വെസ്റ്റ് ബ്രോം വല നിറച്ച് ലീഡ്സ്, ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് സൗത്താംപ്ടണ്‍ – വെസ്റ്റ് ഹാം പോരാട്ടം

Leedswestbrom
- Advertisement -

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഡ്സിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനെതിരെ 5-0 ന്റെ ഏകപക്ഷീയമായ വിജയം ആണ് ലീഡ്സ് യുണൈറ്റഡ് നേടിയത്. ഒമ്പതാം മിനുട്ടില്‍ വെസ്റ്റ് ബ്രോം താരം റൊമൈന്‍ സോയേഴ്സിന്റെ ഓണ്‍ ഗോളില്‍ ആരംഭിച്ച ലീഡ്സ് യുണൈറ്റഡ് ഗോള്‍ വേട്ട ആദ്യ പകുതി അവസാനിച്ചപ്പോള്‍ 4-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

അലിയോസ്കി ഒരു മികവാര്‍ന്ന ഗോളിലൂടെ ലീഡ്സിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച ആക്രമണം അഴിച്ചുവിട്ട ടീം വെസ്റ്റ് ബ്രോം ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജാക്ക് ഹാരിസ്സണ്‍, റോഡ്രിഗോ എന്നിവരാണ് ആദ്യ പകുതിയില്‍ ഗോള്‍ നേടിയ മറ്റു താരങ്ങള്‍. രണ്ടാം പകുതിയിലും നിരവധി ഗോളവസരങ്ങള്‍ ലീഡ്സ് സൃഷ്ടിച്ചുവെങ്കിലും റഫീനയ്ക്ക് മാത്രമേ ഗോള്‍ പട്ടികയില്‍ ഇടം ലഭിച്ചുള്ളു. എന്നാല്‍ റഫീനിയയുടെ ഗോള്‍ അലിയോസ്കിയുടെ ഗോളിനോടൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന മനോഹരമായ ഒരു ഗോള്‍ ആയിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സൗത്താംപ്ടണും വെസ്റ്റ് ഹാമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പോയിന്റ് പട്ടികയില്‍ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിലാണ് ഇരു ടീമുകളും നിലകൊള്ളുന്നത്. സൗത്താംപ്ടണ്‍ 16 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റും വെസ്റ്റ് ഹാം 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമാണ് നേടിയിട്ടുള്ളത്.

വെസ്റ്റ് ഹാമിനും ലീഡ്സ് യുണൈറ്റഡിനും 23 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ വെസ്റ്റ് ഹാം ആണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

Advertisement