മിത്താലിയുടെ മികവിൽ ആവേശകരമായ വിജയം നേടി ഇന്ത്യ

Mithaliraj

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ആവേശകരമായ വിജയം നേടി ഇന്ത്യ. മിത്താലി രാജ് പുറത്താകാതെ നിന്ന് ഇന്ത്യയെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.

86 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയ മിത്താലിയ്ക്കൊപ്പം സ്മൃതി മന്ഥാനയാണ്(49) റൺസ് കണ്ടെത്തിയ മറ്റൊരു താരം. ഷഫാലി വര്‍മ്മ(19), ദീപ്തി ശര്‍മ്മ(18), ഹര്‍മ്മന്‍പ്രീത് കൗര്‍(16) എന്നിവര്‍ക്ക് അധിക സമയം ക്രീസിൽ ചെലവഴിക്കാനായില്ല.

ആറാം വിക്കറ്റിൽ മിത്താലി രാജും സ്നേഹ് റാണയും ചേര്‍ന്ന് 40 പന്തിൽ 50 റൺസ് നേടിയെങ്കിലും 24 റൺസ് നേടിയ സ്നേഹ് പുറത്താകുമ്പോല്‍ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ ആറ് പന്തിൽ ആറ് റൺസായിരുന്നു നേടേണ്ടിയിരുന്നത്. കാത്തറിന്‍ ബ്രണ്ട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ മിത്താലിയ്ക്ക് സിംഗിള്‍ മാത്രമേ നേടാനായുള്ളു.

അടുത്ത പന്ത് നേരിട്ട ജൂലന്‍ ഗോസ്വാമിയും രണ്ടാമത്തെ പന്തിൽ സിംഗിള്‍ നേടിയപ്പോള്‍ ലക്ഷ്യം 4 പന്തിൽ 4 ആയി മാറി. മൂന്നാമത്തെ പന്തിൽ ബൗണ്ടറി നേടി മിത്താലി രാജ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 3 പന്ത് അവശേഷിക്കെയാണ് ഇന്ത്യയുടെ 4 വിക്കറ്റ് വിജയം.