തുടർച്ചയായി 203 മത്സരങ്ങൾ, ലാലിഗയിൽ ചരിത്രം കുറിച്ച് ഇനാകി വില്യംസ്

Newsroom

അത്‌ലറ്റിക് ബിൽബാവോ താരം ഇനാകി വില്യംസ് ലാലിഗയിൽ ഇന്നലെ പുതിയ ഒരു റെക്കോർഡ് കുറിച്ചു. 2016 -ന് ശേഷം ഒരു മത്സരത്തിൽ പോലും പുറത്ത് ഇരിക്കാതെ തുടർച്ചയായി 203 -ാമത്തെ ലീഗ് മത്സരമാണ് ഇനാകി വില്യംസ് ഇന്നലെ കളിച്ചത്. ലാലിഗയിൽ ഇത് ഒരു റെക്കോർഡാണ്. 1986 നും 1992 നും ഇടയിൽ റിയൽ സോസിഡാഡിനൊപ്പം ഇയോൺ അൻഡോണി തുടർച്ചയായി 202 മത്സരങ്ങൾ കളിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

2016ൽ ബിൽബാവോയിൽ കളിക്കാൻ തുടങ്ങിയ താരം 2016-2017, 2017-2018, 2018-2019, 2019-2020, 2020-2021 എന്നീ അഞ്ച് സീസണുകളിൽ മുഴുവൻ മത്സരങ്ങളും കളിച്ചു. ഈ സീസണിൽ ഇതുവരെ എട്ട് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 28കാരൻ ഇതുവരെ 168 ഗെയിമുകളിൽ ആദ്യ ഇലവനിൽ എത്തുകയും 34 തവണ സബ്ബായി പ്രത്യക്ഷപ്പെടുകയും ചെയ്തു. തന്റെ ബിൽബാവോ കരിയറിൽ ഇതുവരെ 39 ഗോളുകളും താരം നേടിയിട്ടുണ്ട്