ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച തിരിച്ചുവരവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ബയേൺ മ്യൂണികിനോട് ആദ്യ അര മണിക്കൂറിനുള്ളിൽ രണ്ടു ഗോളിന് പിറകിലായിട്ടും മികച്ച തിരിച്ചു വരവ് നടത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജർമൻ ചാമ്പ്യന്മാരെ തോൽപ്പിച്ചത്. ഇരട്ട ഗോളോടെ ബെർണാർഡോ സിൽവ കളം നിറഞ്ഞു കളിച്ചപ്പോൾ സിറ്റി ജയിച്ചു കയറുകയായിരുന്നു. യുവ നിരയുടെ മികച്ച പ്രകടനവും പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗ്വാർഡിയോളക്ക് ആശ്വാസം നൽകും.

മത്സരത്തിൽ മികച്ച തുടക്കമാണ് ബയേൺ മ്യൂണിക്കിന് ലഭിച്ചത്. മത്സരം തുടങ്ങി 25 മിനുട്ട് തികയുന്നതിനു മുൻപ് തന്നെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്കു സിറ്റി വലയിലെത്തിക്കാൻ ബയേൺ മ്യൂണിക്കിനായി. മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും ഗോൾ നേടാനാവാതെ പോയതാണ് സിറ്റിക്ക് വിനയായത്. 15ആം മിനുട്ടിൽ മെറിറ്റൻ ഷബാനിയും 24ആം മിനുറ്റിൽ റോബനുമാണ് ബയേണിന്റെ ഗോളുകൾക്കു നേടിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ബെർണാർഡോ സിൽവയിലൂടെ ഒരു ഗോൾ മടക്കി സിറ്റി മത്സരത്തിലേക്ക് തിരിച്ച് വന്നു. തുടർന്ന് രണ്ടാം പകുതിയിൽ അധികം താമസിയാതെ ലൂക്കാസ് എൻമെച്ചയിലൂടെ സിറ്റി സമനിലയും പിടിച്ചു.

മത്സരത്തിന്റെ 70ആം മിനുട്ടിൽ തന്റെ മത്സരത്തിലെ രണ്ടാമത്തെ ഗോൾ നേടി ബെർണാർഡോ സിൽവ സിറ്റിയുടെ തിരിച്ചുവരവ് പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് റോബൻ ബയേൺ മ്യൂണിക്കിന് സമനില നേടികൊടുക്കുമെന്ന് തോന്നിച്ചെങ്കിലും ഗോൾ പോസ്റ്റിൽ ക്ലോഡിയോ ബ്രാവോയുടെ മികച്ച പ്രകടനം സിറ്റിയുടെ രക്ഷക്കെത്തി. പ്രീ സീസൺ മത്സരങ്ങളിൽ ഡോർട്ടുമുണ്ടിനെതിരെയും ലിവർപൂളിനെതിരെയും നേരത്തെ പരാജയപ്പെട്ട സിറ്റിയുടെ ആദ്യ പ്രീ സീസൺ വിജയമായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജര്‍മ്മനിയ്ക്ക് മൂന്നാം ജയം, ദക്ഷിണാഫ്രിക്ക അര്‍ജന്റീന പോരാട്ടം സമനിലയില്‍
Next articleടി20 സ്ക്വാഡില്‍ തിരികെ എത്തി മുസ്തഫിസുര്‍ റഹ്മാന്‍