അവസാന പന്തില്‍ വിജയവുമായി ന്യൂസിലാണ്ട്, രണ്ടാം മത്സരത്തിലും പരാജയം, ഇന്ത്യയ്ക്ക് ടി20 പരമ്പരം നഷ്ടം

വനിത ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടിനോട് പരാജയം. രണ്ടാം മത്സരത്തിലും ഇന്ത്യ പിന്നോക്കം പോയതോടെയാണ് പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ഇന്ന് ന്യൂസിലാണ്ട് 4 വിക്കറ്റ് ജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 135/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് അവസാന പന്തില്‍ വിജയം കുറിയ്ക്കകുയായിരുന്നു. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ന്യൂസിലാണ്ടിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ കേറ്റി മാര്‍ട്ടിനെ അടുത്ത പന്തില്‍ മാന്‍സി ജോഷി പുറത്താക്കിയെങ്കിലും അധികം പതറാതെ ന്യൂസിലാണ്ട് ലക്ഷ്യം അവസാന പന്തില്‍ മറികടന്നു.

വിജയികള്‍ക്കായി സൂസി ബെയ്റ്റ്സ് 62 റണ്‍സ് നേടിയപ്പോള്‍ ആമി സാറ്റെര്‍ത്‍വൈറ്റ് 23 റണ്‍സ് നേടി. ഇന്ത്യയ്ക്കായി രാധ യാധവും അരുന്ധതി റെഡ്ഢിയും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ജെമീമ റോഡ്രിഗസും സ്മൃതി മന്ഥാനയും മാത്രമാണ് തിളങ്ങിയത്. ആദ്യ മത്സരത്തിലേത് പോലെ കൂട്ടുകെട്ട് പുറത്തായ ശേഷം ഇന്ത്യന്‍ ബാറ്റിംഗിനു താളം തെറ്റുകയായിരുന്നു. സ്മൃതി 36 റണ്‍സ് നേടിയപ്പോള്‍ ജെമീമ 72 റണ്‍സ് നേടി പുറത്തായി. 53 പന്തില്‍ നിന്നാണ് ജെമീമയുടെ ഇന്നിംഗ്സ്. ന്യൂസിലാണ്ടിനായി റോസ്മേരി മൈര്‍ രണ്ട് വിക്കറ്റ് നേടി.