ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മലബാറിയന്‍സ് നാളെ ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഗോകുലം കേരള നാളെ കളത്തിലിറങ്ങുന്നു. നാളത്തെ മത്സരത്തില്‍ സമനില മാത്രം നേടിയാല്‍ ഗോകുലത്തിന് ഐ ലീഗ് കിരീടവും ഒരുപാട് റെക്കോര്‍ഡുകളും സ്വന്തമക്കാനാകും. ശ്രീനിധി ഡക്കാന്‍ എഫ് സിയെയാണ്  ഗോകുലം കേരള നേരിടുന്നത്. കിരീട നേട്ടത്തിനായി ലീഗില്‍ ഇനിയുള്ള രണ്ട് മത്സരത്തില്‍ ഒരു പോയിന്റ് മാത്രമേ ഗോകുലത്തിന് ആവശ്യമുള്ളു. ലീഗില്‍ ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-1 സ്‌കോറിന് ഗോകുലം കേരളക്കൊപ്പമായിരുന്നു വിജയം. നാളത്തെ മത്സരത്തില്‍ സമനിലയെങ്കിലും നേടി കിരീടം രണ്ടാം തവണയും കേരളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മലബാറിയന്‍സ് ഇറങ്ങുന്നത്.

പരുക്ക് മാറിയ ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ഇന്ന് ആദ്യ ഇലവനില്‍ എത്തും. ക്യാപ്റ്റന്‍ തിരിച്ചെത്തുന്നതോടെ മധ്യനിരയില്‍ ഗോകുലത്തിന് കാര്യങ്ങള്‍ അനായാസമാകുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം പരുക്കിന്റെ പിടിയിലായിരുന്ന ലൂക്ക മെയ്‌സനും തിരിച്ചെത്തിയിട്ടുണ്ട്. മെയ്‌സന്‍ ആദ്യ ഇലവനിലെത്തില്ലെങ്കിലും ബെഞ്ചിലുണ്ടാകുമെന്നാണ് വിവരം. ഈ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഒരുപിടി റെക്കോര്‍ഡുകളും ഗോകുലത്തിന് സ്വന്തമാക്കാം. ഐ ലീഗില്‍ ഏറ്റവും കൂടുതല്‍ അപരാജിത മത്സരം പൂര്‍ത്തിയാക്കാന്‍ ഗോകുലത്തിനാകും. 21 മത്സരത്തില്‍ ഗോകുലം ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. നാളത്തെ മത്സരത്തില്‍ കൂടി തോല്‍ക്കാതിരുന്നാല്‍ ഇത് 22 ആക്കി ഉയര്‍ത്താന്‍ മലബാറിയന്‍സിന് കഴിയും. 2021ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേയായിരുന്നു ഗോകുലം ഐ ലീഗില്‍ അവസാനമായി പരാജയപ്പെട്ടത്.
20220509 170625
സമനിലയെങ്കിലും നേടി കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞാലും ഗോകുലത്തിന് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിയും. ആദ്യമായാണ് ഒരു ടീം തോല്‍വി അറിയാതെ ഐ ലീഗ് കിരീടം നിലനിര്‍ത്തുന്നത്. അടുത്ത രണ്ട് മത്സരത്തിലും തോല്‍ക്കാതിരിക്കുന്നാല്‍ ഒരു സീസണില്‍ തോല്‍വി അറിയാത്ത ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന്റെ പേരിനൊപ്പം ചേര്‍ക്കാനാകും. രാത്രി എട്ടിന് നേതാജി സ്റ്റേഡിയത്തിലാണ് മത്സരം.

“എതിരാളികള്‍ ശക്തരാണ്. എന്നാലും ഗോകുലം ഇന്ന് ഇറങ്ങുന്നത്  ജയിക്കാന്‍ വേണ്ടി മാത്രമായിരിക്കും. ശരീഫ് മുഹമ്മദ് തിരിച്ചെത്തിയത് ടീമിന് കരുത്താകും. കളത്തിലിറങ്ങുന്ന എല്ലാ താരങ്ങളും ടീമിന് വേണ്ടി മികച്ച സംഭാവനയാണ് നല്‍കുന്നത്” പരിശീലകന്‍ അനീസെ വ്യക്തമാക്കി.