടെയും കൊറോണ പരിശോധന പി എസ് ജിക്ക് നടത്താനുണ്ട്.
ഒരു ടീമിൽ നാലിൽ അധികം കൊറോണ റിപ്പോർട്ട് ചെയ്താൽ ക്ലബ് പരിശീലനം നിർത്തിവെക്കണമെന്നാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷന്റെ നിർദ്ദേശം. സെപ്റ്റംബർ 10ന് ലീഗ വണിലെ ആദ്യ മത്സരം കളിക്കേണ്ട ടീമാണ് പി എസ് ജി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചത് കൊണ്ട് ഫ്രാൻസിൽ പി എസ് ജിക്ക് രണ്ടാഴ്ച കൂടുതൽ വിശ്രമം അനുവദിച്ചു കൊടുത്തിരുന്നു. ഫ്രാൻസിൽ ഇതിനകം മാഴ്സെ, റെന്നെസ്, ലിയോൺ, നാന്റെസ് എന്നീ ക്ലബുകളിൽ ഒക്കെ കൊറോണ റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്.