ബ്രസീലിയൻ നാലാം ഡിവിഷനിൽ നിന്നു ആഴ്‌സണലിന്റെ കുന്തമുനയായ ഗബ്രിയേൽ മാർട്ടിനെല്ലി,ഇപ്പോൾ ലോകകപ്പ് ടീമിലും!

Img 20221108 Wa0015

ബ്രസീൽ ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ അതിൽ ആരാധകർ ഏറ്റവും ആവേശപൂർവ്വം സമീപിക്കുന്ന ഒരു പേര് ഗബ്രിയേൽ മാർട്ടിനെല്ലി എന്നത് തന്നെയാവും. അതിശക്തമായ ബ്രസീലിയൻ മുന്നേറ്റ നിരയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും എന്നു ഉറപ്പില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലി ലോക ഫുട്‌ബോളിൽ ഉണ്ടാക്കിയ ആവേശം ചെറുത് അല്ല. 2019 ൽ ബ്രസീലിയൻ നാലാം ഡിവിഷൻ ക്ലബ് ആയ ഇത്വാനയിൽ നിന്നു 6 മില്യൺ യൂറോ മുടക്കിയാണ് ആഴ്‌സണൽ മാർട്ടിനെല്ലി എന്ന 18 കാരനെ സ്വന്തമാക്കുന്നത്. പതുക്കെ തന്റെ അവിശ്വസനീയം എന്നു വിളിക്കാവുന്ന കളത്തിലെ വിയർപ്പ് ഒഴുക്കൽ ഒന്നു കൊണ്ടു മാത്രം കയറി വരുന്ന മാർട്ടിനെല്ലിയെ ആണ് പിന്നീട് കാണാൻ ആയത്.

2019 ൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനു എതിരെ തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിക്കുന്ന മാർട്ടിനെല്ലി തന്റെ ക്ലബിന് ആയുള്ള ആദ്യ തുടക്കത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ ലീഗ് കപ്പിൽ ഇരട്ടഗോളുകൾ നേടിയാണ് ആഘോഷിക്കുന്നത്. യൂറോപ്പ ലീഗിലെ തന്റെ അരങ്ങേറ്റത്തിലും ഇരട്ടഗോളുകൾ നേടി തിളങ്ങുന്ന മാർട്ടിനെല്ലിയെ ആണ് പിന്നീട് കണ്ടത്. ലീഗ് കപ്പിൽ പിന്നീട് ലിവർപൂളിന് എതിരായ മത്സരത്തിലും ഇരട്ടഗോളുകൾ നേടിയ താരത്തെ അന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് വിശേഷിപ്പിച്ചത് ഈ നൂറ്റാണ്ടിന്റെ പ്രതിഭ എന്നായിരുന്നു. ആ സീസണിൽ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനു എതിരെ തന്റെ ആദ്യ ലീഗ് ഗോൾ നേടിയ താരം ചെൽസിക്ക് എതിരെ ഉഗ്രൻ സമനില ഗോളും കണ്ടത്തി. കഴിഞ്ഞ സീസണിൽ ആണ് മാർട്ടിനെല്ലി ആഴ്‌സണലിൽ ആർട്ടെറ്റയുടെ പ്രധാന താരമായി വളരുന്നത്.

ഗബ്രിയേൽ മാർട്ടിനെല്ലി

മോശം ഫോമിൽ ആയ പെപെക്ക് പകരം മാർട്ടിനെല്ലിക്ക് നിരന്തരം ആർട്ടെറ്റ അവസരം നൽകി. കഴിഞ്ഞ സീസണിൽ 29 കളികളിൽ നിന്നു പല നിർണായക ഗോളുകൾ അടക്കം 6 ഗോളുകളും നിരവധി അസിസ്റ്റുകളും ലീഗിൽ മാത്രം മാർട്ടിനെല്ലി നൽകി. ഓരോ മത്സരം കഴിയുന്ന പോലെ ക്ലോപ്പിനെ പോലെ എതിർ പരിശീലകർ പലരും മാർട്ടിനെല്ലിയുടെ ആരാധകർ ആവുന്നതും കാണാൻ ആയി. ഗബ്രിയേൽ മാർട്ടിനെല്ലി, ആ പേര് ഓർമ്മിക്കുക എന്നു പിന്നീട് ഒരിക്കൽ കൂടി ക്ലോപ്പ് പറയുന്നതും കേൾക്കാൻ ആയി. തുടർന്ന് ഈ സീസണിന്റെ തുടക്കത്തിൽ താരത്തിന് 11 നമ്പർ ജെഴ്‌സി നൽകി ആഴ്‌സണൽ. ഈ സീസണിൽ ഇത് വരെ 13 ലീഗ് മത്സരങ്ങളിൽ നിന്നു 5 ഗോളുകൾ നേടിയ മാർട്ടിനെല്ലി 2 അസിസ്റ്റുകളും നൽകി. മുന്നേറ്റത്തിന് ഒപ്പം പ്രതിരോധത്തെ സഹായിച്ച് എതിർ പ്രതിരോധ താരങ്ങൾക്ക് നിരന്തരം പ്രശ്നങ്ങൾ കളിയിൽ ഉടനീളം മാർട്ടിനെല്ലി സൃഷ്ടിക്കും.

ഗബ്രിയേൽ മാർട്ടിനെല്ലി

തന്റെ അസാധ്യ വേഗതക്ക് ഒപ്പം എല്ലാ കളിയിലും തന്റെ കഴിവിന്റെ പരമാവധി നൽകുന്ന മാർട്ടിനെല്ലി ആർട്ടെറ്റയുടെയും ആഴ്‌സണൽ ആരാധകരുടെയും പ്രിയപ്പെട്ട താരം കൂടിയാണ്. ഗോൾ നേടാത്ത മത്സരങ്ങളിലും മാർട്ടിനെല്ലി മത്സരങ്ങളിൽ ചെലുത്തുന്ന സ്വാധീനം ആഴ്‌സണൽ മത്സരങ്ങളിൽ എടുത്ത് കാണാം. മുൻ ആഴ്‌സണൽ താരം ചിലിയുടെ അലക്സിസ് സാഞ്ചസ് തന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയി കാണുന്ന മാർട്ടിനെല്ലി പലപ്പോഴും സാഞ്ചസിനെ ഓർമ്മിപ്പിക്കുന്ന പ്രകടനം ആണ് കാഴ്ച വക്കുന്നത്. 90 മിനിറ്റുകളും ടീമിന് ആയി എല്ലാം നൽകുന്ന, മുന്നേറ്റത്തെയും പ്രതിരോധത്തെയും ഒരേ പോലെ സഹായിക്കുന്ന മാർട്ടിനെല്ലി എത്രത്തോളം ടീമിന് ആവശ്യമാണ് എന്നു ആഴ്‌സണലിന് വലിയ ബോധ്യം ഉണ്ട്. അതിനാൽ തന്നെ ഈ സീസണിൽ തന്നെ മാർട്ടിനെല്ലിയുടെ കരാർ ദീർഘകാലത്തേക്ക് നീട്ടാൻ ആണ് ക്ലബ് ശ്രമം. ആഴ്‌സണലിൽ തുടരാൻ ആണ് മാർട്ടിനെല്ലിക്കും താൽപ്പര്യം.

ഗബ്രിയേൽ മാർട്ടിനെല്ലി

ആഴ്‌സണലിന്റെ ഈ സീസണിലെ കുതിപ്പിന് മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസുസ്, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർക്ക് ഒപ്പം നിർണായക പങ്ക് ആണ് മാർട്ടിനെല്ലി വഹിക്കുന്നത്. ഈ സീസണിൽ ലിവർപൂൾ, ടോട്ടൻഹാം, ചെൽസി വലിയ മത്സരങ്ങളിൽ എല്ലാം മാർട്ടിനെല്ലി തിളങ്ങി. ബ്രസീലിനു ആയി 2020 ലെ ഒളിമ്പിക്സ് സ്വർണം നേടിയ മാർട്ടിനെല്ലി സീനിയർ ടീമിന് ആയി ഇത് വരെ 3 മത്സരങ്ങളിൽ പകരക്കാരനായി ആണ് ഇറങ്ങിയത്. ഈ വർഷം ലോകകപ്പ് യോഗ്യതയിൽ ചിലിക്ക് എതിരെ ആയിരുന്നു താരത്തിന്റെ ബ്രസീൽ അരങ്ങേറ്റം. ഇറ്റലിക്കാരൻ ആണ് പിതാവ് എന്നതിനാൽ ഇറ്റലിക്ക് കളിക്കാം ആയിരുന്നു എങ്കിലും ബ്രസീലിനു ആയി ലോകകപ്പ് കളിക്കുക എന്ന തന്റെ സ്വപ്നം 21 മത്തെ വയസ്സിൽ യാഥാർത്ഥ്യം ആക്കിയ മാർട്ടിനെല്ലിയുടെ ബൂട്ടുകൾ ഖത്തറിൽ തീമഴ ആയി എതിരാളികൾക്ക് മേൽ പെയ്തിറങ്ങുമോ എന്നു കണ്ടു തന്നെ അറിയാം.