ആദ്യ റൗണ്ടിൽ പുറത്തായി ലക്ഷ്യ സെന്‍, പ്രണോയി മുന്നോട്ട്

ജപ്പാന്‍ ഓപ്പൺ 2022ന്റെ ആദ്യ റൗണ്ടിൽ ലക്ഷ്യ സെന്നിന് കാലിടറി. കെന്റ നിഷിമോട്ടോയ് 21-18, 14-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്. രണ്ടാം ഗെയിമിൽ 11-9 ന് മുന്നിൽ നിൽക്കുകയായിരുന്ന സെന്‍ പിന്നീട് ആ ഗെയിമിൽ നേടിയത് വെറും 3 പോയിന്റ് ആണ്. നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലും താരത്തിന് കാര്യമായ പ്രഭാവം സൃഷ്ടിക്കാനായില്ല.

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ടിനും ആദ്യ റൗണ്ടിൽ തോൽവിയായിരുന്നു ഫലം. 21-19, 21-23, 15-21 എന്ന സ്കോറിനായിരുന്നു തോൽവി. രണ്ടാം ഗെയിമിൽ പൊരുതി നിന്ന ശേഷം ആണ് താരങ്ങള്‍ പിന്നിൽ പോയത്.

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ എച്ച് എസ് പ്രണോയ് അടുത്ത റൗണ്ടിലേക്ക് കടന്നു. ഹോങ്കോംഗ് താരത്തിനോട് 11-10ന് മുന്നിൽ നിൽക്കുമ്പോള്‍ പ്രണോയിയുടെ എതിരാളി മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.