സാഞ്ചോയുടെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം
മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിന്റെ കീഴിൽ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് മുന്നേറുകയാണ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ട് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. ഏക ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
ഇന്ന് രണ്ട് വിജയങ്ങൾ തുടർച്ചയായി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല എങ്കിലും കളി നിയന്ത്രിക്കാൻ യുണൈറ്റഡിന് ആയി. അവർ ആദ്യ പകുതയിൽ 23ആം മിനുട്ടിൽ ലീഡ് എടുത്തു.
ഒരു കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ വന്നത്. ബ്രൂണോയുടെ ഡിഫൻസ് ബ്രേക്കിൽ പാസ് സ്വീകരിച്ച റാഷ്ഫോർഡ് മറുവശത്ത് ഒറ്റയ്ക്ക് നിക്കുകയായിരുന്ന സാഞ്ചോക്ക് പന്ത് കൈമാറി. സാഞ്ചോ അനായാസം ഗോളിയെ ഡിബ്രിൾ ചെയ്ത് വീഴ്ത്തി കൊണ്ട് ഒഴിഞ്ഞ പോസ്റ്റിൽ പന്തെത്തിച്ചു.
ഇതിന് ശേഷവും നന്നായി കളിച്ച യുണൈറ്റഡിന് പക്ഷെ ലീഡ് ഉയർത്താൻ ആയില്ല. രണ്ടാം പകുതിയിൽ ലെസ്റ്ററിൽ നിന്ന് കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാഡിസൺ തൊടുത്ത ഫ്രീകിക്ക് തടയാൻ ഡി ഹിയയുടെ ഒരു നല്ല സേവ് തന്നെ വേണ്ടി വന്നു.
തുടർന്ന് കളി നിയന്ത്രിക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് കസമെറോയെ കളത്തിൽ ഇറക്കി. പിറകെ സാഞ്ചോക്ക് പകരം റൊണാൾഡോയും കളത്തിൽ ഇറങ്ങി. അധികം ഗോൾ നേടാൻ ആയില്ല എങ്കിലും വലിയ സമ്മർദ്ദത്തിൽ ആകാതെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ലെസ്റ്റർ സിറ്റി ഒരു മത്സരം പോലും ജയിക്കാൻ ആകാതെ ലീഗിൽ അവസാന സ്ഥാനത്തും നിൽക്കുന്നു.